മട്ടാഞ്ചേരി: വാട്ടർ മെട്രോ ജെട്ടി നിർമാണം ഒരു വർഷത്തിനകം പൂർത്തീകരിക്കണമെന്ന ഹൈകോടതി ഉത്തരവിൽ നാട്ടുകാർ ഏറെ സന്തോഷത്തിൽ. മട്ടാഞ്ചേരിയിലെ ജല മെട്രൊ ടെർമിനൽ നിർമാണം നീണ്ടു പോകുന്നതും അനിശ്ചിതത്വത്തിലായതും ചൂണ്ടിക്കാട്ടി കൊച്ചി നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ കൂടിയായ ടി.കെ. അഷറഫ്, ജൂ ടൗൺ ട്രേഡേഴ്സ് അസോസിയേഷൻ പ്രസിഡൻറ് ജുനൈദ് സുലൈമാൻ, മട്ടാഞ്ചേരി സിനഗോഗ് ട്രസ്റ്റി എം.സി. പ്രവീൺ എന്നിവർ ഹൈകോടതിയിൽ സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടിരിക്കുന്നത്.
വാട്ടർ മെട്രോ ജെട്ടികളിൽ ആദ്യഘട്ടം പൂർത്തീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്ന മട്ടാഞ്ചേരി ജെട്ടിയുടെ നിർമാണം വിവിധ കാരണങ്ങളാൽ അനന്തമായി നീണ്ടു പോകുന്നതിൽ ഏറെ നിരാശരായിരുന്നു നാട്ടുകാർ. നിരവധി ജനകീയ സമരങ്ങൾ ജെട്ടിക്കായി നടന്നുവെങ്കിലും ഒരു ഫലവും കണ്ടെത്താനായിരുന്നില്ല. ജെട്ടിക്കായുള്ള സ്ഥലം ഏറ്റെടുക്കുകയും പൈതൃക സംരക്ഷണ ചട്ടങ്ങൾ പ്രകാരം പ്രത്യേക അനുമതി വരെ ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഒരു ഇഷ്ടിക പോലും സ്ഥാപിക്കാൻ ഇതുവരെ കഴിഞ്ഞിരുന്നില്ല.
മട്ടാഞ്ചേരിയിൽ വാട്ടർ മെട്രോ ജെട്ടി എന്ന പദ്ധതിക്കായി പ്രതീക്ഷയോടെയാണ് ജനങ്ങൾ കാത്തിരുന്നത്. നിർമാണം നീണ്ടതോടെ പദ്ധതി ഉപേക്ഷിക്കപ്പെടുമോയെന്ന ആശങ്കയിലായിരുന്നു നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.