കൊച്ചി: പ്രവൃത്തിയുൾപ്പെടെ വരുന്ന പല ഫയലുകളും കാണാതാവുന്നതും കെട്ടിക്കിടക്കുന്നതും സംബന്ധിച്ച പരാതികളിൽ പരിഹാരം കാണാൻ കൊച്ചി കോർപറേഷൻ കൗൺസിൽ യോഗം തീരുമാനിച്ചു.ചില പദ്ധതികളുടെയും അപേക്ഷകളുടെയും ഫയലുകൾ കെട്ടിക്കിടക്കുന്നു, ചിലത് കാണുന്നില്ല, ചിലതിൽ ഒരേ ഫയൽ ഒന്നിലധികം കാണപ്പെടുന്നു തുടങ്ങിയ വിവിധ കൗൺസിലർമാരുടെ പരാതികളിൻമേലാണ് നടപടിയെടുക്കുന്നത്.
കാണാതായ ഫയലുകൾ സംബന്ധിച്ച് സൂപ്രണ്ടിങ് എൻജിനീയർക്ക് പരാതി നൽകാൻ കൗൺസിലർമാർക്ക് മേയർ എം. അനിൽ കുമാർ നിർദേശം നൽകി. ഇതെല്ലാം പരിശോധിച്ച് ഒരാഴ്ചക്കു ശേഷവും കണ്ടെത്താനായില്ലെങ്കിൽ പരാതി വിജിലൻസിന് കൈമാറും. കൂടാതെ, കോർപ്പറേഷനിൽ ഫയലുകൾ കെട്ടി കിടക്കുന്നുണ്ടോയെന്നും ഉണ്ടെങ്കിൽ എത്രത്തോളം ഉണ്ടെന്നും പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഡെപ്യൂട്ടി സെക്രട്ടറിയെയും മേയർ ചുമതലപ്പെടുത്തി.
പല പ്രവൃത്തികളിലും ഒന്നിലധികം ഫയലുകൾ സൃഷ്ടിക്കപ്പെടുന്നതായും ആരെങ്കിലും പരാതി നൽകിയാൽ ഉടൻ കൗൺസിലർ പോലുമറിയാതെ അത് ഫയലായി സൃഷ്ടിക്കപ്പെടുന്നുണ്ടെന്നും പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ അഡ്വ. വി.കെ. മിനിമോൾ ചൂണ്ടിക്കാട്ടി.ക്ഷേമ പെൻഷൻ അപേക്ഷയുൾപ്പെടെ ചില ഫയലുകൾ തീർപ്പാക്കാതെ അനാവശ്യമായി നീട്ടിക്കൊണ്ട് പോകുന്നതായും ചില ജോലികൾ ഫയൽ തുറക്കാതെ തന്നെ ആരംഭിക്കുന്നതായും കൗൺസിലർമാർ ചൂണ്ടിക്കാട്ടി.
ഏതൊക്കെ ഫയലാണ് തുറന്നതെന്നും തീർപ്പുകൽപിച്ചതെന്നും കെ സ്മാർട്ട് പരിശോധിച്ചാൽ അറിയാൻ കഴിയും.കെ സ്മാർട്ട് പരിശോധിച്ച് എല്ലാ മാസവും റിപ്പോർട്ട് നൽകാനാണ് ഡെപ്യൂട്ടി സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്. ഫയൽ തുറക്കാതെ ആരംഭിച്ച ജോലികളും ഈ പരിശോധനയിൽ അറിയാൻ കഴിയും.
കെ.പി. വള്ളോൻ റോഡിന്റെ ശോച്യാവസ്ഥ പരിശോധിച്ച് ഡി.പി.ആർ തയാറാക്കാൻ സി ഹെഡിനെ ചുമതലപ്പെടുത്തും. കാനയും വശങ്ങളിലെ പാർക്കിങ്ങും ചേർന്നാണ് കെ.പി വള്ളോൻ റോഡിനെ മോശമാക്കുന്നത്. ഇതിന് പരിഹാരം കാണാൻ ശ്രമം നടത്തുമെന്നും മേയർ പറഞ്ഞു. അടുത്തിടെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണമുണ്ടായ ജി സ്മാരകത്തിൽ കാമറ സ്ഥാപിക്കണമെന്ന് പ്രതിപക്ഷത്തെ എം.ജി. അരിസ്റ്റോട്ടിൽ ആവശ്യപ്പെട്ടു. കാമറ സ്ഥാപിക്കുന്നതിനുള്ള പ്രോജക്ട് സിഹെഡ് ഏറ്റെടുത്തിട്ടുണ്ട്. സ്മാരകത്തിനനുബന്ധമായി ശുചിമുറിയും പണിയാനും റോഡ് ശരിയാക്കാനും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.