കൊച്ചി: മഴക്കാലം ശക്തമായതോടെ റോഡുകളിൽ അപകടങ്ങൾ വർധിക്കുന്നത് ഡ്രൈവിങ്ങിൽ കൂടുതൽ ജാഗ്രത വേണമെന്ന മുന്നറിയിപ്പാകുന്നു. സമീപദിവസങ്ങളിൽ മഴയും കാറ്റും മൂലം വഴികളിൽ ആളുകളുടെ ജീവൻ നഷ്ടമാകുന്ന സാഹചര്യം വരെ ജില്ലയിലുണ്ടായി. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ശക്തമായ കാറ്റിലും മഴയിലും റോഡിലേക്ക് മറിഞ്ഞുവീണ വൈദ്യുതി പോസ്റ്റിൽ ബൈക്ക് ഇടിച്ച് പള്ളി ഇമാമിന് ദാരുണാന്ത്യമുണ്ടായത്.
ക്ഷേത്രപൂജാരിക്കും ഇതേസ്ഥലത്ത് അപകടമുണ്ടായി. രണ്ടാഴ്ച മുമ്പ് സ്ഥാപിച്ച ലൈനില്ലാത്ത വൈദ്യുതി പോസ്റ്റാണ് കനത്തമഴയിൽ റോഡിലേക്ക് വീണത്. കാഞ്ഞിരമറ്റത്ത് കുടുംബം സഞ്ചരിച്ച കാറിന് മുകളിൽ മരം വീണു. യാത്രക്കാർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
പല സ്ഥലത്തും വൈദ്യുതി പോസ്റ്റിലൂടെ വലിച്ചിരിക്കുന്ന കേബിളുകൾ പൊട്ടിവീഴുന്നത് വാഹനങ്ങൾക്ക് അപകട ഭീഷണിയാകുന്നുണ്ട്. ദേശീയപാത അങ്കമാലി ചെറിയവാപ്പാലശ്ശേരിയിൽ ഞായറാഴ്ച വൈകീട്ടുണ്ടായ ശക്തമായ കാറ്റിൽ വൻ വാകമരം റോഡിൽ വീണിരുന്നു. ഈസമയം റോഡിൽ വാഹനങ്ങളോ യാത്രക്കാരോ ഇല്ലാതിരുന്നതാണ് വൻദുരന്തം ഒഴിവാക്കിയത്.
പാർക്ക് ചെയ്യുമ്പോഴും ശ്രദ്ധവേണമെന്ന സന്ദേശമാണ് മറ്റ് ചില അപകടങ്ങളിലൂടെ ലഭിക്കുന്നത്. എറണാകുളം-കടവന്ത്ര മാവേലി റോഡിൽ മരം വീണ് കാറും ഓട്ടോറിക്ഷയും തകർന്നിരുന്നു. അങ്കമാലി കുളവൻകുന്നിൽ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിന് മുകളിൽ മരങ്ങൾ വീണും നാശമുണ്ടായി. അപ്പോളോ ജങ്ഷന് സമീപത്തെ മേൽപാലത്തിൽ കാർ തലകീഴായി മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. തുടർച്ചയായി പെയ്ത കനത്ത മഴയിൽ പലയിടത്തും വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ടെന്നതിനാൽ വാഹനയാത്രികർ കൂടുതൽ ശ്രദ്ധ പുലർത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.