പറവൂർ: മിനി സിവിൽ സ്റ്റേഷനിലെ ശുദ്ധജല കണക്ഷന്റെ വെള്ളക്കരം റവന്യൂ വകുപ്പ് നൽകാൻ ജില്ല വികസന സമിതി യോഗത്തിൽ തീരുമാനമായതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു. പൊതുടാപ്പിൽനിന്ന് വെള്ളം എടുത്തതിനാൽ ജലഅതോറിറ്റി പൊതുടാപ്പ് വിച്ഛേദിച്ചിരുന്നു. ജീവനക്കാരുടെ പ്രയാസം അറിയിച്ചതിനെത്തുടർന്ന് കണക്ഷൻ പുന:സ്ഥാപിച്ചു. മിനി സിവിൽ സ്റ്റേഷന്റെ ഉടമാവകാശമുള്ള തഹസിൽദാർ അപേക്ഷ സമർപ്പിച്ച് പുതിയ കണക്ഷൻ എടുക്കാനും ഇതിനാവശ്യമായ തുക ലഭിക്കാൻ കലക്ടർക്ക് ഫണ്ട് റിക്വസ്റ്റ് നൽകാനും തീരുമാനിച്ചു.
ഫണ്ടിന്റെ ലഭ്യത അനുസരിച്ച് തുക തഹസിൽദാർക്ക് കൈമാറും. തുക കിട്ടുന്ന മുറക്ക് തഹസിൽദാർ ജല അതോറിറ്റിയിൽ അടക്കും. വെള്ളക്കരം ജീവനക്കാരുടെ കൈയിൽനിന്ന് നൽകണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് യോഗത്തെ അറിയിച്ചു.തകർന്ന മൂത്തകുന്നം മുതൽ വരാപ്പുഴ വരെയുള്ള ദേശീയപാത മുഴുവനായും റീടാർ ചെയ്യാൻ ദേശീയപാത അതോറിറ്റിക്ക് സംസ്ഥാന പാത വിഭാഗം നൽകിയ 12.56 കോടി രൂപയുടെ എസ്റ്റിമേറ്റ് പ്രകാരമുള്ള തുക ഉടൻ കൈമാറാൻ നിർദേശം നൽകും.
ചളി നിറഞ്ഞ് ആളുകൾക്ക് നടക്കാൻ പോലും പ്രയാസമായതിനാൽ മൂത്തകുന്നം കവലയിൽനിന്ന് മാല്യങ്കരയിലേക്ക് പോകുന്ന ഭാഗത്ത് ടൈൽസ് വിരിക്കണം. മൂത്തകുന്നം പാലത്തിന് പടിഞ്ഞാറ് ഭാഗത്തുള്ള 18 വീട്ടുകാർക്കുള്ള വഴിക്ക് വേണ്ടിയുള്ള സ്കെച്ച് തയാറാക്കി നൽകുന്നതിൽ ഓറിയന്റൽ കമ്പനിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കണം.
ദേശീയപാത നിർമാണം മൂലം മൂത്തകുന്നം മുതൽ വരാപ്പുഴ വരെ വെള്ളക്കെട്ട് ഉണ്ടാകുന്നതിനാൽ മഴക്കാലം കഴിയുന്നതുവരെ നിരന്തര പരിശോധനയും പരിഹരിക്കാനുള്ള നടപടികളും വേണമെന്ന ആവശ്യത്തിൽ ദേശീയപാത അതോറിറ്റിക്ക് അടിയന്തര നിർദേശം നൽകാമെന്ന് കലക്ടർ ഉറപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.