കൊച്ചി: മിന്നിത്തിളങ്ങുന്ന വർണക്കടലാസുകളാൽ തീർത്ത കുഞ്ഞുതൊപ്പികൾ... നോക്കുന്നിടത്തെല്ലാം പാറിപ്പറക്കുന്ന ബലൂണുകളും തോരണങ്ങളും... എങ്ങും പുത്തനുടുപ്പണിഞ്ഞ കുരുന്നുകൾ നിറയെ പൂക്കളുള്ള പൂന്തോട്ടത്തിലെ പൂമ്പാറ്റകളെ പോലെ പാറിനടക്കുന്നു... ഇടക്ക് മാത്രം വീട്ടിൽ പോകാമെന്നു പറഞ്ഞുള്ള ചിലരുടെ ചിണുങ്ങലുകളും...
-രണ്ടുമാസത്തെ അവധിക്കുശേഷം അറിവിന്റെ ആഘോഷത്തിലേക്ക് സ്കൂളുകൾ തുറന്നപ്പോഴുള്ള കളർഫുൾ കാഴ്ചകളായിരുന്നു ഇതെല്ലാം. ജില്ലയിലെ എല്ലാ സ്കൂളുകളിലും പ്രവേശനോത്സവം വർണാഭമാക്കിയാണ് ആഘോഷിച്ചത്. അലങ്കാരങ്ങളും വാദ്യമേളങ്ങളുമായി ഉത്സവ പ്രതീതിയായിരുന്നു പല സ്കൂളുകളിലും ഉണ്ടായിരുന്നത്.
സമ്മാനങ്ങൾ കൈനിറയെ..
ഇത്തവണ പുതുതായി ഒന്നാം ക്ലാസിൽ ചേർന്ന കൊച്ചുമിടുക്കരെ സമ്മാനങ്ങൾ നൽകിയാണ് സ്കൂളുകളെല്ലാം വരവേറ്റത്. മിഠായി, ലഡു, ബലൂൺ, വർണത്തൊപ്പി തുടങ്ങിയവയും കുരുന്നുകളെ കാത്തിരിപ്പുണ്ടായിരുന്നു. ചടങ്ങ് നടക്കുന്ന വേദിയിലേക്ക് ഒന്നാംക്ലാസിൽ ചേർന്ന കുട്ടികൾ ഓരോരുത്തരെയായി പേരെടുത്ത് വിളിച്ചാണ് പഠനോപകരണങ്ങളടങ്ങിയ സമ്മാനപ്പൊതി നൽകിയത്. പുതിയൊരു ലോകത്തേക്ക് ആദ്യമായി പ്രവേശിക്കുന്ന ദിവസമായതിനാൽ കുരുന്നുകളുടെയെല്ലാം കൂടെ മാതാപിതാക്കളും കുടുംബാംഗങ്ങളും സ്കൂളിലെത്തിയിരുന്നു. പ്രവേശനോത്സവ ചടങ്ങിനു ശേഷം രക്ഷിതാക്കൾക്കായി ലഹരി വിരുദ്ധ ക്ലാസുകളും സംഘടിപ്പിച്ചു.
ഒന്നിച്ച് ഒന്നായി ഒന്നാവാം എന്ന ടാഗ് ലൈനോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഇത്തവണ സ്കൂൾ പ്രവേശനോത്സവം ഒരുക്കിയത്. എല്ലാ സ്കൂളുകളിലും പ്രവേശനോത്സവ ചടങ്ങുകളും ഒരുക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ആലപ്പുഴ കലവൂർ ഗവ. എച്ച്.എസ്.എസിൽ നടത്തിയ സംസ്ഥാന തല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങും വിവിധ സ്കൂളുകളിൽ പ്രദർശിപ്പിച്ചു.
ജില്ലതല ഉദ്ഘാടനം പടിഞ്ഞാറെ കടുങ്ങല്ലൂർ ഗവ. എച്ച്.എസ്.എസിൽ മന്ത്രി പി. രാജീവ് നിർവഹിച്ചിരുന്നു. ഉപജില്ലതലങ്ങളിലും പഞ്ചായത്ത് തലങ്ങളിലുമെല്ലാം പ്രവേശനോത്സവ പരിപാടികൾ നടത്തി. ജനപ്രതിനിധികളെയും സ്കൂൾ പരിസരങ്ങളിലെ പ്രമുഖരെയുമെല്ലാം പങ്കെടുപ്പിച്ചാണ് അതാത് സ്കൂളുകൾ വിദ്യാർഥികൾക്കായുള്ള വരവേൽപ്പ് ആഘോഷമാക്കിയത്.
ദിവസങ്ങളോളം നിർത്താതെ കനത്തു പെയ്ത മഴയെ തുടർന്ന് പ്രവേശനോത്സവം അലങ്കോലമാകുമോ എന്ന ആശങ്കയിലായിരുന്നു അധ്യാപകരും രക്ഷിതാക്കളുമെല്ലാം. എന്നാൽ, തിങ്കളാഴ്ച എല്ലായിടത്തും മാനം തെളിഞ്ഞ്, വെയിൽ പരന്നത് എല്ലാവരിലും ആശ്വാസം പകർന്നു. സ്കൂൾ തുറക്കുന്ന ദിവസം കനത്ത മഴ പെയ്യുകയെന്ന പതിവുരീതിയും ഇത്തവണ മാറി. എങ്കിലും മഴപ്പേടിയിൽ കുടയെടുത്താണ് വിദ്യാർഥികളെല്ലാം സ്കൂളുകളിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.