മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി കെ.എസ്.ഇ.ബി സബ് സ്റ്റേഷനിലെ ചെമ്പുകമ്പി ഉൾപ്പെടുന്ന കേബിളുകൾ മോഷ്ടിച്ച കേസിൽ അഞ്ച് അന്തർ സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ. അസം നൗഗോൺ ബോഗമുഖ് സ്വദേശി സമിദുൽ ഹഖ് (31), മൊരിഗോൺ കുപ്പറ്റിമാരി സ്വദേശി ഇസ്മായിൽ അലി (40), നൗഗോൺ ചാളൻബാരി സ്വദേശി അബ്ദുൽ കാസിം (45), മോറിഗാവ് ശിൽപഗുരി സ്വദേശി ഇക്രമുൽ ഹഖ് (26), മോറിഗാവ് ലാഹൗറിഘട്ട് സ്വദേശി ഇമാൻ അലി (30) എന്നിവരെയാണ് മൂവാറ്റുപുഴ പൊലീസ് പിടികൂടിയത്.
മോഷ്ടിച്ച കേബിളുകളുടെ പ്ലാസ്റ്റിക് ഇൻസുലേഷൻ കത്തിച്ച് ഉരുക്കി മാറ്റി ചെറിയ തൂക്കങ്ങൾ ആക്കി പലപ്പോഴായി വിൽപന നടത്തി വരുകയായിരുന്നു. സബ് സ്റ്റേഷനിലെ സോളാർ പാനലിൽനിന്നും മറ്റുമായി 10 ലക്ഷത്തോളം രൂപ വിലവരുന്ന ചെമ്പുകമ്പി ഉൾപ്പെടുന്ന കേബിളുകളാണ് മോഷ്ടിച്ചത്. എറണാകുളം റൂറൽ ജില്ല പൊലീസ് മേധാവി എം. ഹേമലതയുടെ നിർദേശാനുസരണം ജില്ലയിലെ മോഷണക്കേസുകളുടെ അന്വേഷണം ത്വരിതപ്പെടുത്തിയിരുന്നു.
ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. മോഷണമുതൽ വിവിധ ആക്രിക്കടകളിൽനിന്ന് കണ്ടെടുത്തു. ഇവർ മറ്റ് മോഷണങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരുന്നുണ്ട്. ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിൽ എസ്.ഐമാരായ പി.ബി. സത്യൻ, ടി.എ. മുഹമ്മദ്, എസ്.സി.പി.ഒമാരായ കെ.എസ്. ജയൻ, ബിബിൽ മോഹൻ, രഞ്ജിത് രാജൻ, ഷാൻ മുഹമ്മദ്, ബിനിൽ എൽദോസ്, റോബിൻ തോമസ്, സാബു, ബഷീറ, സി.പി.ഒ രഞ്ജിഷ് എന്നിവരാണ് ഉണ്ടായിരുന്നത്.
മൂവാറ്റുപുഴ: മൂവാറ്റുപുഴ സബ് സ്റ്റേഷനിൽ എട്ടുകോടി രൂപ ചെലവഴിച്ച് കെ.എസ്.ഇ.ബി സ്ഥാപിച്ച സോളാർ പ്ലാന്റിന്റെ പ്രവർത്തനം നിലച്ചു. പ്ലാന്റിലെ കേബിളുകൾ കവർന്നതാണ് പ്രവർത്തനം നിലക്കാൻ കാരണം. ആറുവർഷം മുമ്പ് ഏറെ കൊട്ടിഗ്ഘോഷിച്ച് ഉദ്ഘാടനം നടത്തിയ 1.25 മെഗാ വാട്ട് വൈദ്യുതിയുടെ കൂറ്റൻ സൗരോർജ പ്ലാന്റിന്റെ പ്രവർത്തനമാണ് പൂർണമായി നിലച്ചത്.
കെ.എസ്.ഇ.ബിയുടെ നേതൃത്വത്തിൽ സബ് സ്റ്റേഷനുകൾക്കുകീഴിൽ ഒരുക്കിയിട്ടുള്ള ജില്ലയിലെതന്നെ ഏറ്റവും വലിയ സൗരോർജ പ്ലാന്റാണിത്. ചെമ്പുകമ്പിക്കുവേണ്ടി പ്ലാൻറിന്റെ കേബിളുകൾ കവർന്നതാണ് ഇതിന്റെ പ്രവർത്തനം നിലക്കാൻ കാരണമായത്. പ്ലാന്റിൽനിന്ന് ലഭിക്കുന്ന വൈദ്യുതിയിൽ വലിയ കുറവ് വന്നിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നില്ല. കഴിഞ്ഞ കുറെ ദിവസങ്ങളായി ഉൽപാദനത്തിൽ കുറവ് വന്നിരുന്നു. പ്ലാന്റിൽനിന്നുള്ള വൈദ്യുതി ഉൽപാദനം പൂർണമായി നിലച്ചതോടെയാണ് ഉദ്യോഗസ്ഥർ സൗരോർജ പ്ലാന്റിൽ പരിശോധന നടത്തിയത്.
പരിശോധനയിൽ പ്ലാന്റിലെ ചെമ്പുകമ്പികളും മറ്റും കേബിളുകളും മോഷ്ടിക്കപ്പെട്ടെന്നു മനസ്സിലായതോടെ പൊലീസിന് പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ കേബിളുകൾ കവർന്ന അഞ്ച് അന്തർ സംസ്ഥാന തൊഴിലാളികളെ ഞായറാഴ്ച പിടികൂടുകയും ചെയ്തു. പേഴയ്ക്കാപ്പിള്ളിയിലെ മൂവാറ്റുപുഴ സബ് സ്റ്റേഷനോട് ചേർന്ന ആറേക്കറോളം ഭൂമിയിൽ വ്യാപിച്ചു കിടക്കുന്ന പവർ പ്ലാന്റ് ആറുവർഷം മുമ്പാണ് പ്രവർത്തനമാരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.