മട്ടാഞ്ചേരി: ട്രോളിങ് നിരോധനശേഷം മീൻ പിടിക്കാൻ കടലിൽ പോയ ബോട്ടുകള്‍ക്ക് പുറംകടലിൽ മുങ്ങിയ കപ്പലിലെ കണ്ടെയ്നറുകള്‍ വിനയാവുന്നു. ആഴക്കടലിൽ വിവിധ ഭാഗങ്ങളിൽ കണ്ടെയ്നറുകളും അതിന്റെ അവശിഷ്ടങ്ങളും കിടക്കുന്നുണ്ടെന്നും ഇത് മൂലം വല ഉപയോഗിച്ച് മീൻ പിടിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും കൊച്ചി ഫിഷറീസ് ഹാര്‍ബറില്‍ നിന്ന് പോയ ട്രോള്‍ നെറ്റ് ബോട്ടുകളിലെ തൊഴിലാളികള്‍ പറഞ്ഞു.
ആഴക്കടലിൽ ദിവസങ്ങൾ നീണ്ടു നിൽക്കുന്ന മത്സ്യ ബന്ധനം നടത്തി മടങ്ങുന്ന യാനങ്ങളാണ് ട്രോള്‍ നെറ്റ് ബോട്ടുകള്‍. കൊച്ചി ഫിഷറീസ് ഹാര്‍ബറില്‍ നിന്ന് പോയ 15ഓളം ബോട്ടുകള്‍ക്ക് വല, ബോര്‍ഡ്, കപ്പി, വയര്‍ റോപ്പ് ഉൾപ്പെടെ നഷ്ടപ്പെട്ടു. ലക്ഷങ്ങളുടെ നഷ്ടമാണ് ഓരോ ബോട്ടുകള്ക്കുമുണ്ടായത്. ഉത്തര മാതാ, നിസ്നി എന്നീ ബോട്ടുകള്‍ക്ക് മൂന്ന് ലക്ഷത്തിനു മുകളിൽ നഷ്ടം ഉണ്ടായെന്ന് സ്രാങ്കുമാരായ റൂബന്‍, അജയ് എന്നിവര്‍ പറഞ്ഞു.
സാധാരണ ഗതിയിൽ ട്രോളിങ് നിരോധനശേഷം കടലിൽ പോകുന്ന ട്രോള്‍ നെറ്റ് ബോട്ടുകള്‍ക്ക് നിറയെ മത്സ്യം ലഭിക്കാറുണ്ട്. എന്നാല്‍ കടലില്‍ കണ്ടെയ്നറുകളും, മറ്റ് അവശിഷ്ടങ്ങളും കിടക്കുന്നതിനാൽ വല വലിക്കാന്‍ കഴിയുന്നില്ലെന്ന് ട്രോള്‍ നെറ്റ് ബോട്ട് ഓണേഴ്സ് അസോസിയേഷന് പ്രസിഡന്റ് ബി.യു. ഫൈസല്‍ പറഞ്ഞു.
സീസണ് സമയത്ത് പ്രതിസന്ധി ഉടലെടുത്തത് ബോട്ടുടമകള്‍ക്കും തൊഴിലാളികള്‍ക്കും വലിയ തിരിച്ചടിയായി. പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും നഷ്ട രിഹാരം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് അസോസിയേഷന് കോടതിയെ സമീപിക്കുമെന്നും ഫൈസല്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.