മൂവാറ്റുപുഴ: വെള്ളൂർക്കുന്നം ആതുരാശ്രമം വർക്കിങ് വിമൻസ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. ആറുപേർ ചികിത്സ തേടി.
സംഭവത്തെ തുടർന്ന് ഹോസ്റ്റലിലെ കാന്റീൻ നഗരസഭ അടപ്പിച്ചു. ഹോസ്റ്റൽ പ്രവർത്തിപ്പിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ ഇവിടെ നിന്ന് ഭക്ഷണം കഴിച്ച ആറുപേർക്കാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്ന് നഗരസഭ അധികൃതർ പറഞ്ഞു. ശക്തമായ പനിയും ഛർദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു.
ആശുപത്രി അധികൃതർ വിവരമറിയിച്ചതോടെ നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ ഹോസ്റ്റലിലും അടുക്കളയിലും പരിശോധന നടത്തി.
ഇനി അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവെക്കാനാണ് ഹെൽത്ത് സൂപ്പർവൈസർ നിർദേശം നൽകിയതെങ്കിലും പിന്നീട് ഹോസ്റ്റലിന് പ്രവർത്തനാനുമതി നൽകി അടുക്കള അടച്ചുപൂട്ടുകയായിരുന്നു. വിശദ പരിശോധനകൾക്കുശേഷം റിപ്പോർട്ട് ഭക്ഷ്യ സുരക്ഷാവിഭാഗത്തിന് കൈമാറുമെന്നും ഹെൽത്ത് സൂപ്പർവൈസർ പറഞ്ഞു.
സ്ത്രീകളും കുട്ടികളുമടക്കമുള്ള എൺപതോളം പേരാണ് ഇവിടെ താമസിക്കുന്നത്. വിവിധ ജില്ലകളിൽനിന്നായി ജോലിക്കും മറ്റും എത്തിയവരാണ് ഹോസ്റ്റലിൽ താമസിക്കുന്നത്.
എൺപതോളം പേർ ഭക്ഷണം കഴിച്ചിട്ടും കുറച്ചുപേർക്ക് മാത്രമാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ഇവർ പുറത്തുനിന്ന് ഭക്ഷണം കഴിച്ചിട്ടുണ്ടോയെന്ന അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.