representative image

ആദ്യ ഡിമെന്‍ഷ്യ സൗഹൃദ ജില്ലയാകാൻ എറണാകുളം

കൊച്ചി: എറണാകുളത്തെ സംസ്ഥാനത്തെ ആദ്യ ഡിമെന്‍ഷ്യ സൗഹൃദ ജില്ലയാക്കാന്‍ പ്രത്യേക പദ്ധതിയുമായി ജില്ല ഭരണകൂടം. സാമൂഹിക നീതി വകുപ്പും ജില്ല ഭരണകൂടവും കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ന്യൂറോസയന്‍സ് വിഭാഗവും സംയുക്തമായാണ് 'ബോധി' എന്ന പദ്ധതി നടപ്പാകുന്നത്. മൂന്നു വര്‍ഷം കൊണ്ട് ആറു ഘട്ടമായാണ് പദ്ധതി നടപ്പാക്കുന്നത്. 1.5 കോടി സാമൂഹിക നീതിവകുപ്പ് അനുവദിച്ചിട്ടുണ്ട്. ആദ്യഘട്ടം 50 ലക്ഷം രൂപ ലഭിച്ചതായി കലക്ടര്‍ ജാഫര്‍ മാലിക് വാർത്തസമ്മേളനത്തില്‍ പറഞ്ഞു.

പദ്ധതി പൂര്‍ത്തിയാക്കിയ ശേഷം സംസ്ഥാനതലത്തിൽ ഡിമെന്‍ഷ്യ പോളിസി തയാറാക്കി സമര്‍പ്പിക്കുമെന്നും കലക്ടര്‍ പറഞ്ഞു. കോര്‍പറേഷന്‍ പരിധിയില്‍ നടപ്പാക്കിയ ഉദ്‌ബോധ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിലായിരിക്കും ബോധി പദ്ധതി. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ന്യൂറോ സയന്‍സ് വിഭാഗം ഡിമെന്‍ഷ്യ രോഗികളുടെ ക്ഷേമത്തിനായി ആരംഭിച്ച മൊബൈല്‍ ആപ്പും ബോധി പദ്ധതി കൂടുതല്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് പ്രയോജനപ്പെടുത്തും.

എറണാകുളം ഗെസ്റ്റ് ഹൗസില്‍ നടന്ന പദ്ധതി പ്രഖ്യാപന ചടങ്ങില്‍ ബോധി പദ്ധതിയുടെ ലോഗോ പ്രകാശനം കലക്ടര്‍ ജാഫര്‍ മാലിക്, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ.എന്‍. മധുസൂദനന്‍, ന്യൂറോ സയന്‍സ് വിഭാഗം മേധാവി ഡോ. ബേബി ചക്രപാണി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.

ആദ്യഘട്ടം ഡിമെൻഷ്യ സൗഹൃദ ജില്ല

ഡിമെന്‍ഷ്യ അവബോധം സൃഷ്ടിക്കുക, ഗതാഗത സംവിധാനങ്ങളും ആരോഗ്യ സംവിധാനങ്ങളും സേവന സംവിധാനങ്ങളും ഡിമെന്‍ഷ്യ സൗഹൃദമാക്കുക എന്നീ കാര്യങ്ങളാണ് ബോധി പദ്ധതിയുടെ ആദ്യഘട്ടത്തില്‍ നടപ്പാക്കുക. തുടര്‍ന്ന് പൊതുജനങ്ങളെയും വിദ്യാര്‍ഥികളെയും ഡിമെന്‍ഷ്യ ബാധിതരുള്ള കുടുംബങ്ങളിലുള്ളവരെയും ഉള്‍പ്പെടുത്തി പ്രത്യേക പരിശീലനം സംഘടിപ്പിക്കും.

ജനങ്ങളില്‍ ഡിമെന്‍ഷ്യ അവബോധം സൃഷ്ടിക്കുന്നതിനും രോഗം ബാധിക്കുന്നതിനു മുമ്പ് കണ്ടെത്തുന്നതിനും മെമ്മറി കഫേകളും മെമ്മറി ക്ലിനിക്കുകളും ആരംഭിക്കും. ഇത് തദ്ദേശ സ്ഥാപനങ്ങളിലെ വിവര ശേഖരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.

കൂടാതെ പകല്‍ വീടുപോലെ ഡേ കെയര്‍ സെന്ററുകളും ആവശ്യമെങ്കില്‍ പ്രവര്‍ത്തനം നടത്തും. പ്രത്യേകം പരിശീലനം ലഭ്യമാക്കിയ കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹായത്തോടെയാകും ഇത്. ഡിമെന്‍ഷ്യ പരിചരണത്തില്‍ പ്രാവീണ്യം നേടിയ ആളുകളെ സജ്ജമാക്കുന്നതിന്റെ ഭാഗമായി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും ആരംഭിക്കും.

സംസ്ഥാനത്ത് 14 ശതമാനം പേർക്ക് ഡിമെൻഷ്യ

സംസ്ഥാനത്തെ ആകെ ജനസംഖ്യയില്‍ 14 ശതമാനം പേര്‍ ഡിമെന്‍ഷ്യ അഥവാ മേധാക്ഷയ ബാധിതരാകാനുള്ള സാധ്യത ഉള്ളതായാണ് ശാസ്ത്ര സാങ്കേതിക സര്‍വകലാശാല എൻ.എസ്.എസിന്റെ സഹായത്തോടെ സംസ്ഥാനത്ത് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുള്ളത്. 60 വയസ്സിനു മുകളിലുള്ളവരെയാണ് രോഗം ബാധിക്കുന്നതെങ്കിലും ആദ്യലക്ഷണങ്ങള്‍ 20-30 വയസ്സിനിടയില്‍ പ്രത്യക്ഷപ്പെടും. ഈ സമയത്തു കണ്ടെത്തിയാല്‍ രോഗം ബാധിക്കാനുള്ള സാധ്യത കുറക്കാന്‍ സാധിക്കും.

ഡിമെന്‍ഷ്യ സൗഹൃദ സമൂഹം

ഡിമെന്‍ഷ്യ ബാധിതരായ ആളുകളെ സമൂഹത്തിന്റെ മുന്‍നിരയില്‍നിന്ന് മാറ്റി നിര്‍ത്തപ്പെടാതെ അവരുടെ എല്ലാ അവകാശങ്ങളും നല്‍കി അവരെയും സമൂഹത്തിന്റെ അവശ്യഭാഗമാക്കി ചേര്‍ത്ത് നിര്‍ത്താന്‍ കഴിയുക എന്നതാണ് ഒരു ഡിമെന്‍ഷ്യ സൗഹൃദസമൂഹം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഡിമെന്‍ഷ്യയെക്കുറിച്ച് ആവശ്യമായ വിദ്യാഭ്യാസം നല്‍കുകയും അതുവഴി അവരെ ബോധവത്കരിക്കുകയും ചെയ്യും.

മറവിബാധിതര്‍ക്കും അവരുടെ കുടുബാംഗങ്ങള്‍ക്കും ആവശ്യമായ അറിവുകളും സേവനങ്ങളും നല്‍കുകയും പിന്തുണ നല്‍കുകയും സമൂഹത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്ന ഒരു സംസ്‌കാരമോ ഇടമോ ആണ് ഒരു ഡിമെന്‍ഷ്യ സൗഹൃദസമൂഹം വഴി ഉദ്ദേശിക്കുന്നത്.

Tags:    
News Summary - Ernakulam to become first dementia friendly district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.