കടുങ്ങല്ലൂർ: പഞ്ചായത്തിലെ വലിയ പാടശേഖരമായ എടയാറ്റുചാൽ വീണ്ടും കൃഷിയിലേക്ക്. കളമശ്ശേരി നിയോജക മണ്ഡലത്തിലെ പ്രധാന നെൽകൃഷി ഭൂമിയാണിത്. പാടശേഖരത്തിലെ ഈ വർഷത്തെ കൃഷിപ്പണികൾ തിങ്കളാഴ്ച ആരംഭിക്കും. പതിറ്റാണ്ടുകളായി ഇവിടെ നെൽകൃഷി നിലച്ചിരിക്കുകയാണ്.
30 വർഷം തരിശുകിടന്ന 300 ഏക്കർ പാടശേഖരത്തിൽ 2016ലാണ് നെൽകൃഷി പുനരാരംഭിച്ചത്. പമ്പിങ് സൗകര്യത്തിന്റെ അഭാവംമൂലം തുടർന്ന് കൃഷി നടത്താനായില്ല. പിന്നീട് 2021ലാണ് കൃഷി ആരംഭിച്ചത്. ചാലിലെ വെള്ളം പമ്പ് ചെയ്ത് പുറത്തുകളഞ്ഞ ശേഷമാണ് കൃഷി ചെയ്യുന്നത്. ഇതിന് ആവശ്യമായ 50 എച്ച്.പിയുടെ മോട്ടോർ ഇറിഗേഷൻ വകുപ്പും 50 എച്ച്.പിയുടെ പെട്ടിയും പറയും എടയാറ്റുചാൽ നെല്ലുൽപാദന സമിതിയും സ്ഥാപിച്ചിട്ടുണ്ട്. കൃഷിക്ക് ആവശ്യമായ വെള്ളം ഓഞ്ഞിത്തോട്ടിൽ സ്ഥാപിച്ചിട്ടുള്ള മൈനർ ഇറിഗേഷന്റെ പമ്പിങ് ഷെഡിൽനിന്ന് ലഭ്യമാക്കും.
പെരിയാർ പുഴയിൽ പാതാളം റെഗുലേറ്റർ കം ബ്രിഡ്ജിന്റെ ഭാഗത്ത് 50 എച്ച്.പിയുടെ പമ്പ് സെറ്റ് സ്ഥാപിക്കാൻ സർക്കാർ ഫണ്ട് അനുവദിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം എടയാറ്റുചാലിൽ 227 ഏക്കർ സ്ഥലത്ത് 355 ടൺ നെല്ല് ഉൽപാദിപ്പിച്ചു. മന്ത്രിയും കളമശ്ശേരി എം.എൽ.എയുമായ പി. രാജീവിന്റെ ‘കൃഷിക്കൊപ്പം കളമശ്ശേരി’ പദ്ധതിയുടെ ഭാഗമായാണ് ഇപ്പോൾ എടയാറ്റുചാലിൽ കൃഷി നടത്തുന്നത്. പാടശേഖരത്തിലെ കൃഷി വികസിപ്പിക്കാൻ എം.എൽ.എ മുൻകൈയെടുത്ത് റീബിൽഡ് കേരള ഇനീഷ്യറ്റിവ് പദ്ധതിയിൽനിന്ന് 2.85 കോടി ലഭ്യമാക്കി.
ഈ വർഷത്തെ കൃഷി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ചേർന്ന എടയാറ്റുചാൽ പാടശേഖര സമിതി യോഗത്തിൽ നെല്ലുൽപാദക സമിതി പ്രസിഡന്റ് പി.എ. അബൂബക്കർ അധ്യക്ഷത വഹിച്ചു. കടുങ്ങല്ലൂർ പഞ്ചയത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ട്രീസ മോളി, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ കെ.എസ്. താരാനാഥ്, പഞ്ചായത്ത് അംഗം ടി.ബി. ജമാൽ, സമിതി സെകട്ടറി പി.ഇ. ഇസ്മയിൽ, കൃഷി ഓഫിസർ നൈമ നൗഷാദ് അലി, പി.ഇ. ഷംസുദ്ദീൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.