കൊച്ചി: അജൈവ മാലിന്യക്കൂനകൾ പഴങ്കഥയാക്കാൻ ലക്ഷ്യമിട്ട് അധികൃതർ കച്ചകെട്ടിയിറങ്ങിയപ്പോൾ നാടുകടക്കേണ്ടി വരുന്നത് ടൺകണക്കിന് പാഴ് വസ്തുക്കൾ. ഇവയിൽ വലിയൊരു ശതമാനം വസ്തുക്കൾ പുനർനിർമിക്കാനുമാകും. ഇത്തരത്തിൽ ക്ലീൻ കേരള കമ്പനി ആറ് മാസത്തിനിടെ നീക്കംചെയ്തത് 43.80 ലക്ഷം കിലോഗ്രാം മാലിന്യമാണ്. 59,600 കിലോഗ്രാം തുണി, 13375.74 കിലോഗ്രാം ഇ-വേസ്റ്റ് എന്നിവയൊക്കെ ശേഖരിച്ചവയിൽ ഉൾപ്പെടുന്നു.
തദ്ദേശവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തനം നടത്തുന്ന സ്ഥാപനമാണ് ക്ലീന്‍ കേരള കമ്പനി. സംസ്ഥാനത്തെ ശുചിത്വ പരിപാലന രംഗത്ത് സമഗ്രമായ പുരോഗതി കൈവരിക്കുന്നതിനും അജൈവമാലിന്യങ്ങളുടെ ശാസ്ത്രീയമായ പുനഃചംക്രമണത്തിനും സംസ്കരണത്തിനും ഉതകുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയുമാണ് കമ്പനിയുടെ ലക്ഷ്യം.
വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് ഹരിത കർമസേനാംഗങ്ങളാണ് അജൈവ മാലിന്യം ശേഖരിക്കുന്നത്. എല്ലാ മാസവും സ്ഥലത്തെത്തി പ്ലാസ്റ്റിക് ശേഖരിക്കും. കൂടാതെ, സർക്കാർ പ്രത്യേകം നിശ്ചയിച്ച കലണ്ടർ പ്രകാരം ഓരോയിടത്തുമെത്തി മറ്റ് വസ്തുക്കളും ശേഖരിക്കുന്നതാണ് രീതി.
ചെരിപ്പ്, തുണി തുടങ്ങിയ വസ്തുക്കൾ ഏതൊക്കെ ദിവസങ്ങളിൽ ശേഖരിക്കണമെന്ന് കലണ്ടറിൽ വ്യക്തമായ ഷെഡ്യൂൾ പ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങളിലെ ഒരുവാർഡിൽ രണ്ടുപേർ എന്ന നിലയിലാണ് സേനാംഗങ്ങൾ പ്രവർത്തിക്കുന്നത്. കുടുംബശ്രീ അംഗമോ അല്ലെങ്കിൽ അവരുടെ കുടുംബാംഗമോ ആയിരിക്കണം ഇവർ എന്നതാണ് നിബന്ധന.
ശേഖരിക്കുന്ന അജൈവ മാലിന്യം ആദ്യം എത്തിക്കുന്നത് മിനി മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റിയിലേക്ക് (എം.സി.എഫ്) ആണ്. അവിടെ ശേഖരിക്കുന്ന വസ്തുക്കൾ മെറ്റീരിയൽ കലക്ഷൻ സെന്ററുകളിലേക്ക് (എം.സി.എഫ്) മാറ്റും. വാഹനങ്ങളിലെത്തിക്കുന്ന മാലിന്യവസ്തുക്കൾ ഇവിടെ തരംതിരിക്കുന്നു. ഇത് സ്വീകരിക്കുന്നതിന് സർക്കാർ വിവിധ ഏജൻസികളുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.
പുനരുപയോഗം സാധ്യമാകുന്ന പാഴ്വസ്തുക്കൾ അവിടെനിന്നുതന്നെ നേരിട്ട് ഏജൻസികൾ ശേഖരിക്കാറുണ്ട്. പുനരുപയോഗ സാധ്യതയില്ലാത്ത പ്ലാസ്റ്റിക് മാലിന്യം റിസോഴ്സ് റിക്കവറി കേന്ദ്രത്തിലേക്ക് അയക്കുകയും ഇത് ചെറുതരികളാക്കി റോഡ് നിർമാണത്തിനും മറ്റും ഉപയോഗിക്കുകയും ചെയ്യുന്നു.
ഇതുവഴി ഇത്തരം പ്ലാസ്റ്റിക്കിന്റെ പുനഃചംക്രമണം സാധ്യമാക്കുന്നു. റീസൈക്കിൾ ചെയ്യാനാകാത്ത മൾട്ടി ലെയേഡ് പ്ലാസ്റ്റിക് റിസോഴ്സ് റിക്കവറി കേന്ദ്രത്തിൽനിന്ന് ശേഖരിക്കുന്ന ഏജൻസികളുമുണ്ട്. തമിഴ്നാട്ടിൽ സിമന്റ് ഫാക്ടറികളിൽ ഹീറ്റിങ് ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തുകയാണ് കൂടുതലും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.