കൊച്ചി: രാജ്യത്ത് കോവിഡ് ബാധിതരുടെയും പനി ബാധിച്ചവരുടെയും എണ്ണം വർധിക്കുമ്പോൾ ജില്ലയിലും ആശങ്ക കൂടുന്നു. ജില്ലയിൽ നിരവധി കോവിഡ് കേസുകൾ ഉണ്ടെങ്കിലും ഇതു സംബന്ധിച്ച കണക്ക് പുറത്തുവിട്ടിട്ടില്ല. സ്ഥിരീകരിച്ചവയെല്ലാം അതത് ലാബുകളിൽനിന്ന് നേരിട്ട് സംസ്ഥാനതല ഓഫിസിലേക്കാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്ന് ജില്ല ആരോഗ്യവിഭാഗം വ്യക്തമാക്കുന്നു.
എന്നാൽ, ജില്ലയിൽ കോവിഡ് ബാധിതരുണ്ടെന്നും പൊതുജനം ജാഗ്രത പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി. സംസ്ഥാനത്താകെ 1300ലേറെ പേർക്കാണ് നിലവിൽ രോഗബാധയുള്ളത്. നിലവിൽ തീവ്രത കുറഞ്ഞ, എന്നാൽ, വ്യാപനശേഷി കൂടുതലുള്ള ഒമിക്രോൺ ജെ.എൻ. വൺ എൽ.എഫ് 7 എന്ന വകഭേദമാണ് പടരുന്നത്.
കോവിഡ് വർധനയുടെ കാര്യത്തിൽ ആശങ്കപ്പെടാനില്ലെങ്കിലും ജാഗ്രതയും കരുതലും വേണമെന്ന് ഡി.എം.ഒ വ്യക്തമാക്കി. പൊതുയിടങ്ങളിൽ മാസ്ക് ധരിക്കണം, രോഗം ഗുരുതരമാകാൻ സാധ്യതയുള്ള ഹൈറിസ്ക് വിഭാഗത്തിലുള്ളവർക്ക് പൊതുസ്ഥലത്ത് മാസ്ക് നിർബന്ധമായും ധരിക്കണം. ജലദോഷപ്പനിയുടെ ലക്ഷണങ്ങളാണ് മുഖ്യമായും കണ്ടുവരുന്നത്.
പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, തലവേദന, പേശിവേദന, ക്ഷീണം, വയറ്റിൽ അസ്വസ്ഥത, ഓക്കാനം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. മഴക്കാലത്ത് സാധാരണ ജലദോഷപ്പനികളിലും സമാനലക്ഷണങ്ങളുണ്ടാകാം. അതിനാൽ രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയംചികിത്സക്ക് മുതിരാതെ ഡോക്ടറെ കാണണം. ഇടക്കിടെ കൈ സോപ്പ് ഉപയോഗിച്ച് കഴുകൽ, രോഗലക്ഷണങ്ങൾ കണ്ടാൽ ജനസമ്പർക്കം ഒഴിവാക്കൽ തുടങ്ങിയവയും ശ്രദ്ധിക്കണം.
ജില്ലയിൽ നാലു ദിവസത്തിനിടെ പനി ബാധിച്ച് സർക്കാർ ആശുപത്രികളിൽ മാത്രം ചികിത്സ തേടിയത് 1968 പേർ. സ്വകാര്യ ആശുപത്രികളിലെ കണക്കുകൂടി വരുമ്പോൾ രോഗികളുടെ എണ്ണം ഇതിലും കൂടും. നാലു ദിവസത്തിനിടെ 50 ഓളം പേർ കിടത്തിച്ചികിത്സ തേടിയതായി കണക്കുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ ഇൻഫ്ലുവൻസ ബാധിച്ച് ചികിത്സ തേടിയവരുമുണ്ട്. ബുധനാഴ്ച മാത്രം 499 പേർ പനി ബാധിച്ച് ആശുപത്രിയിലെത്തിയപ്പോൾ 23 പേരെ കിടത്തിച്ചികിത്സക്ക് വിധേയരാക്കി. ചൊവ്വാഴ്ച പനിബാധിതരുടെ എണ്ണം 603 ആയിരുന്നു. ഇതിൽ ഒമ്പതുപേരെ അഡ്മിറ്റ് ചെയ്തു. തിങ്കളാഴ്ച 674 പേർക്കും ഞായറാഴ്ച 252 പേർക്കും പനി ബാധിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇൻഫ്ലുവൻസ, ശ്വാസകോശ രോഗങ്ങൾ എന്നിവയുമായി ആശുപത്രിയിലെത്തുന്ന എല്ലാവർക്കും കോവിഡ് ടെസ്റ്റ് ചെയ്യണമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.
റാപിഡ് ആന്റിജൻ ടെസ്റ്റിൽ നെഗറ്റിവാണെങ്കിൽ ആർ.ടി.പി.സി.ആർ ചെയ്യണം. ഇത് പോസിറ്റിവാകുന്ന സാമ്പിളുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവ പുണെ വൈറോളജി ലാബിലേക്ക് അയക്കാനും നിർദേശമുണ്ട്. കോവിഡ് ബാധിതരെ ആശുപത്രികളിൽ പ്രത്യേക വാർഡുകളിലോ മുറികളിലോ പാർപ്പിക്കണം. ആശുപത്രികളിൽ രോഗികളുടെ കൂട്ടിരിപ്പുകാരും ജീവനക്കാരുമെല്ലാം നിർബന്ധമായും മാസ്ക് ധരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.