കോലഞ്ചേരി: കിഴക്കൻ മേഖലയുടെ വികസനത്തിൽ നിർണായകമാകുമായിരുന്ന രണ്ട് റോഡ് പദ്ധതികൂടി വിസ്മൃതിയിലായി. കാക്കനാട്-തങ്കളം, മൂവാറ്റുപുഴ-കാക്കനാട് നാലുവരിപ്പാത എന്നിവയുടെ നടപടി ക്രമങ്ങളാണ് നിലച്ചത്. ജില്ലയുടെ കിഴക്കൻ മേഖലയുടെയും പ്രത്യേകിച്ച് കുന്നത്തുനാട് നിയോജക മണ്ഡലത്തിലെയും വികസനത്തിൽ നിർണായകമാകുമായിരുന്ന പദ്ധതികളാണിത്. സാങ്കേതികത്വത്തിൽ കുരുങ്ങി ഇരുപദ്ധതിയും ഫയലിൽ ഉറങ്ങുമ്പോഴും കാര്യക്ഷമമായ ഇടപെടൽ നടത്താൻ ജനപ്രതിനിധികൾക്ക് ആകാത്തതാണ് തിരിച്ചടിയായത്. വാഗ്ദാനങ്ങൾക്ക് അപ്പുറത്ത് ക്രിയാത്മക ഇടപെടലിന് ജനപ്രതിനിധികൾ തയാറാകുന്നില്ലെന്നാണ് ആക്ഷേപം.
കാക്കനാട്-മൂവാറ്റുപുഴ നാലുവരിപ്പാതയെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഒടുവിൽ 2021ലാണ് സർക്കാർ പ്രാഥമിക നടപടികൾക്ക് അനുമതി നൽകിയത്. ഇതിനായി 349 കോടിയാണ് കണക്കാക്കിയത്. മൂവാറ്റുപുഴ മണ്ഡലത്തിലെ വാഴപ്പിള്ളി മുതൽ കിഴക്കമ്പലംവരെ 309 കോടിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് പൊതുമരാമത്ത് ഡിസൈൻ വിഭാഗം തയാറാക്കി കിഫ്ബിക്ക് സമർപ്പിച്ചു.
അലൈൻമെന്റ് സംബന്ധിച്ച സർവേ പൂർത്തിയാക്കുകയും ചെയ്തിരുന്നു. 23 മീറ്റർ വീതിയിൽ 19.22 കിലോമീറ്ററായിരുന്നു നിർദിഷ്ട നാലുവരിപ്പാത നിർമിക്കാൻ നിശ്ചയിച്ചത്. ഇതിനായി നിലവിലെ റോഡിന്റെ ഇരുവശവുമുള്ള പുറമ്പോക്ക് ഏറ്റെടുക്കാനും പുറമ്പോക്ക് ഒഴികെ ഏറ്റെടുക്കുന്ന സ്ഥലത്തിന് സർക്കാറിന്റെ ഏറ്റവും പുതിയ മതിപ്പുവില നൽകുമെന്നുമായിരുന്നു പ്രഖ്യാപനം. എന്നാൽ, റിപ്പോർട്ട് നൽകി ഒരു വർഷം പിന്നിടുമ്പോഴും തുടർനടപടി ഇഴയുകയാണ്.
രണ്ട് പതിറ്റാണ്ട് പിന്നിട്ട തങ്കളം-കാക്കനാട് പാതയും ഉപേക്ഷിച്ച മട്ടാണ്. കുന്നത്തുനാട്ടിലെ മനയ്ക്കകടവിൽനിന്ന് ആരംഭിച്ച് കോതമംഗലം തങ്കളത്ത് അവസാനിക്കുന്ന രീതിയിലാരുന്നു പാതയുടെ അലൈൻമെന്റ്. 2006ൽ ആരംഭിച്ച പദ്ധതിയിൽ തങ്കളം-മുതൽ ഇളമ്പ്രവരെയുള്ള നാമമാത്ര സ്ഥലത്താണ് നിർമാണം നടന്നത്.
പിന്നീട് നിലക്കുകയായിരുന്നു. ഐ.ആർ.സി മാനദണ്ഡങ്ങൾ പ്രകാരമുള്ള ഗ്രേഡിയന്റ് ശതമാനം പലയിടത്തും അധികരിക്കുന്നതാണ് പ്രശ്നമാണ്. ഇതോടെ ഈ അലൈൻമെന്റ് പ്രായോഗികമല്ലെന്ന വിലയിരുത്തലിൽ പദ്ധതി ഉപേക്ഷിച്ച മട്ടാണ്. പുതിയ അലൈൻമെന്റിനെ കുറിച്ചൊക്കെ പറഞ്ഞ് കേട്ടിരുന്നെങ്കിലും വ്യക്തതയുമുണ്ടായില്ല. നിയമസഭയിലടക്കം കോതമംഗലം എം.എൽ.എ ചില ഇടപെടൽ നടത്തിയെങ്കിലും പാതയുടെ ഭാവി അനിശ്ചിതത്വത്തിൽ തന്നെയാണ്.
പാതകളുടെ നിർമാണം അനിശ്ചിതത്വത്തിലായതോടെ പ്രതിസന്ധിയിലാകുന്നത് കുന്നത്തുനാടിന്റെ റോഡ് വികസന സ്വപ്നങ്ങൾ കൂടിയാണ്. കോതമംഗലം, മൂവാറ്റുപുഴ അടക്കമുള്ള കിഴക്കൻ മേഖലയുടെയും പ്രത്യേകിച്ച് കുന്നത്തുനാട്ടിലെയും പൊതുവായ വികസനത്തിലും കുതിച്ച് ചാട്ടമുണ്ടാക്കാൻ പദ്ധതികൾക്ക് കഴിയുമെന്നായിരുന്നു വിലയിരുത്തൽ.
അലൈൻമെന്റ് പ്രകാരം ഇരുപാതയും ഏറ്റവും കൂടുതൽ ദൂരംകടന്ന് പോകുന്നതും മണ്ഡലത്തിലൂടെയായിരുന്നു. കൊച്ചി നഗരവുമായുള്ള മണ്ഡലത്തിന്റെ കണക്ടിവിറ്റി വർധിപ്പിക്കുന്നതിനും നിർദ്ദിഷ്ട പാതകൾക്കിരുവശവുമുള്ള ഗ്രാമീണ മേഖലകളുടെയടക്കം വികസനം സാധ്യമാക്കുന്നതിനും ഇത് കാരണമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. എന്നാൽ, പദ്ധതികൾ ഫയലിൽ ഉറങ്ങിയതോടെ ഇതെല്ലാം വെറുതെയാകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.