മട്ടാഞ്ചേരി: കാലവർഷം തുടങ്ങിയതോടെ ‘കാറ്റേ നീ വീശരുതിപ്പോൾ, കാറേ നീ പെയ്യരിതിപ്പോൾ’ എന്ന പ്രാർഥനയിലാണ് പൈതൃക നഗരിയായ മട്ടാഞ്ചേരിയിലെ കുടുംബങ്ങൾ. ജീർണിച്ച് നിലംപൊത്താറായ അവസ്ഥയിലാണ് ഇവർ താമസിക്കുന്ന കെട്ടിടങ്ങൾ. ചില കെട്ടിടങ്ങൾ ഇതിനകം ഭാഗികമായി തകർന്ന അവസ്ഥയിലും. വാടകക്കും പണയത്തിനുമൊക്കെയായി വീടുകളെടുത്ത സാധാരണക്കാരായ കുടുംബങ്ങളാണ് ഈ കെട്ടിടങ്ങളിൽ താമസിക്കുന്നത്.
കെട്ടിടങ്ങൾ പലതും ഇവാക്യു പ്രോപ്പർട്ടിയും (അഭയാർഥി ഭൂമി) ട്രസ്റ്റ് വക കെട്ടിടങ്ങളുമാണ്. താമസിക്കാൻ തുടങ്ങിയിട്ട് അരനൂറ്റാണ്ട് വരെ പിന്നിട്ട കുടുംബങ്ങളുണ്ട്. ചിലതിന്റെ മേൽക്കൂര ചോർന്നൊലിക്കുകയാണ്. ശക്തമായ മഴയുള്ളപ്പോൾ കുഞ്ഞുങ്ങളെ മാറോടണച്ച് ചോർച്ചയില്ലാത്ത ഭാഗത്ത് ഉറക്കമൊഴിച്ച് കഴിയുന്ന വീട്ടമ്മമാരും ഈ കൂട്ടത്തിലുണ്ട്.
ഇന്ത്യ വിഭജനത്തിന് മുമ്പ് മുസ്ലിം സമുദായത്തിൽപെട്ട ഹലായി വിഭാഗക്കാരുടെ ഉടമസ്ഥതയിൽ നിരവധി കെട്ടിടങ്ങളും പാണ്ടികശാലകളും മട്ടാഞ്ചേരി ബസാറിൽ ഉണ്ടായിരുന്നു. വാണിജ്യ രംഗത്ത് നിപുണരായിരുന്ന ഇവരിൽ ബഹുഭൂരിപക്ഷവും ഇന്ത്യ വിഭജന ഘട്ടത്തിൽ മട്ടാഞ്ചേരിയിലെ സ്വത്തുക്കൾ ഉപേക്ഷിച്ച് പാകിസ്താനിലേക്ക് കുടിയേറി.
ഇതോടെ ഈ സ്വത്തുക്കൾ അഭയാർഥി ഭൂമിയായി മാറി. ക്രമേണ ഗോഡൗണുകൾ നടത്തിയ മൂപ്പന്മാരും മറ്റും കെട്ടിടങ്ങളിൽ താമസം തുടങ്ങി. രേഖകൾ ഇല്ലെങ്കിലും ഇവർ മറിച്ചുകൊടുക്കാനും തുടങ്ങി. മിനി ആന്റണി ഫോർട്ട്കൊച്ചി ആർ.ഡി.ഒയായിരുന്ന കാലത്ത് അഭയാർഥി ഭൂമിയുടെ കണക്കെടുപ്പ് നടത്തുകയും കാലങ്ങളായി താമസിക്കുന്നവർക്ക് പതിച്ചുകൊടുക്കുമെന്ന് പറയുകയും ചെയ്തെങ്കിലും തുടർനടപടി ഉണ്ടായില്ല.
ജീർണിച്ചതാണെങ്കിലും വലിയ വിസ്തീർണമുള്ള കെട്ടിടങ്ങളാണ് ഇവ. കാലങ്ങളായി താമസിക്കുന്ന സാധാരണക്കാരായ കുടുംബങ്ങൾക്ക് കെട്ടിടങ്ങളുടെ നവീകരണം അസാധ്യമാണ്. വസ്തുക്കൾ തങ്ങളുടെ ഉടമസ്ഥതയിലുള്ളതുമല്ല. ഇവാക്യു പ്രോപ്പർട്ടി എന്ന നിലയിൽ ഭൂമിയുടെയും കെട്ടിടത്തിന്റെയും അധികാരം സർക്കാറിൽ നിക്ഷിപ്തമാണ്. കെട്ടിടങ്ങൾ ഏതുസമയവും നിലംപൊത്താവുന്ന അവസ്ഥയായതിനാൽ ദുരന്തം ഉണ്ടാകുംമുമ്പ് തീരുമാനം കൈക്കൊള്ളേണ്ടതും സർക്കാർതന്നെ.
കാലവർഷത്തിന് തുടക്കമായ കഴിഞ്ഞ വാരം ഭാഗികമായി തകർന്നത് മൂന്ന് കെട്ടിടങ്ങളാണ്. ഇതിൽ ഒന്ന് അസ്റാജ് ബിൽഡിങ് എന്ന താമസ കെട്ടിടവും രണ്ടെണ്ണം പഴയ കച്ചവട സ്ഥാപനങ്ങളുമാണ്. ഫോർട്ട്കൊച്ചി കസ്റ്റംസ് ജെട്ടിക്ക് സമീപത്തെ പഴയ പാണ്ടികശാലയുടെ ഒരുഭാഗം വീണ് ഒരു സ്കൂട്ടറും നാല് സൈക്കിളുകളും തകർന്നിരുന്നു. ബോട്ട് കയറാൻ വന്നവർ കെട്ടിടത്തിന് താഴെ വെച്ചിരുന്ന വാഹനങ്ങളായിരുന്നു ഇവ. ബസാറിലെ കൂനൻ കുരിശുപള്ളിക്ക് സമീപത്തെ പഴയ കെട്ടിടത്തിന്റെ ഒരുഭാഗം റോഡിലേക്ക് വീണിരുന്നു.
ജലഗതാഗതത്തിന് പ്രാമുഖ്യം ഉണ്ടായിരുന്ന കാലത്ത് സംസ്ഥാനത്തെ സുപ്രധാന വാണിജ്യ കേന്ദ്രമായിരുന്നു മട്ടാഞ്ചേരി ബസാർ. എന്നാൽ, റോഡ് സൗകര്യങ്ങൾ വിപുലപ്പെട്ടതോടെ മട്ടാഞ്ചേരി ബസാറിന്റെ പെരുമ നഷ്ടപ്പെട്ടു. നൂറുകണക്കിന് പാണ്ടികശാലകളാണ് ഉണ്ടായിരുന്നത്.
ബസാറിന്റെ പ്രൗഢകാലം അസ്തമിച്ച് തുടങ്ങിയതോടെ പാണ്ടികശാലകൾ പലതും വീടുകളും ആർട്ട് ഗാലറികളുമായി മാറുകയാണ്. ഇത്തരം കെട്ടിടങ്ങൾ നവീകരിക്കുന്നതിനാൽ ബലക്ഷയത്തിന്റെ പ്രശ്നം ഉദിക്കുന്നില്ല. അതേസമയം, കെട്ടിടങ്ങളിലെ പഴയ താമസക്കാരായ സാധാരണക്കാരാണ് ദുരിതത്തിലായത്.
മട്ടാഞ്ചേരി ബസാറിനോട് ചേർന്ന അസ്റാജ് ബിൽഡിങ്ങിൽ നാല് കുടുംബങ്ങളാണ് താമസിക്കുന്നത്. ശക്തമായ കാറ്റിൽ കഴിഞ്ഞയാഴ്ച കെട്ടിടത്തിന്റെ മേൽക്കൂരയുടെ ഒരുഭാഗം തകർന്ന് വീണിരുന്നു. ഭാഗ്യംകൊണ്ടാണ് അപകടം ഒഴിവായത്. മേൽക്കൂരയുടെ ഒരുഭാഗം വ്യാഴാഴ്ചയും തകർന്നു.
മാറിപ്പോകാൻ മറ്റൊരു ഇടമില്ലാത്തതിനാൽ അപകടം മുന്നിൽകണ്ടാണ് കുടുംബങ്ങൾ ഇവിടെ താമസിക്കുന്നത്. അപകടാവസ്ഥയിലായ ഈ കെട്ടിടം ഇവാക്യൂ പ്രോപ്പർട്ടിയാണ് (അഭയാർഥി ഭൂമി). അതുകൊണ്ട് കെട്ടിട നവീകരണം സർക്കാറിനല്ലാതെ കഴിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.