കൊച്ചി: റെസിഡന്റ്സ് അസോസിയേഷൻ യോഗത്തിൽ സംസാരിച്ചുനിൽക്കേ വായിൽ കൊതുകുപോയതിന്റെ അനുഭവം വിശദീകരിച്ച് കൗൺസിലർ. എറണാകുളം ജനറൽ ആശുപത്രിയിൽ പേവിഷബാധക്കെതിരെ കുത്തിവെപ്പിനെത്തുന്നവരെ നിയന്ത്രിക്കാൻപോലും സാധിക്കാത്ത നിലയിലാണ് കാര്യങ്ങളെന്ന് മറ്റൊരു കൗൺസിലർ. കേബിൾ കുരുക്കിൽ അപകടത്തിൽപെടുന്നവരുടെ എണ്ണം വർധിച്ചിട്ടും നടപടി എടുക്കേണ്ട ഉദ്യോഗസ്ഥരുടെ അനാസ്ഥയും ചൂണ്ടിക്കാട്ടി.
ബുധനാഴ്ച ചേർന്ന കൗൺസിൽ യോഗത്തിലാണ് കൊതുക്- തെരുവുനായ്- കേബിൾ വിഷയങ്ങൾ ചൂടേറിയ ചർച്ചക്ക് കാരണമായത്. 64ാം ഡിവിഷൻ കൗൺസിലർ എം.ജി. അരിസ്റ്റോട്ടിലാണ് വായിൽ കൊതുകുകുടുങ്ങിയ കഥ വിവരിച്ചത്. റസിഡൻറ്സ് അസോസിയേഷൻ യോഗത്തിൽ കൊതുകുശല്യത്തെക്കുറിച്ച് സംസാരിക്കുമ്പോഴാണ് തന്റെ വായിൽ കൊതുകു കുടുങ്ങിയത്. മേയറുടെ പേരുപറഞ്ഞപ്പോഴാണ് വായിലേക്ക് കൊതുക് പറന്നുവീണതെന്നും യോഗത്തിനെത്തിയ നാട്ടുകാർ തന്റെ വായിൽ കൊതുകു കുടുങ്ങിയതിൽ സന്തോഷിക്കുന്നത് കണ്ടതായും അങ്ങനെയെങ്കിലും കൊതുകുശല്യം കുറയാൻ നടപടി ഉണ്ടാകുമെന്ന് കരുതിയാവും ജനം സന്തോഷിച്ചതെന്നും അരിസ്റ്റോട്ടിൽ പറഞ്ഞു.
തെരുവുനായ് ശല്യത്തെക്കുറിച്ചണ് പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറക്ക് പറയാനുണ്ടായിരുന്നത്. 200ഓളം പേരാണ് ഒരു ദിവസം ജനറൽ ആശുപത്രിയിൽ നായുടെ കടിയേറ്റ് വരുന്നതെന്നും അവർക്ക് കൃത്യമായി കുത്തിവെപ്പ് നൽകാൻ സാധിക്കുന്നിെല്ലന്നും ആൻറണി പറഞ്ഞു. പലപ്പോഴും ജനറൽ ആശുപത്രിയിൽ 600 രൂപ മാത്രം വിലവരുന്ന കുത്തിവെപ്പ് മരുന്ന് 6000 രൂപക്ക് പുറത്തുനിന്ന് വാങ്ങി നൽകേണ്ട സ്ഥിതി വരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. നഗരത്തിൽ അപകടനിലയിലുള്ള കേബിളുകൾ മുറിച്ചുമാറ്റുന്നതിൽ ഉദ്യോഗസ്ഥർ കാണിക്കുന്ന അനാസ്ഥയിലും കൗൺസിലർമാർ പ്രതിഷേധിച്ചു. കേബിൾ മുറിച്ചുമാറ്റുന്ന കാര്യത്തിൽ അതത് മേഖലയിലെ ഓവർസിയർമാർ മറുപടി പറയേണ്ടിവരുമെന്ന് മേയർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.