എറണാകുളം എം.ജി റോഡിൽ പള്ളിമുക്കിൽ വെള്ളക്കെട്ടിലൂടെ നീങ്ങുന്ന വാഹനങ്ങൾ
കൊച്ചി: തോരാമഴയും കാറ്റും തുടരുമ്പോൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടും ദുരിതങ്ങളും നിരവധി. പലയിടങ്ങളിലും മരങ്ങൾ കടപുഴകി. റോഡുകളിൽ വെള്ളം കയറി, ഗതാഗത തടസ്സം നേരിട്ടു. കടലേറ്റവും വേലിയേറ്റവും ശക്തമാണ്. അതിശക്തമായ മഴയുടെ സാഹചര്യത്തിൽ വ്യാഴാഴ്ച ജില്ലയിൽ റെഡ് അലർട്ടായിരുന്നു. ഇതിന്റെ ഭാഗമായി വൈകീട്ട് 3.30ന് മുന്നറിയിപ്പിന്റെ ഭാഗമായി ജില്ലയിലെ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങി. വെള്ളിയാഴ്ച ഓറഞ്ച് അലർട്ടാണ്.
എറണാകുളം ബോട്ട് ജെട്ടിയിൽ വ്യാഴാഴ്ച വൈകീട്ട് 3.45ന് മണിക്കൂറിൽ 56 കിലോമീറ്റർ വേഗത്തിലും വൈകീട്ട് ഏഴിന് മട്ടാഞ്ചേരിയിൽ 37 കിലോമീറ്റർ വേഗത്തിലും 7.15ന് കൂത്താട്ടുകുളത്ത് 33 കിലോമീറ്റർ വേഗത്തിലും കാറ്റ് വീശിയതായി കാലാവസ്ഥ നിരീക്ഷകർ വ്യക്തമാക്കി.
ഈമാസം 24 മുതൽ 29 വരെയുള്ള കണക്ക് പ്രകാരം ജില്ലയിൽ ലഭിച്ചത് 286.9 മില്ലീമീറ്റർ മഴയാണ്. ഇക്കാലയളവിൽ ലഭിക്കേണ്ടിയിരുന്നത് 74.3 മില്ലീമീറ്റർ മാത്രമായിരുന്നു. നിലവിൽ നാല് മടങ്ങോളം മഴ ലഭിച്ചുകഴിഞ്ഞു. ശക്തമായ കാറ്റാണ് വ്യാഴാഴ്ചയുണ്ടായത്. അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് മണിക്കൂറിൽ 55 കിലോമീറ്റർ വരെയാണ് ശക്തിപ്രാപിച്ചതെന്ന് കാലാവസ്ഥ നിരീക്ഷകർ വ്യക്തമാക്കി.
തുടർച്ചയായി പെയ്ത കനത്ത മഴയെത്തുടർന്ന് അങ്കമാലി ദേശീയപാതയിലും എം.സി റോഡിലും ഭീമൻ കുഴികൾ രൂപപ്പെട്ടു. മൂവാറ്റുപുഴ കോർമലയിൽ മണ്ണിടിച്ചിൽ ഭീതിയെ തുടർന്ന് താമസക്കാരായ അഞ്ച് കുടുംബങ്ങളോട് മാറിത്താമസിക്കാനാവശ്യപ്പെട്ട് റവന്യൂ വകുപ്പ് നോട്ടീസ് നൽകി. ശക്തമായ കാറ്റിൽ കടവന്ത്ര-മാവേലി റോഡിലെ കൂറ്റൻമരം വാഹനങ്ങൾക്ക് മുകളിലേക്ക് കടപുഴകി. വഴിയോരത്ത് പാർക്ക് ചെയ്തിരുന്ന ഒരു കാറും ഓട്ടോറിക്ഷയും പൂർണമായി തകർന്നു.
തീരദേശങ്ങളിൽ കടൽക്ഷോഭം ശക്തമായി തുടരുകയാണ്. ഉയർന്ന തിരമാലയുടെ സാഹചര്യത്തിൽ മുനമ്പം മുതൽ മറുവക്കാട് വരെ തീരത്ത് പ്രത്യേക ജാഗ്രതയും പുലർത്തുന്നുണ്ട്. എടവനക്കാട്, നായരമ്പലം, ചെറായി തുടങ്ങി വൈപ്പിൻ തീരങ്ങളിലും ചെല്ലാനത്തിന്റെ വടക്കൻ മേഖലകളിലും കണ്ണമാലി, പുത്തൻതോട് തുടങ്ങിയ പ്രദേശങ്ങളിലും ശക്തമായ കടൽക്ഷോഭമുണ്ടായി. പ്രദേശത്തുനിന്നും കൂടുതൽ കുടുംബങ്ങൾ വീട് ഒഴിഞ്ഞു. മുരിക്കുംപാടത്തു മരം വീണ് തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്കേറ്റു. നായരമ്പലത്ത് കടൽക്ഷോഭം മൂലം തകർന്ന ബാലമുരുക സ്വാമി ക്ഷേത്രത്തിന്റെ സംരക്ഷണഭിത്തി നാട്ടുകാർ മണൽ ചാക്ക് നിറച്ച് താൽക്കാലിക സംരക്ഷണമൊരുക്കിയിട്ടും പ്രതിരോധിക്കാനായില്ല.
ആറുദിവസമായി തുടരുന്ന ശക്തമായ മഴയിൽ ജില്ലയിൽ ഇതുവരെ 182 വീടുകൾക്ക് നാശനഷ്ടം. മൂന്ന് വീടുകൾ പൂർണമായും 179 എണ്ണം ഭാഗികമായും തകർന്നു. ആലുവ താലൂക്കിൽ 47, കണയന്നൂരിൽ 10, കൊച്ചിയിൽ 28, കോതമംഗലത്ത് 14, കുന്നത്തുനാട്ടിൽ 30, മൂവാറ്റുപുഴയിൽ 13, പറവൂരിൽ 37 എന്നിങ്ങനെയാണ് ഭാഗികമായി തകർന്ന വീടുകൾ. കണയന്നൂർ, കൊച്ചി, കോതമംഗലം താലൂക്കുകളിൽ ഓരോ വീടുകൾ പൂർണമായും തകർന്നു.
എല്ലാവർഷത്തെയും പോലെ മഴ ശക്തമായപ്പോൾ എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ഇത്തവണയും മുങ്ങി. കാന നിർമാണവും മറ്റ് ചില പ്രവൃത്തികൾ ആരംഭിച്ചെങ്കിലും മഴക്കാലത്തിന് മുമ്പ് പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. ബസ് സ്റ്റാൻഡിന് ഉൾഭാഗത്തേക്ക് കൂടി വെള്ളം കയറിയതോടെ യാത്രക്കാർക്കും ജീവനക്കാർക്കും വലിയ പ്രയാസമായി. പുതിയ ബസ് സ്റ്റാൻഡ്, നിലവിലുള്ളതിന്റെ നവീകരണം എന്നീ പദ്ധതികളൊക്കെ എന്നുമെത്താതെ ഇഴയുകയാണ്.
മാലിന്യവാഹിയായ വെള്ളമാണ് ബസ് സ്റ്റാൻഡിലും പരിസരത്തും ഇരച്ചുകയറിയത് എന്നതിനാൽ പകർച്ചവ്യാധി ഭീഷണിയിലാണ് പൊതുജനം. തറനിരപ്പിൽനിന്ന് താഴെയാണ് യാത്രക്കാരുടെ വിശ്രമ ഇടവും കച്ചവടസ്ഥാപനങ്ങളുമൊക്കെയുള്ള ഭാഗം. ഇവിടേക്ക് വളരെ വേഗത്തിൽ വെള്ളം കയറും. ഇഴജന്തുക്കളുടെ ഭീഷണിയുമുണ്ട്. ബസ് കാത്തുനിൽക്കാൻ പോലുമാകാത്ത സ്ഥിതിയാണ്. വെള്ളം കയറിയതോടെ വ്യാപാരികളും ദുരിതത്തിലായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.