ഇടപ്പള്ളി മഹല്ലിൽ നോമ്പുതുറക്കെത്തിയവർ
കൊച്ചി: ആയിരങ്ങൾക്ക് നോമ്പുതുറയും അത്താഴവുമൊരുക്കി വ്യത്യസ്തരാകുകയാണ് ഇടപ്പള്ളി മഹല്ല് മുസ്ലിം ജമാഅത്ത്. ജില്ലയിലെ ഏറ്റവും പുരാതന പളളികളിലൊന്നായ ഇവിടെ ദിവസേന നോമ്പുതുറക്ക് മാത്രമെത്തുന്നത് ആയിരത്തിലേറെ പേരാണ്. കൊച്ചി നഗരത്തിലേയും സമീപ പ്രദേശങ്ങളിലേയും വിവിധ സ്ഥാപനങ്ങളിലെ ജോലിക്കാരും,ഐ.ടി. ജിവനക്കാരും യാത്രക്കാരുമാണ് ഇവരിൽ ഭൂരിഭാഗവും. സമൃദ്ധമായ നോമ്പ് തുറയാണ് ഇവിടെയാരുക്കുന്നത്.
നോമ്പ് പിടിക്കുന്നവർക്കായി പുലർച്ചെ 3.30 മുതൽ 4.30 വരെയാണ് അത്താഴം നൽകുന്നത്. കിലോമീറ്ററുകൾക്കപ്പുറത്ത് നിന്നു പോലും ഇവിടെ അത്താഴം കഴിക്കാനെത്തുന്നവർ നിരവധിയാണെന്ന് ജമാഅത്ത് ഭാരവാഹികൾ പറയുന്നു. നോമ്പ് പിടിക്കുന്ന സഹപ്രവർത്തകർക്ക് പാർസൽ വാങ്ങി പോകുന്നവരും ഉണ്ട്. ശരാശരി അഞ്ഞൂറോളം പേരാണ് അത്താഴം കഴിക്കാനെത്തുന്നത്. പള്ളിയുടെ കാൻറീനിൽ തന്നെയാണ് ഇവർക്കായി സൗകര്യമൊരുക്കുന്നത്.
നോമ്പ് തുറ നേരത്തേയുണ്ടെങ്കിലും വിവിധ കോണുകളിൽ നിന്ന് ആവശ്യമുയർന്നതിനെ തുടർന്ന് മൂന്ന് വർഷം മുമ്പാണ് അത്താഴ വിതരണവും ആരംഭിച്ചത്. അത്താഴത്തിനായി രാവിലെ മുതൽ മഗ്രിബ് വരെ പള്ളിയിൽ നിന്ന് കൂപ്പൺ നൽകും.
ഇതുമായി എത്തുന്നവർക്കാണ് മുൻഗണന. എങ്കിലും കൂപ്പണില്ലാത്തവർക്കും അത്താഴം നൽകുന്നുണ്ട്. നോമ്പ് തുറക്കും അത്താഴത്തിനുമായി മുപ്പതിനായിരത്തോളം രൂപയാണ് ഒരു ദിവസം ചെലവഴിക്കുന്നത്. ഉദാരമതികൾ നൽകുന്ന സഹായമാണ് ഇതിന് ഉപയോഗിക്കുന്നത്.ആയിരത്തിലേറെ വർഷം പഴക്കമുള്ള പള്ളിക്ക് കീഴിൽ ജുമുഅ നമസ്കാരമുള്ള ഏഴ് പള്ളികൾ കൂടിയുണ്ട്.
ജമാഅത്ത് പ്രസിഡൻറ് ഏ.എം. പരീക്കുട്ടി, സെക്രട്ടറി കെ.കെ.ജാഫർ,കൺവീനർ ടി.എ.മുഹമ്മദലി, ട്രഷറർ ടി.എം മുഹമ്മദ്,ഭാരവാഹികളായ അബ്ദുൽ സമദ്, അബ്ദുൽ ഹമീദ് അടക്കമുളളവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. നോമ്പുതുറയുടേയും അത്താഴത്തിന്റെയുമെല്ലാം വിതരണവും സംഘാടനവും നടത്തുന്നത് മഹല്ലിലെ യുവാക്കളുടെ കൂട്ടായ്മയാണ്.
ഇതോടൊപ്പം കളമശ്ശേരി ഞാലകം ജുമാമസ്ജിദ്, പത്തടിപ്പാലം നമസ്കാരപ്പള്ളി,പെരുമ്പാവൂർ ടൗൺ മസ്ജിദ്,വട്ടക്കാട്ടുപടി ജുമാമസ്ജിദ്,കോലഞ്ചേരി ജുമാമസ്ജിദ്, അങ്കമാലി ടൗൺ ജുമാമസ്ജിദ് അടക്കം ജില്ലയിലെ വിവിധ പള്ളികളിലും യാത്രക്കാരടക്കമുള്ളവർക്കായി നോമ്പുതുറ സൗകര്യങ്ങളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.