പനിച്ചുവിറച്ച് എറണാകുളം: പ്രതിദിനം ചികിത്സ തേടുന്നവർ ആയിരത്തിലേറെ

കൊച്ചി: ജില്ലയിൽ പകർച്ചപ്പനി ആശങ്കാജനകമായി പടരുന്നു. പ്രതിദിനം ആയിരത്തിലധികം പേരാണ് ചികിത്സ തേടുന്നത്. സെപ്റ്റംബറിൽ ഇതുവരെ 18,267 പേർക്കാണ് പകർച്ചപ്പനി സ്ഥിരീകരിച്ചത്. 19ന് 1411 പേർക്ക് പനിയും 20 പേർക്ക് ഡെങ്കിയും ഒമ്പത് പേർക്ക് ചിക്കൻപോക്സും സ്ഥിരീകരിച്ചു. അന്ന് പനിബാധിതരിൽ ഒരാൾ മരിക്കുകയും ചെയ്തു. പലരും സ്വയം ചികിത്സ നടത്തുന്നതിനാൽ ലഭ്യമായ കണക്കുകളെക്കാൾ പനി ബാധിച്ചവരുടെ എണ്ണം ഏറെ കൂടാനാണ് സാധ്യത.

പനിബാധിതരിൽ ബഹുഭൂരിഭാഗവും മൂന്നു- നാല് ദിവസങ്ങൾക്കകം മുക്തരാകുന്നുണ്ട്. എങ്കിലും കടുത്ത ശരീര വേദനയും തലവേദനയും അനുഭവപ്പെടുന്നു. അതിവേഗം മറ്റുള്ളവരിലേക്ക് പകരുന്നുമുണ്ട്. ഈ വർഷം ജില്ലയിൽ 2,08,449 പേർക്കാണ് പനി ബാധിച്ചത്. പലരും കോവിഡ് ടെസ്റ്റ് നടത്താത്തതിനാൽ ബാധിച്ചത് വൈറൽ പനിയാണോ കോവിഡാണോ എന്ന് വേർതിരിക്കാൻ കഴിയുന്നില്ല.

ആളുകൾ മാസ്കിന്‍റെ ഉപയോഗം കുറച്ചത് രോഗങ്ങൾ പരത്തുന്നതിന് കൂടുതൽ ഇടയാക്കിയെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ജൂലൈയിൽ ഉയർന്ന നിരക്ക് രേഖപ്പെടുത്തിയെങ്കിലും ആഗസ്റ്റ് മാസത്തിൽ കുറയുകയായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം പകർച്ചവ്യാധികളുടെ കണക്ക് 2019 ൽ ഈ വർഷത്തേക്കാൾ വളരെ കുറവായിരുന്നു. മാസ്കിന്റെ ഉപയോഗം കുറഞ്ഞത് രോഗങ്ങൾ വർധിക്കുന്നതിനിടയാക്കിയെന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്.

Tags:    
News Summary - Fever is spreading in Ernakulam district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.