കാക്കനാട്: എൻ.ജി.ഒ ക്വാർട്ടേഴ്സ് ജങ്ഷനുസമീപം മാലിന്യം നിറഞ്ഞുകിടക്കുന്ന മെട്രോ സിറ്റി പ്രദേശം കൊച്ചി മെട്രോ അധികൃതർ സന്ദർശിച്ചു. ‘മാലിന്യം നിറഞ്ഞ് മെട്രോ സിറ്റി പ്രദേശം’ എന്ന തലക്കെട്ടിൽ സെപ്റ്റംബർ 18ന് ‘മാധ്യമം’ നൽകിയ വാർത്ത ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
തുടർന്നാണ് കൊച്ചി മെട്രോ ജനറൽ മാനേജർ ഉൾപ്പെടെയുള്ളവർ ബുധനാഴ്ച വൈകീട്ട് മാലിന്യം കുമിഞ്ഞുകൂടിയ മെട്രോ പ്രദേശം സന്ദർശിക്കുകയും പരാതിക്കാരനായ എം.ഐ. മുഹമ്മദ്, മുൻ വൈസ് ചെയർമാനും വാർഡ് കൗൺസിലറുമായ എ.എ. ഇബ്രാഹീംകുട്ടിയുമായും ചർച്ച നടത്തുകയും ചെയ്തത്. നഗരസഭയുടെ സഹകരണത്തോടെ മാലിന്യം നീക്കം ചെയ്യാനും തുടർന്ന് മെട്രോ സിറ്റി പ്രദേശങ്ങളിൽ അനധികൃതമായി മാലിന്യനിക്ഷേപങ്ങൾ നിരീക്ഷിക്കുന്നതിന് സി.സി.ടി.വി കാമറകൾ സ്ഥാപിക്കുമെന്നും മെട്രോ അധികൃതർ അറിയിച്ചതായി എ.എ. ഇബ്രാഹീംകുട്ടി ‘മാധ്യമ’ത്തോട് പറഞ്ഞു.
സ്ഥലം സന്ദർശിക്കുന്നതിനിടെ മെട്രോ അധികൃതരോട് നാട്ടുകാർ അവരുടെ ദുരനുഭവങ്ങൾ പറയുകയും ചെയ്തു. നാലുവർഷം മുമ്പ് മെട്രോ ഏറ്റെടുത്ത ഈ പ്രദേശങ്ങളിലെ പഴയ ക്വാർട്ടേഴ്സുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് മാഫിയയുടെയും അനാശാസ്യ പ്രവർത്തനങ്ങളുടെയും ഇടമായതും നാട്ടുകാർ വിവരിച്ചു.
ഇതിനെല്ലാം ശാശ്വതപരിഹാരം ഉണ്ടാകുമെന്നും പ്രദേശത്തെ റോഡുമായി ബന്ധപ്പെട്ട വിഷയങ്ങൾ വരും ദിവസങ്ങളിൽ ചർച്ച ചെയ്ത് പരിഹരിക്കാമെന്നും മെട്രോ അധികൃതൽ നാട്ടുകാർക്ക് ഉറപ്പുനൽകിയാണ് പിരിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.