നിർമാണം പുരോഗമിക്കുന്ന കൊച്ചിൻ കാൻസർ സെന്റർ കെട്ടിടം
കൊച്ചി: കളമശ്ശേരി ഗവ.മെഡിക്കൽ കോളജിലെ സൂപ്പർ സ്പെഷാലിറ്റി, കൊച്ചിൻ കാൻസർ സെന്റർ (സി.സി.ആർ.സി) കെട്ടിടങ്ങളുടെ നിർമാണം അന്തിമഘട്ടത്തിലേക്ക്.
ഒക്ടോബറിൽ സൂപ്പർ സ്പെഷാലിറ്റി കെട്ടിടത്തിന്റെയും നവംബറിൽ കാൻസർ സെന്ററിന്റെയും നിർമാണം പൂർത്തിയാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. നിലവിൽ കെട്ടിട നിർമാണം ഏറക്കുറെ പൂർത്തിയായിട്ടുണ്ടെങ്കിലും അനുബന്ധ പ്രവൃത്തികളേറെയുണ്ട്.
അത്യാധുനിക മെഡിക്കൽ ഉപകരണങ്ങളും ഫർണിച്ചറുകളും എത്തിക്കലാണ് ഇതിൽ പ്രധാനം. ഉപകരണങ്ങളുടെയും ഫർണിച്ചറുകളുടെയും പർച്ചേസിങ് സംബന്ധിച്ച് അവലോകനം നടക്കുകയാണെന്ന് രണ്ടു പദ്ധതിക്കും ഫണ്ട് അനുവദിച്ച കിഫ്ബിയുടെ വെബ്സൈറ്റ് വ്യക്തമാക്കുന്നു. ഏകദേശം 450 കോടിയാണ് ഏഴ് ലക്ഷം ചതുരശ്രയടിയിലുള്ള സി.സി.ആർ.സിയുടെ നിർമാണച്ചെലവ്, തൊട്ടടുത്തുള്ള സൂപ്പർസ്പെഷാലിറ്റി കെട്ടിടത്തിന് 350 കോടിയും.
എട്ട് ലക്ഷം ചതുരശ്ര അടിയാണ് ഇതിന്റെ വിസ്തൃതി. ഇൻകെല്ലാണ് പദ്ധതികളുടെ നിർവഹണ ഏജൻസി (എസ്.പി.വി). കാൻസർ സെന്ററിൽ 204 കോടിയുടെ ഉപകരണങ്ങളും ഫർണിച്ചറും വാങ്ങാനുള്ള എസ്റ്റിമേറ്റാണ് കിഫ്ബി തയാറാക്കിയിട്ടുള്ളത്, സൂപ്പർ സ്പെഷാലിറ്റി കെട്ടിടത്തിനുവേണ്ടത് 100 കോടിയുടേതും. ഇതിൽ വിദേശരാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യേണ്ട ഉപകരണങ്ങൾ ഉൾപ്പെടെയുണ്ട്. ഫണ്ട് അനുവദിച്ചാലുടൻ ടെൻഡർ നടപടികൾ സ്വീകരിച്ചേക്കും.
കൊച്ചി കാൻസർ റിസർച് സെന്ററിന് രണ്ടു വർഷമായി ഡയറക്ടറില്ല. നിയമനത്തിനായി നേരത്തേ സെർച് കമ്മിറ്റി രൂപവത്കരിച്ച് അഭിമുഖം ഉൾപ്പെടെ നടപടിക്രമങ്ങൾ സ്വീകരിച്ചെങ്കിലും അനുയോജ്യനായ ആളെ കണ്ടെത്താനാകാത്ത പശ്ചാത്തലത്തിൽ ഡയറക്ടർ നിയമനവുമായി ബന്ധപ്പെട്ട നടപടികൾക്കായി സർക്കാർ വിദഗ്ധ സമിതി രൂപവത്കരിച്ചിരുന്നു. ഈ കമ്മിറ്റിയോട് ഡയറക്ടർക്ക് ആവശ്യമായ യോഗ്യതകൾ നിശ്ചയിച്ച് ഈ മാസം 27ന് റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
റിപ്പോർട്ട് നൽകിയാൽ വൈകാതെ വിജ്ഞാപനവും പുറപ്പെടുവിക്കും. തലശ്ശേരി മലബാർ കാൻസർ ഡയറക്ടറാണ് സമിതി കൺവീനർ. സെന്റർ പ്രവർത്തനം ആരംഭിക്കുന്നതിനൊപ്പം അഞ്ഞൂറോളം ജീവനക്കാരുടെ നിയമനത്തിന് പ്രപ്പോസൽ നൽകിയിട്ടുണ്ട്. എന്നാൽ, മെഡിക്കൽ കോളജ് സൂപ്പർ സ്പെഷാലിറ്റി വിഭാഗത്തിലെ പുതിയ തസ്തികകൾ സംബന്ധിച്ച തീരുമാനം എടുത്തിട്ടില്ലെന്നാണ് വിവരം.
കെട്ടിടം പൂർത്തിയാക്കിയാലുടൻ വേണ്ടത്ര ഉപകരണങ്ങൾ എത്തിക്കാതെയും ആവശ്യമായ നിയമനങ്ങൾ നടത്താതെയും ഉദ്ഘാടന ചടങ്ങ് നടത്തരുതെന്നും എല്ലാ നടപടിക്രമങ്ങളും വേഗത്തിൽ പൂർത്തിയാക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്നുമാണ് ഇരു സ്ഥാപനങ്ങളുടെയും വികസനത്തിനായി പ്രവർത്തിക്കുന്ന ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മൂവ്മെന്റിന്റെ ആവശ്യം.
കാൻസർ സെന്ററും സൂപ്പർ സ്പെഷാലിറ്റിയും പൂർണതോതിൽ പ്രവർത്തന സജ്ജമായി കഴിഞ്ഞാൽ ജില്ലയിലെയും സമീപ ജില്ലകളിലെയും അർബുദ ബാധിതർ ഉൾപ്പെടെ പതിനായിരക്കണക്കിന് പാവപ്പെട്ട രോഗികൾക്ക് ആശ്വാസമേകുന്ന മെഡിക്കൽ ഹബായി കളമശ്ശേരി മെഡിക്കൽ കോളജ് മാറുമെന്നാണ് ബന്ധപ്പെട്ടവരുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.