കൊച്ചി: കൊച്ചിക്കാരുടെ യാത്രാക്ലേശത്തിന് പരിഹാരമാകുന്ന മൂന്നാമത്തെ റോ റോയുടെ നിർമാണം ഒരു വർഷത്തിനുള്ളിൽതന്നെ പൂർത്തിയാകും.
കൊച്ചി കോർപറേഷനുവേണ്ടി നിർമിക്കുന്ന മൂന്നാമത്തെ റോ റോയുടെ മുഴുവൻ നിർമാണത്തുക ഷിപ്യാർഡിന് കൈമാറി. 14.9 കോടിയാണ് ജി.എസ്.ടി ഉള്‍പ്പെടെ റോ റോ നിർമാണത്തിന് കോർപറേഷൻ നല്‍കേണ്ടത്. കൊച്ചി സ്മാര്‍ട്ട് മിഷന് ലിമിറ്റഡാണ് ഇതിനുള്ള സാമ്പത്തിക സഹായം നല്‍കുന്നത്. ഇത് സംബന്ധിച്ച കരാര്‍ 2024 നവംബർ 13ന് കൊച്ചി കപ്പല്‍ശാലയുമായി ഒപ്പുവെച്ചിരുന്നു.
ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥരുടെ പൂർണ പങ്കാളിത്തത്തിലാണ് കരാര്‍ ഒപ്പുവെച്ചത്. 18 മാസമാണ് നിർമാണ കാലാവധിയെങ്കിലും ആറുമാസം മുമ്പ് ഈ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കണമെന്ന കോർപറേഷൻ മേയർ എം. അനിൽകുമാറിന്റെ അഭ്യർഥന കപ്പല്‍ശാല ചെയര്മാന് അംഗീകരിക്കുകയും 12 മാസത്തിനുള്ളിൽ നിർമാണം പൂര്‍ത്തീകരിക്കണമെന്ന നിർദേശം അദ്ദേഹം നിർമാണ ടീമിന് നല്‍കുകയും ചെയ്തിരുന്നു.
മൂന്നാമത്തെ റോ റോ വരുന്നതോടെ ഏതെങ്കിലും ഘട്ടത്തില്‍ സാങ്കേതിക തകരാറുണ്ടായാല്‍ രണ്ട് റോ റോക്ക് മുടക്കമില്ലാതെ സർവിസ് നടത്താന്‍ കഴിയും. ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി മേഖലയിലുള്ളവർക്ക് എറണാകുളത്തേക്കും വൈപ്പിനിലേക്കുമുള്ള യാത്രയും എറണാകുളത്തുനിന്ന് ടൂറിസം മേഖലയായ കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിലേക്കുമുള്ള യാത്രയും കുറെക്കൂടി സുഗമമാകും.
തുക കൈമാറിയതിലൂടെ മൂന്നാമത്തെ റോ റോക്ക് വേണ്ടിയുള്ള എല്ലാ നടപടിക്രമങ്ങളും കോർപറേഷന്റെ ഭാഗത്തുനിന്നും പൂർത്തീകരിച്ചതായി മേയർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.