എറണാകുളം ജങ്ഷനിലെ വെള്ളക്കെട്ട്
കൊച്ചി: ‘എന്ത് മഴയാണപ്പ...’ വെള്ളിയാഴ്ച എറണാകുളം ജില്ലയിലുള്ളവർ പരസ്പരം പറഞ്ഞ വാക്കാണിത്. കനത്ത മഴയായിരുന്നു കൊച്ചി നഗരത്തിലും ജില്ലയുടെ പല ഭാഗങ്ങളിലും. വ്യാഴാഴ്ച രാത്രി മുതൽ തുടങ്ങിയ ഇടവിട്ടുള്ള മഴയിൽ കൊച്ചിയിലുൾപ്പെടെ വെള്ളക്കെട്ടുണ്ടായി.
വെള്ളിയാഴ്ച രാവിലെ മുതൽ മണിക്കൂറുകളോളം ശക്തമായ മഴയുണ്ടായിരുന്നു. ഇതോടെയാണ് കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടുണ്ടായത്. എം.ജി റോഡ്, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, എറണാകുളം നോർത്ത്, സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരം, ഗാന്ധിനഗർ തുടങ്ങിയ ഇടങ്ങളിൽ വെള്ളം കയറി. മൂവാറ്റുപുഴ ഉൾപ്പെടെ മലയോര മേഖലകളിലും ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി, വൈപ്പിൻ തുടങ്ങിയ തീരമേഖലകളിലും മഴ കനത്തുതന്നെയായിരുന്നു.
വിവിധയിടങ്ങളിൽ കാറ്റിലും മഴയിലും മരം വീണും മറ്റും നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. പള്ളിക്കര പെരിങ്ങാലയിൽ ശക്തമായ മഴയിൽ മതിലിടിഞ്ഞു. പെരിങ്ങാല-വെട്ടിക്കാപ്പിള്ളി-കിഴക്കേക്കര റോഡിലാണ് വൈകീട്ട് മൂന്നോടെയുണ്ടായ മഴയത്ത് മതിലിടിഞ്ഞത്. മൂവാറ്റുപുഴ പായിപ്രയിൽ കനത്ത മഴയിൽ റോഡ് ഒലിച്ചുപോയി. പായിപ്ര പഞ്ചായത്ത് 14ാം വാർഡിലെ പള്ളിപ്പടി-കൂരിക്കാവ് റോഡിന്റെ ഭാഗമാണ് ഒലിച്ചുപോയത്. ജൽ ജീവൻ പദ്ധതിയുടെ ഭാഗമായി പൈപ്പിടാൻ എടുത്ത കുഴി പൈപ്പ് ഇട്ടശേഷം അശാസ്ത്രീയമായി മൂടിയതാണ് പ്രശ്നമായത്.
കൊച്ചി നഗരത്തിലും വിവിധയിടങ്ങളിൽ കാറ്റത്ത് മരം വീണു. കാരിക്കാമുറിയിൽ മൂന്ന് മരമാണ് നിലംപതിച്ചത്. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനും സൗത്ത് റെയിൽവേ സ്റ്റേഷനും അടുത്ത് ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. ക്ലബ് റോഡ് ഫയർ സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥരെത്തി മരം മുറിച്ചുമാറ്റി.
കൊച്ചിൻ ഷിപ്യാർഡിലെ ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനടുത്തുള്ള മരം വീണ് നിരവധി വാഹനങ്ങൾക്ക് കേടുപാട് പറ്റി. വൈകീട്ട് മൂന്നരയോടെയാണ് സംഭവം. ഗാന്ധിനഗർ ഫയർഫോഴ്സ് സംഘമാണ് രക്ഷാപ്രവർത്തനത്തിനെത്തിയത്. വെള്ളക്കെട്ട് രൂക്ഷമായതിനെ തുടർന്ന് ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ മുല്ലശ്ശേരി കനാലിൽനിന്ന് വെള്ളം പമ്പ് ചെയ്ത് ഒഴിവാക്കി. വൈകീട്ടോടെ മഴക്ക് ചെറിയ ആശ്വാസമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.