ആലുവ: മേൽവിലാസക്കാരൻ വീടുകളിൽ ഇല്ലെങ്കിൽ ഇനി മുതൽ തപാൽ ഉരുപ്പടികൾ വാങ്ങാൻ എത്തേണ്ടത് കിലോമീറ്ററുകൾ താണ്ടി. തപാൽ സ്വതന്ത്ര വിതരണകേന്ദ്രം (ഇൻഡിപെൻഡന്റ് ഡെലിവറി സെന്റർ) നിലവിൽ വരുന്നതോടെയാണ് പൊതുജനങ്ങൾ വെട്ടിലാകാൻ പോകുന്നത്. ഈ കേന്ദ്രത്തിൽനിന്നാകും എല്ലാ കത്തിടപാടുകളുടെയും വിതരണം.
സംസ്ഥാനത്ത് ഓരോ ജില്ലയിലും മൂന്നോ നാലോ കേന്ദ്രങ്ങളാവും ഉണ്ടാകുക. ജില്ലയിൽ മൂന്ന് കേന്ദ്രമാണ് ആദ്യഘട്ടം ആരംഭിക്കുന്നത്. ആലുവ ഹെഡ് പോസ്റ്റ് ഓഫിസ്, എച്ച്.എം.ടി കോളനി, ഞാറക്കൽ എന്നിവിടങ്ങളിലാണിവ. ആദ്യഘട്ടത്തിൽ തോട്ടുമുഖം, സൗത്ത് വാഴക്കുളം, മാറമ്പിള്ളി, തായിക്കാട്ടുകര എന്നിവയാണ് ആലുവയിലെ ഐ.ഡി.സിയുടെ കീഴിലാക്കുന്നത്.
ഇനി മുതൽ പോസ്റ്റ്മാൻ ആലുവ ഹെഡ് പോസ്റ്റ് ഓഫിസിലുള്ള ഐ.ഡി.സിയിലെത്തി തപാൽ ഉരുപ്പടികൾ എടുത്ത് അതത് പോസ്റ്റ് ഓഫിസ് പരിധികളിൽ വിതരണം ചെയ്യണം. തപാൽ ഉരുപ്പടിയുമായി പോസ്റ്റ്മാൻ എത്തുമ്പോൾ മേൽവിലാസക്കാരൻ സ്ഥലത്തില്ലെങ്കിൽ അവ ഇനി സ്വന്തം പോസ്റ്റ് ഓഫിസുകളിൽനിന്ന് ലഭിക്കില്ല. 10-20 കിലോമീറ്ററോളം ദൂരെയുള്ള സെന്ററുകളിൽ പോയി കൈപ്പറ്റണം. ഇത്തരം സെന്ററുകളിലാകട്ടെ സ്ഥലവും കുറവാണ്.
മലയിടംതുരുത്തിന്റെയും കിഴക്കമ്പലത്തിന്റെയും ഭാഗമായ വിലങ് പോസ്റ്റ് ഓഫിസിന്റെയെല്ലാം അതിർത്തിവരെ വ്യാപിച്ച് കിടക്കുന്ന സൗത്ത് വാഴക്കുളം പോസ്റ്റ് ഓഫിസ് പരിധിയിലുള്ളവർ, വീട്ടിൽ ഇല്ലെങ്കിൽ ആലുവയിലെ സെന്ററിൽ എത്തേണ്ടി വരും. ആദ്യഘട്ടത്തിൽ തിങ്കളാഴ്ച സംസ്ഥാനത്താകെ 20 ഐ.ഡി.സി കേന്ദ്രങ്ങളാണ് തുടങ്ങുന്നത്.
വാതിൽപടി സേവനം അവസാനിപ്പിച്ച് സ്വകാര്യവത്കരണത്തിന് കളമൊരുക്കാനാണ് ശ്രമമെന്ന് ആക്ഷേപമുണ്ട്. ആദ്യഘട്ടത്തിൽ തന്നെ യു.സി കോളജ്, കടുങ്ങല്ലൂർ, മുപ്പത്തടം, ദേശം, ഉളിയന്നൂർ, തോട്ടക്കാട്ടുകര പോസ്റ്റ് ഓഫിസുകളും ഐ.ഡി.സിയുടെ കീഴിലാക്കാൻ ശ്രമിച്ചിരുന്നെങ്കിലും ആലുവയിലെ സ്ഥലപരിമിതി മൂലം ആദ്യഘട്ടത്തിൽ മാറ്റിവെച്ചിരിക്കുകയാണ്.
എന്നാൽ, അത് ഉടൻ ആരംഭിക്കുമെന്നാണ് പറയുന്നത്. നവീകരണത്തിന്റെ പേരിൽ സ്വകാര്യവത്കരണ നീക്കമാണ് നടക്കുന്നതെന്ന് ആരോപിച്ച് വിവിധ തൊഴിലാളി സംഘടനകൾ പ്രതിഷേധവുമായി രംഗത്തുണ്ട്. സംസ്ഥാനത്ത് ആകെയുണ്ടായിരുന്ന 23 ആർ.എം.എസ് ഓഫിസുകളിൽ ആലുവ ആർ.എം.എസ് ഉൾപ്പെടെ എട്ട് ഓഫിസുകൾ മാസങ്ങൾക്ക് മുമ്പ് നിർത്തലാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.