കാക്കനാട് വാട്ടർ മെട്രോ സ്റ്റേഷനിൽനിന്ന് ഇൻഫോപാർക്കിലേക്കുള്ള ഇലക്ട്രിക് ബസ് ട്രയൽ റൺ
കൊച്ചി: സർവിസ് ആരംഭിച്ച് ദിവസങ്ങൾക്കകം ഹിറ്റിലേക്ക് കുതിച്ച് കൊച്ചി മെട്രോ കണക്ട് ഇലക്ടിക് ബസുകൾ. വിവിധ മെട്രോ സ്റ്റേഷനുകളെയും കൊച്ചിയിലെയും സമീപത്തെയും പ്രധാനപ്പെട്ട ഇടങ്ങളെയും ബന്ധിപ്പിക്കുന്ന ഇലക്ട്രിക് ബസുകളെ നിരവധി പേരാണ് നിത്യേന ആശ്രയിക്കുന്നത്. അടുത്തുതന്നെ കാക്കനാട് ഇൻഫോ പാർക്കിലേക്കും സർവിസ് ആരംഭിക്കും. 15ന് ഫ്ലാഗ് ഓഫ് ചെയ്ത്, 16 ന് സർവിസ് ആരംഭിച്ച വിവിധ റൂട്ടുകളിലെ ബസുകളിൽ പത്തു ദിവസത്തിനകം യാത്ര ചെയ്തത് 15,500ഓളം പേരാണ്. ആലുവ-എയർപോർട്ട്, കളമശ്ശേരി- മെഡിക്കൽ കോളേജ്, കളമശ്ശേരി-കുസാറ്റ് റൂട്ടുകളിലാണ് നിലവിൽ സർവീസ് നടത്തുന്നത്. പ്രതിദിനം ശരാശരി 1900ത്തിലേറെ പേർ ഈ റൂട്ടുകളിൽ മെട്രോ കണക്ട് സേവനം പ്രയോജനപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി. ഇ ഫീഡർ സർവീസ് ആരംഭിച്ചതോടെ ആലുവ, കളമശ്ശേരി മെട്രോ സ്റ്റേഷനുകളിൽ നിന്നുള്ള മെട്രോ യാത്രക്കാരുടെ എണ്ണം വർധിച്ചിട്ടുണ്ട്.
15 ബസുകൾ...
ആലുവ-എയര്‍പോര്‍ട്ട് റൂട്ടില്‍ 80 രൂപയും മറ്റു റൂട്ടുകളില്‍ അഞ്ച് കിലോമീറ്റര്‍ യാത്രക്ക് മിനിമം 20 രൂപയുമാണ് പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത ഇലക്ട്രിക് ബസിലെ യാത്ര നിരക്ക്. കൊച്ചി മെട്രോ, വാട്ടർ മെട്രോ സ്റ്റേഷനുകളിലേക്കുള്ള ഫസ്റ്റ് മൈല്‍-ലാസ്റ്റ് മൈല്‍ കണക്ടിവിറ്റി വര്‍ധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് 15 ഇലക്ട്രിക് ബസുകള്‍ കൊച്ചി മെട്രോ കോർപറേഷൻ ഏകദേശം 15 കോടിയോളം രൂപ മുടക്കി വാങ്ങിയത്.
എയര്‍പോര്‍ട്ട് റൂട്ടില്‍ നാലു ബസുകളും കളമശേരി റൂട്ടില്‍ രണ്ട് ബസുകളും ആണ് സർവീസ് നടത്തുന്നത്. എയര്‍പോര്‍ട്ട് റൂട്ടില്‍ തിരക്കുള്ള സമയങ്ങളില്‍ 20 മിനിറ്റ് ഇടവിട്ടും തിരക്കില്ലാത്ത സമയങ്ങളില്‍ 30 മിനിറ്റും ഇടവിട്ട് സര്‍വീസുകള്‍ ഉണ്ടാകും. രാവിലെ 6.45 മുതല്‍ സര്‍വീസ് ആരംഭിക്കും. രാത്രി 11 മണിക്കാണ് എയര്‍പോര്‍ട്ടില്‍ നിന്ന് ആലുവയിലേക്കുള്ള അവസാന സര്‍വീ.
കളമശ്ശേരി-കോളജ് റൂട്ടില്‍ 30 മിനിറ്റ് ഇടവിട്ട് സർവീസ് ഉണ്ടാകും. രാവിലെ 8.30 മുതല്‍ വൈകിട്ട് 7.30 വരെയാണ് സർവീസ്. മുട്ടം, കലൂര്‍, വൈറ്റില, ആലുവ എന്നിവിടങ്ങളിലാണ് ചാര്‍ജിങ് സ്റ്റേഷനുകള്‍. ഡിജിറ്റല്‍ പേയ്മെന്റ് വഴിയാണ് ടിക്കറ്റിങ്. കാഷ് ട്രാന്‍സാക്ഷനും ഉണ്ട്. യു.പി.ഐ വഴിയും രൂപേ ഡെബിറ്റ് കാർഡ്, കൊച്ചി 1 കാർഡ് എന്നിവ വഴിയും പേയ്മെന്റ് നടത്താം.
ബുധനാഴ്ച മുതൽ ഇൻഫോ പാർക്കിലേക്കും
കൊച്ചി വാട്ടർ മെട്രോ കാക്കനാട് സ്റ്റേഷനെ ഇൻഫോപാർക്ക്, സിവിൽ സ്റ്റേഷൻ എന്നിവയുമായി ബന്ധിപ്പിക്കുന്ന മെട്രോ കണക്ട് ഇ ബസ് സർവീസ് ബുധനാഴ്ച ആരംഭിക്കും. മൂന്ന് ബസുകളാണ് ഈ റൂട്ടിൽ ഓടുക.
കാക്കനാട് വാട്ടർ മെട്രോ-കിൻഫ്രാ-ഇന്‍ഫോപാര്‍ക്ക് റൂട്ടില്‍ രാവിലെ എട്ടു മുതല്‍ വൈകിട്ട് 7.15 വരെ 25 മിനിറ്റ് ഇടവിട്ട് സർവീസ് ഉണ്ടാകും. രാവിലെ 7.00, 7.20, 7.50 എന്നീ സമയങ്ങളിൽ കളമശ്ശേരിയിൽ നിന്ന് നേരിട്ട് സിവിൽ സ്റ്റേഷൻ, വാട്ടർ മെട്രോ വഴി ഇൻഫോപാർക്കിലേക്ക് സർവീസ് ഉണ്ടാകും. അതുപോലെ വൈകിട്ട് തിരിച്ച് 7.15 ന് ഇൻഫോപാർക്കിൽ നിന്നുള്ള ബസ് വാട്ടർ മെട്രോ, കാക്കനാട് വഴി കളമശ്ശേരിക്കും ഉണ്ടാകും.
കാക്കനാട് വാട്ടർ മെട്രോ-കലക്ടറേറ്റ് റൂട്ടില്‍ 20 മിനിറ്റ് ഇടവിട്ട് രാവിലെ എട്ട് മുതല്‍ വൈകിട്ട് 7.30 വരെയാണ് സര്‍വീസ്. 20 രൂപയാണ് ടിക്കറ്റ് നിരക്ക്. കാക്കനാട് റൂട്ടിൽ സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി നടന്ന ട്രയൽ റണ്ണിൽ ഇൻഫോപാർക്ക് ഡി.ജി.എം ശ്രീജിത് ചന്ദ്രൻ, എ.ജി.എം വി.ആർ. വിജയൻ, മാനേജർ ടിനി തോമസ് തുടങ്ങിയവർ നേതൃത്വം നൽകി. ഹൈകോര്‍ട്ട്-എം.ജി റോഡ് സര്‍ക്കുലര്‍, കടവന്ത്ര-കെ.പി വള്ളോന്‍ റോഡ് സര്‍ക്കുലര്‍ റൂട്ടുകളിലും വൈകാതെ സർവീസ് ആരംഭിക്കാനിരിക്കുകയാണ് മെട്രോ അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.