പൈപ്പ് തകർന്ന് കുടിവെള്ള വിതരണം നിലച്ചതോടെ കടമക്കുടിയിലെ മൂലമ്പിള്ളി പുനരധിവാസ ഭൂമിയിൽ കഴിയുന്നവർ ടാങ്കർ ലോറിയിലെത്തിച്ച വെള്ളം ശേഖരിക്കുന്നു
കൊച്ചി: ദേശീയപാത അതോറിറ്റിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ ഒരുമാസംമുമ്പ് തകർന്ന കുടിവെള്ള പൈപ്പ് നന്നാക്കാത്തതിനെ തുടർന്ന് മൂലമ്പിള്ളി പുനരധിവാസ സൈറ്റിൽ ജനം ദുരിതത്തിൽ. പ്രദേശത്ത് കുടിവെള്ളം മുടങ്ങിയിട്ട് ഒരു മാസം പിന്നിടുന്നു. വല്ലാർപ്പാടം കണ്ടെയ്നർ ടെർമിനൽ പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെട്ട, കുടുംബങ്ങളാണ് ദുരിതമനുഭവിക്കുന്നത്. ഇവർക്ക് ടാങ്കർ ലോറിയിൽ വിതരണം ചെയ്യുന്ന വെള്ളം മാത്രമാണ് ആശ്രയം. കടമക്കുടി പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിന്ന് ഒറ്റപ്പെട്ട് കിടക്കുന്ന മേഖലയിലാണ് കുടുംബങ്ങൾ താമസിക്കുന്നത്.
കണ്ടെയ്നർ റോഡിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിനു വേണ്ടി കുഴിയെടുത്തപ്പോഴാണ് കുടിവെള്ള പൈപ്പ് തകർന്ന് ചെളിയും മണ്ണും കയറി ജലവിതരണം നിലച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മൂലമ്പിള്ളി പാക്കേജ് മോണിറ്ററിങ് കമ്മിറ്റി െചയർമാനായ കലക്ടർക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല. കടമക്കുടി പഞ്ചായത്തും പരിഹാര നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്ന് ഇവർ കൂട്ടിച്ചേർത്തു. എട്ടു കുടുംബങ്ങളാണ് ഇവിടെയുള്ളത്. കൂടാതെ രണ്ടു വീടുകളുടെ നിർമാണവും നടക്കുന്നുണ്ട്. കോതാട് പുനരധിവാസ ഭൂമിയിൽ വലിയ സംഭരണശേഷിയുള്ള ഓവർ ഹെഡ് ടാങ്ക് നിർമ്മിച്ചിട്ടും കുടിയൊഴിപ്പിക്കപെട്ട കുടുംബങ്ങൾക്ക് കുടിവെള്ളം ലഭിക്കാത്ത അവസ്ഥയാണ്.
വർഷങ്ങൾക്കു മുമ്പ് വല്ലാർപ്പാടം പദ്ധതിക്കായി വീടും സ്ഥലവും ഒഴിയേണ്ടി വന്നവരിൽ ഏറെപ്പേരും സർക്കാർ നൽകിയ, വേണ്ടത്ര സൗകര്യങ്ങളില്ലാത്ത പ്ലോട്ടുകളിൽ വീടുവെച്ച് ദുരിതജീവിതമാണ് നയിക്കുന്നത്. നീണ്ട സമരപ്രക്ഷോഭങ്ങളുടെ ഫലമായി നേടിയെടുത്ത മൂലമ്പിള്ളി പാക്കേജിലെ ഉത്തരവു പ്രകാരം കുടിയൊഴിക്കപ്പെട്ടവർക്ക് സർക്കാറാണ് കുടിവെള്ളം നൽകേണ്ടത്. എന്നാൽ, നിസാര തകരാറുപോലും പരിഹരിക്കാൻ തയ്യാറാവാതെ തങ്ങളെ ദുരിതത്തിലാക്കുകയാണെന്ന് വീട്ടമ്മമാരുൾപ്പെടെ ചൂണ്ടിക്കാട്ടി.
പ്രശ്നപരിഹാരമാവശ്യപ്പെട്ട് പ്രദേശത്ത് പ്രതിഷേധ യോഗം ചേർന്നു. കുടിവെള്ള വിതരണം ഉടൻ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുമെന്ന് മൂലമ്പിള്ളി കോർഡിനേഷൻ കമ്മിറ്റി വ്യക്തമാക്കി. മുൻ വാർഡ് അംഗം മേരി ഫ്രാൻസീസ് പനക്കൽ അധ്യക്ഷത വഹിച്ചു. വി.പി. വിൽസൻ, ജോൺസൺ, ജോൺ ജോസഫ്, അഞ്ജു, ഹണി, ജോസി, ലീന നടേശൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.