ദേശീയപാത നിർമാണത്തിന്റെ ഭാഗമായി പുത്തൻകുരിശ് ടൗണിൽ ഓടകൾക്ക് മുകളിൽ മണ്ണടിച്ച നിലയിൽ
കൊച്ചി: കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ അശാസ്ത്രീയ നിർമാണത്തിൽ പരാതികളേറെ. പാത നിർമാണം ആരംഭിച്ച് ഒരുവർഷം പിന്നിടുമ്പോഴാണ് വിവിധ കേന്ദ്രങ്ങളിൽനിന്ന് പരാതികളും സജീവമാകുന്നത്. 1073.8 കോടി രൂപ ചെലവിട്ടാണ് ദേശീയപാതയിൽ കുണ്ടന്നൂർ മുതൽ മൂന്നാർ വരെ പുനർനിർമാണ പ്രവൃത്തികൾ ആരംഭിച്ചത്. 2023 ഡിസംബറിൽ ആരംഭിച്ച പ്രവൃത്തികൾ ഇപ്പോൾ പാതിഘട്ടം പിന്നിട്ടു. രണ്ടുവർഷമാണ് നിർമാണ കരാർ കാലാവധി.
നിർമാണ പ്രവർത്തനങ്ങളുടെ പ്രാരംഭഘട്ടത്തിൽ തന്നെ വിവാദമായത് ദേശീയപാതയോരത്തെ മരം വെട്ടലാണ്. നിയമവിരുദ്ധമായാണ് വെട്ടിമാറ്റുന്നതെന്നായിരുന്നു ആരോപണം. പിന്നാലെ പുറമ്പോക്ക് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട വിവാദമുയർന്നു. ദേശീയപാതയുടെ പല ഭാഗങ്ങളിലും കൈയേറ്റവും അശാസ്ത്രീയ നിർമാണവും മൂലം വീതിയില്ലെന്ന് വർഷങ്ങളായി ആരോപണമുയർന്നിരുന്നു. പുനർനിർമാണത്തിൽ അത് പരിഹരിക്കുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. റോഡിന്റെ ഇരുവശത്തുമുള്ള പുറമ്പോക്ക് ഏറ്റെടുത്ത് പത്ത് മീറ്റർ വീതി ഉറപ്പാക്കുമെന്നും പറഞ്ഞിരുന്നു. എന്നാൽ, പിന്നീട് അതുണ്ടായില്ല. സർവേയർമാരുടെ ക്ഷാമവും മറ്റും ചൂണ്ടിക്കാട്ടി ബന്ധപ്പെട്ടവർ പിൻവാങ്ങുകയായിരുന്നു. ഇതോടെ നിലവിലുള്ള അതേ സ്ഥിതിയിൽ റോഡ് പുനർനിർമാണവും തുടങ്ങി. കൈയേറ്റങ്ങളാകട്ടെ തൽസ്ഥിതി തുടരുകയുമാണ്.
മൂന്നാർ വരെ നീളുന്ന 125 കിലോമീറ്റർ റോഡിൽ ഇരുവശത്തുമായി 186 കിലോമീറ്ററാണ് കാന നിർമിക്കുന്നത്. എന്നാൽ, പുറമ്പോക്ക് ഏറ്റെടുക്കാതെ കാന നിർമിക്കുന്നതിനാൽ പലഭാഗത്തും നിലവിലുള്ള റോഡിന്റെ വീതി കുറക്കുന്നതായാണ് പരാതിയുയർന്നത്. അധികൃതർ ഇത് അവഗണിക്കുകയായിരുന്നു. നിലവിൽ പാതയിലെ പകുതിയോളം ഭാഗത്ത് കാന നിർമാണം അവസാനഘട്ടത്തിലാണ്. നിർമാണവുമായി ബന്ധപ്പെട്ട് സ്വീകരിച്ച സുരക്ഷ മുൻകരുതലുകളുടെ അപര്യാപ്തതകളെക്കുറിച്ചും വിവാദങ്ങളുയർന്നിരുന്നു. ദേശീയപാതയിലെ മൂവാറ്റുപുഴക്കും ശാസ്താംമുഗളിനും ഇടയിൽ മാത്രം ഇക്കാലയളവിൽ നിരവധി അപകടങ്ങളും മരണങ്ങളുമുണ്ടായി. ഓട നിർമാണം പൂർത്തീകരിച്ച ഭാഗത്താകട്ടെ അശാസ്ത്രീയത സംബന്ധിച്ച പരാതികളാണുയരുന്നത്. സ്ലാബിന് മുകളിൽ വലിയ രീതിയിൽ മണ്ണിട്ട് മൂടിയതാണ് പുത്തൻകുരിശ് ടൗണിലടക്കം പരാതിക്കാധാരം. ഇതോടെ ഇവിടെ വെള്ളക്കെട്ട് രൂക്ഷമാകുമെന്നാണ് വ്യാപാരികളുടെ പരാതി.
ദേശീയപാത നിർമാണം പാതിവഴി പിന്നിടുമ്പോൾ പലയിടത്ത് പല വീതിയാണ്. രണ്ടാംഘട്ട പ്രവൃത്തികൾ നടക്കുന്ന മാമലക്കും കടാതിക്കും ഇടയിൽ ഇത് പ്രകടമാണ്. ഇത് യാത്രക്കാർക്കടക്കം പ്രതിസന്ധി സൃഷ്ടിക്കും. ഒരു കിലോമീറ്ററിനുള്ളിൽതന്നെ പല വീതിയിലാണ് റോഡ് കടന്നുപേകുന്നത്. നിർമാണം പൂർത്തിയാകുന്നതോടെ രാത്രികാലങ്ങളിലടക്കം ഇത് വാഹനങ്ങൾക്ക് ഏറെ പ്രയാസം സൃഷ്ടിക്കും. ദേശീയപാതയിലെ കൊടുംവളവുകൾ അത പോലെ നിലനിർത്തിയെന്ന് മാത്രമല്ല ഇവിടങ്ങളിലും റോഡിന് താരതമ്യേന വീതി കുറവുമാണ്. ഇതടക്കം ഭാവിയിൽ വലിയ അപകടങ്ങൾക്ക് വഴിവെക്കുമെന്ന ആശങ്കയാണ് നാട്ടുകാർക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.