കാക്കനാട്: ഐ.ടി നഗരമായ കാക്കനാട് കലക്ടറേറ്റ് ജങ്ഷനിലെ ‘അത്യാധുനിക’ ബസ് കാത്തിരിപ്പുകേന്ദ്രം തകർന്നുവീഴാറായ നിലയിൽ. മഴയും കാറ്റും വന്നാൽ കാത്തിരിപ്പുകേന്ദ്രത്തിൽ കുടചൂടി നിൽക്കേണ്ട ഗതികേടും.
16 വർഷം മുമ്പ് തൃക്കാക്കര നഗരസഭ ഗ്രാമപഞ്ചായത്തായിരുന്നപ്പോഴാണ് ബസ് കാത്തിരിപ്പുകേന്ദ്രം പണി പൂർത്തീകരിച്ചത്. സംസ്ഥാനത്തുതന്നെ സമ്പൂർണ വൈദ്യുതീകരണവും വൈഫൈ, ടെലിഫോൺ, കുടിവെള്ളം, ഇൻഫർമേഷൻ ബോർഡുകൾ, ന്യൂസ് പേപ്പറുകൾ, റേഡിയോ സൗകര്യങ്ങളെല്ലാമടക്കമാണ് ഈ ബസ് കാത്തിരിപ്പ് കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്. ഉദ്ഘാടനം കഴിഞ്ഞ് ഏറെക്കഴിയും മുമ്പേ ഈ പദ്ധതി അട്ടിമറിക്കപ്പെട്ടു.
നഗരസഭയായി ഉയർത്തിയശേഷം ഈ ബസ് കാത്തിരിപ്പ് കേന്ദ്രത്തെ നഗരസഭ അധികൃതർ പൂർണമായും കൈവിട്ടു. മേൽക്കൂരകൾ ദ്രവിച്ചും, വെളിച്ചം കെട്ടുപോയ വൈദ്യുതി വിളക്കുകൾ തൂങ്ങിയാടിയും പഴകി വിണ്ടുകീറിയ അടിത്തറയുമായി അത്യാധുനികതയെല്ലാം അന്യമായ അവസ്ഥയിലാണ് ബസ് കാത്തിരിപ്പ് കേന്ദ്രം. ജില്ല ആസ്ഥാനമായി കാക്കനാട് അതിവേഗം വളരുന്ന പശ്ചാത്തലത്തിലാണ് ആധുനിക ബസ് കാത്തിരിപ്പ് കേന്ദ്രമെന്ന ആശയം കൊണ്ടുവന്നത്.
സ്വകാര്യ ഏജൻസിയായ മെട്രോ ഇന്നൊവേഷനും അന്നത്തെ തൃക്കാക്കര ഗ്രാമപഞ്ചായത്തും സംയുക്തമായി ഉണ്ടാക്കിയ കരാർ പ്രകാരം 17 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ സ്ഥാപിക്കാനായിരുന്നു തീരുമാനം. പദ്ധതിക്ക് സമ്പൂർണ പിന്തുണ നൽകിയത് അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് എം.ഇ. ഹസൈനാരായിരുന്നു. പിന്നീട് ഈ പദ്ധതി അട്ടിമറിക്കപ്പെട്ടു.
കരാർ പ്രകാരം ലഭിക്കേണ്ട മറ്റു ബസ് കാത്തിരിപ്പുകേന്ദ്രങ്ങളുടെ നിർമാണം കൗൺസിലർമാർ ചേർന്ന് വീതിച്ചെടുത്തെങ്കിലും ഫലം കണ്ടില്ല. നിർമാണവും നടത്തിപ്പും അറ്റകുറ്റപ്പണിയുമെല്ലാം സ്വകാര്യ എജൻസി തന്നെ നിർവഹിക്കണമെന്നായിരുന്നു വ്യവസ്ഥ. അതും പാലിക്കപ്പെട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.