കൊച്ചി: കൊച്ചി ക്യാൻസർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിെൻറ നിർമാണ പ്രവർത്തനങ്ങൾ 2021 ഫെബ്രുവരി 28 നുള്ളിൽ പൂർത്തിയാക്കും. കോവിഡ് വ്യാപനത്തെത്തുടർന്ന് കഴിഞ്ഞ മാർച്ചിൽ താൽക്കാലികമായി നിർത്തിവച്ച നിർമാണ പ്രവർത്തനങ്ങൾ മെയ് 18ന് പുനരാരംഭിച്ചിരുന്നു. നിലവിൽ 32 ശതമാനം നിർമാണം പൂർത്തിയായ രണ്ട് ബ്ലോക്കുകളുടെ അവശേഷിക്കുന്ന പ്രവൃത്തികളും അടുത്ത ഫെബ്രുവരിയോടെ പൂർത്തിയാക്കും. ജില്ലാ കലക്ടർ എസ്. സുഹാസിെൻറ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.
മൂന്നു ലോവർ ഗ്രൗണ്ട് നിലകളും മുകളിലേക്ക് അഞ്ചു നിലകളുമുള്ള എ,ബി ബ്ലോക്കുകളുടെ പ്ലാസ്റ്ററിങ്, ഫ്ലോറിങ്, പെയിൻറിങ് ജോലികൾ ഉൾപ്പെടെ നിശ്ചിത തീയതിക്കുള്ളിൽ പൂർത്തിയാക്കുന്നതിന് പുതിയ സമയക്രമം തയാറാക്കിയിട്ടുണ്ട്. നിലവിൽ 164 തൊഴിലാളികളെയാണ് നിർമാണ കമ്പനിയായ പി ആൻഡ് സി കളമശ്ശേരിയിലെ നിർമാണസ്ഥലത്ത് നിയോഗിച്ചിട്ടുള്ളത്. ക്വാറൻറീനിൽ പ്രവേശിച്ച 39 തൊഴിലാളികൾ കോവിഡ് പരിശോധനക്ക് ശേഷം ജോലിയിൽ പ്രവേശിക്കും. മധുരയിൽ നിന്ന് 100 പേരെ കൂടി ഇങ്ങോട്ട് എത്തിക്കാനും നിർമാണ കമ്പനി ആലോചിക്കുന്നു. ഈ മാസം അവസാനത്തോടെ 350 തൊഴിലാളികളെ പൂർണമായി ഉപയോഗിച്ച് നിർമാണം പൂർത്തിയാക്കുമെന്ന് പി ആൻഡ് സി അറിയിച്ചു.
ആശുപത്രിയിലേക്കുള്ള ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. റേഡിയോതെറാപ്പി ഉപകാരണങ്ങൾക്കുള്ള ടെൻഡർ ക്ഷണിച്ചതായി ഇൻകെൽ ജില്ലാ കലക്ടറെ അറിയിച്ചു. മറ്റുള്ളവയുടെ ടെൻഡർ വിശദാംശങ്ങളും തയാറാക്കി വരികയാണ്.
ആശുപത്രിയുടെ തുടർ നിർമാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി ആർക്കിടെക്ടിനെ നിയോഗിക്കുന്ന കാര്യം ഇൻകെൽ കാൻസർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി ചർച്ച ചെയ്യും. കോവിഡ് മൂലം തടസപ്പെട്ട എല്ലാ പ്രവർത്തനങ്ങളും പൂർണതോതിൽ പുനരാരംഭിക്കാനും ഫെബ്രുവരിയിൽ നിർമാണം പൂർത്തിയാക്കാനും തീരുമാനിച്ചതായി ജില്ലാ കലക്ടർ എസ്. സുഹാസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.