കൊച്ചി: പിണറായിയുടെ വിശ്വസ്തന് ജില്ല സെക്രട്ടറിയായി മൂന്നാമൂഴം. സംസ്ഥാനത്ത് തന്നെ മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധമുളള അപൂർവം പാർട്ടി നേതാക്കളിൽ ഒരാളാണ് മൂന്നാം വട്ടവും ജില്ല സെക്രട്ടറിയായ സി.എൻ. മോഹനൻ.
പാർട്ടിയിൽ ഉയർച്ച- താഴ്ചകൾ ഏറെ കണ്ടാണ് അദേഹത്തിന്റെ വളർച്ച. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ അദ്ദേഹം പലവട്ടം കടുത്ത പൊലീസ് മർദനങ്ങൾക്കും ജയിൽ വാസത്തിനും ഇരയായിട്ടുണ്ട്. 1994 മുതൽ 2000 വരെ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡൻറ്, അഖിലേന്ത്യ വൈസ് പ്രസിഡൻറ് സ്ഥാനങ്ങൾ വഹിച്ചു. കൂത്തുപറമ്പ് വെടിവപ്പ് നടക്കുമ്പോൾ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡൻറായിരുന്നു. എന്നാൽ പാർട്ടിയിൽ വിഭാഗീയത രൂക്ഷമായി വി.എസ് മുടിചൂടാമന്നനായപ്പോൾ എതിർ ചേരിയിലായിരുന്ന ഇദ്ദേഹം കോലഞ്ചേരി ഏരിയ കമ്മിറ്റിയിലേക്കൊതുങ്ങി.
പിന്നീട് പിണറായി വിജയൻ പാർട്ടിയിൽ പിടിമുറുക്കിയതോടെയാണ് തിരിച്ചുവരവ്. 2000 മുതൽ 2005 വരെ സി.പി.എം കോലഞ്ചേരി ഏരിയ സെക്രട്ടറി, തുടർന്ന് ജില്ല കമ്മിറ്റിയിലും പിന്നീട് ദേശാഭിമാനി റസിഡൻറ് മാനേജരുമായി. പിന്നാലെ സംസ്ഥാന കമ്മിറ്റിയിലുമെത്തി.
തുടർന്ന് ജി.സി.ഡി.എ ചെയർമാനായി പ്രവർത്തിക്കവേയാണ് ജില്ല സെക്രട്ടറിയായിരുന്ന പി.രാജീവ് സംസ്ഥാന സെക്രട്ടറിയേറ്റംഗമായതിനെ തുടർന്ന് 2018ൽ ജില്ല സെക്രട്ടറിയായത്. തുടർന്ന് 2021 ഡിസംബറിൽ നടന്ന ജില്ല സമ്മേളനത്തിലും ഇദേഹം തന്നെ സെക്രട്ടറിയായി.
നിലവിൽ സി.ഐ.ടി.യു അഖിലേന്ത്യ കൗൺസിൽ അംഗം, കനിവ് പാലിയേറ്റിവ് കെയർ ജില്ല പ്രസിഡൻറ് തുടങ്ങി നിരവധി ചുമതലകളുണ്ട്. ഇക്കുറി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റമുണ്ടാകുമെന്ന് പ്രചാരണമുണ്ടായിരുന്നെങ്കിലും അതെല്ലാം നിഷ്ഫലമാക്കിയാണ് മുഖ്യമന്ത്രിയുടെ കൂടി സാന്നിധ്യത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ സി.എൻ തന്നെ സെക്രട്ടറിയായത്.
കോലഞ്ചേരിക്കടുത്ത പൂതൃക്ക സ്വദേശിയായ ഇദ്ദേഹം നിലവിൽ പുത്തൻകുരിശിലാണ് താമസിക്കുന്നത്. വടവുകോട് ഫാർമേഴ്സ് ബാങ്ക് മാനേജർ വനജയാണ് ഭാര്യ. ചാന്ദ്നി, വന്ദന എന്നിവർ മക്കളാണ്.
"ജനപക്ഷ പ്രവർത്തനങ്ങളിലൂന്നി പാർട്ടിയെ കൂടുതൽ കരുത്തോടെ നയിക്കും. കനിവ് പാലിയേറ്റീവിനൊപ്പം, വയോജനക്ഷേമ-മാലിന്യ നിർമാർജന പ്രവർത്തനങ്ങളും കാര്യക്ഷമമായി നടപ്പാക്കും. ഇതിനായി പാർട്ടി അണികളെ സജ്ജമാക്കും. ജില്ലയിൽ പാർട്ടി കരുത്ത് നേടുമ്പോഴും അത് തെരഞ്ഞെടുപ്പുകളിൽ ഗുണം ചെയ്യാറില്ല. ജില്ല പൊതുവേ വലതുപക്ഷ രാഷ്ട്രീയത്തിന് മേൽകോയ്മയുളളതാണ്. ജില്ല സമ്മേളന വിജയത്തിൻറെ തിളക്കം കെടുത്താൻ ചിലമാധ്യമങ്ങൾ വ്യാജ വാർത്ത ചമക്കുകയാണ്. അതിന്റെ ഭാഗമായാണ് ജില്ലയിലെ പാർട്ടി മാഫിയാ സംഘമാണെന്ന് സംസ്ഥാന സെക്രട്ടറി പറഞ്ഞതായ പ്രചാരണം. ശുദ്ധ അസംബന്ധമാണിത്. ജില്ലയിലെ ലോക്കൽ-ഏരിയാ തല നേതാക്കളിൽ ബഹുഭൂരിപക്ഷവും ദിവസക്കൂലിക്കാരാണ്. ഇതിനപവാദമായുണ്ടാകുന്ന ഒറ്റപ്പെട്ട കാര്യങ്ങളെ പാർട്ടി ശക്തമായി നേരിടും" -സി.എൻ. മോഹനൻ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.