കൊച്ചി: വൻകിട ഭൂമി കൈയേറ്റങ്ങൾക്കെതിരായ നടപടിയിലൂടെ ജില്ലയിൽ സർക്കാർ ഒമ്പതര വർഷംകൊണ്ട് തിരിച്ചുപിടിച്ചത് 4.13 ഹെക്ടർ ഭൂമി. റവന്യൂ വകുപ്പിന്റെ കണക്കുകൾ പ്രകാരമാണിത്. കേരള ഭൂസംരക്ഷണ നിയമം 1957, 1958ലെ അനുബന്ധചട്ടം, 2009ലെ ഭൂസംരക്ഷണ ഭേദഗതി നിയമം എന്നിവകളിലെ വ്യവസ്ഥകൾ പ്രകാരമാണ് നടപടി സ്വീകരിക്കുന്നത്.
വിവിധയിടങ്ങളിൽ സ്വകാര്യ വ്യക്തികളടക്കം കൈയേറിയ ഭൂമിയാണ് അധികൃതർ തിരിച്ചുപിടിച്ചത്. കാക്കനാട് കോടികൾ വിലമതിക്കുന്ന അരയേക്കറോളം സർക്കാർ ഭൂമി സ്വകാര്യ വ്യക്തി കൈയേറിയത് റവന്യൂ അധികൃതർ പിടിച്ചെടുത്തത് സമീപകാലത്താണ്.
ക്രിമിനൽ കേസടക്കം നടപടിയുണ്ടാകും
2008 നവംബർ എട്ടിനുശേഷമുള്ള കൈയേറ്റമാണെങ്കിൽ 2009ലെ ഭൂസംരക്ഷണ (ഭേദഗതി) നിയമപ്രകാരം കൈയേറ്റ കക്ഷികൾക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടിയും സ്വീകരിച്ചുവരുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു. കലക്ടർക്കുള്ള അധികാരങ്ങളുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ജലസേചനം, പൊതുമരാമത്ത്, വനംവകുപ്പ് തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് കൈയേറ്റം കേരള ഭൂസംരക്ഷണ നിയമ നടപടിയിലൂടെ ഒഴിപ്പിക്കുന്നതിന് അധികാരം ലഭ്യമായിട്ടുള്ളതാണ്.
വകുപ്പുകളുടെ കൈവശമുള്ള ഭൂമികളിലാണ് കൈയേറ്റം കണ്ടെത്തുന്നതെങ്കിൽ അത് ശ്രദ്ധയിൽപെടുന്ന മുറക്ക് അളന്ന് തിട്ടപ്പെടുത്തി മഹസർ, സ്കെച്ച് എന്നിവ സഹിതം ബന്ധപ്പെട്ട ഉദ്യോഗസ്ഥന് കേരള ഭൂസംരക്ഷണ നിയമപ്രകാരമുള്ള തുടർനടപടി സ്വീകരിക്കുന്നതിന് റവന്യൂ വകുപ്പ് കൈമാറും. കൈയേറ്റം ഒഴിപ്പിക്കുന്നതിന് അധികാരമില്ലാത്ത വകുപ്പുകളുടെ ഭൂമികളിലെ കൈയേറ്റം റവന്യൂ വകുപ്പ് മുഖാന്തരവും ഒഴിപ്പിക്കും.
പാട്ടവ്യവസ്ഥ ലംഘനം: 60 കേസുകൾ
പാട്ടവ്യവസ്ഥ ലംഘിച്ച് സർക്കാർ ഭൂമി കൈവശംവെച്ചിരിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിൽ 60 കേസുകളുണ്ട്. 280 കോടിയാണ് ഇവരിൽനിന്ന് ലഭിക്കാനുള്ള പാട്ടക്കുടിശ്ശിക. ഇത് ഈടാക്കുന്നതിന് ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും നിയമാനുസൃത നോട്ടീസ് നൽകുന്നുണ്ട്.
തുക അടക്കാതെ വന്നാൽ 1968ലെ റവന്യൂ റിക്കവറി നിയമപ്രകാരമുള്ള നടപടിയിലൂടെ പാട്ടക്കുടിശ്ശിക ഈടാക്കുന്നതിനായി നടപടി സ്വീകരിക്കുകയും ചെയ്യുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. പാട്ടം റദ്ദുചെയ്ത് 1958ലെ കേരള ഭൂമി സംരക്ഷണ ചട്ടങ്ങൾ പ്രകാരം ഭൂമി സർക്കാർ അധീനതയിലേക്ക് തിരികെ ഏറ്റെടുക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയും ചെയ്യുകയാണെന്ന് അവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.