മട്ടാഞ്ചേരി: ഫോർട്ട്കൊച്ചി സബ് കലക്ടർ പി. വിഷ്ണുരാജിന് ശബരിമലയുടെ ചുമതലയുള്ള എ.ഡി.എമ്മായി സ്ഥലംമാറ്റം. ആർ.ഡി ഓഫിസിൽ ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട അപേക്ഷകൾ തീർപ്പാക്കുന്നതിന് അതിവേഗ നടപടി പുരോഗമിക്കുന്നതിനിടെയാണ് സബ് കലക്ടറെ അപ്രതീക്ഷിതമായി സ്ഥലംമാറ്റിയത്.ഭൂമി തരംമാറ്റൽ അപേക്ഷ തീർപ്പാക്കാൻ വൈകിയതിൽ മനംനൊന്ത് പറവൂർ സ്വദേശി മത്സ്യത്തൊഴിലാളി സജീവൻ ആത്മഹത്യചെയ്ത സംഭവവുമായി ബന്ധപ്പെട്ട് വിവാദത്തിലായ ഫോർട്ട്കൊച്ചി ആർ.ഡി ഓഫിസിൽ ഭൂമി തരംമാറ്റൽ അപേ ക്ഷയിൽ അദാലത്തുകൾ പുരോഗമിക്കവെയാണ് സ്ഥലംമാറ്റം.
നിരവധി ഭൂമി തരംമാറ്റൽ അപേക്ഷ കെട്ടിക്കിടക്കുന്ന ആർ.ഡി ഓഫിസുകളിൽ ഒന്നാണ് ഫോർട്ട്കൊച്ചി. സബ് കലക്ടറുടെ നേതൃത്വത്തിൽ ആറുമാസം കൊണ്ട് ആറായിരത്തോളം ഫയലുകൾ തീർപ്പാക്കിയിരുന്നു. മാനുവലായി ലഭിച്ച മുഴുവൻ അപേക്ഷകളും തീർപ്പാക്കാനായി ഈമാസം മുഴുവൻ സ്പെഷൽ ഡ്രൈവ് നടത്തുന്നതിനിടെയുണ്ടായ സ്ഥലംമാറ്റം ഇത്തരം നടപടികളെ കാര്യമായി ബാധിക്കുമോയെന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്.
ഫയൽ നീക്കത്തിലെ മെല്ലെപ്പോക്കും ഓഫിസിൽ വരുന്നവരോട് മോശമായി പെരുമാറുന്നുവെന്നും വ്യാപക പരാതി ഉയർന്നതിനെ തുടർന്ന് നേരത്തേ ഫോർട്ട്കൊച്ചി ആർ.ഡി ഓഫിസിൽ കൂട്ട സ്ഥലംമാറ്റം നടത്തിയിരുന്നു.
ഓഫിസിലുള്ള 28 ജീവനക്കാരിൽ 24പേരെയും റവന്യൂ വകുപ്പിലെ വിവിധ ഓഫിസുകളിലേക്ക് അന്ന് സ്ഥലംമാറ്റിയിരുന്നു. ഇങ്ങനെ വിവാദത്തിലായ ഓഫിസിൽ പിന്നീട് സംസ്ഥാനത്ത് ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട് അപേക്ഷ തീർപ്പാക്കാൻ എംപ്ലോയ്മെന്റ് വഴി ജീവനക്കാരെ നിയമിച്ച വേളയിൽ കൂടുതൽ ജീവനക്കാരെ നിയമിക്കുകയായിരുന്നു. പറവൂർ കോട്ടുവള്ളി വില്ലേജിലെ ആനച്ചാലിൽ അനധികൃത തണ്ണീർത്തടം നികത്തലുമായി ബന്ധപ്പെട്ട് സബ് കലക്ടർ റിപ്പോർട്ട് നൽകിയതാണ് പെട്ടെന്നുള്ള സ്ഥലംമാറ്റത്തിന് കാരണമെന്നും പ്രചാരണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.