മൂവാറ്റുപുഴ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂൾ സിൽവർ ജൂബിലി ബ്ലോക്കിന്റെ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കുന്നു
മൂവാറ്റുപുഴ: അഭിപ്രായം പറയുന്നവരുടെ തലവെട്ടി മാറ്റുന്ന സ്ഥിതിയിലേക്ക് കേരളം മാറിയെന്ന് വെള്ളാപ്പള്ളി നടേശൻ. മൂവാറ്റുപുഴ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂൾ സിൽവർ ജൂബിലി ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
നൂറ്റിരണ്ട് എം.എൽ.എമാരെ വിജയിപ്പിച്ചു നൽകിയിട്ടും നാട് ഭരിക്കുന്നതിന് പകരം തെരുവിലും ഡൽഹിയിലും ഗുസ്തി കൂടുകയാണ് ചിലർ. ഇത് ജനാധിപത്യമല്ലന്നും മതാധിപത്യമാണന്നും ജനം മണ്ടന്മാരല്ലന്നും വെളളാപ്പളളി പറഞ്ഞു. കേരളത്തിൽ ബി.ജെ.പി മൂന്ന് സീറ്റിൽ വിജയിച്ചു. അഞ്ച് വർഷം മുമ്പ് ബംഗാളിലും മൂന്ന് സീറ്റിലായിരുന്നു തുടക്കം. പശ്ചിമ ബംഗാളിൽ വന്ന അവസ്ഥ കേരളത്തിൽ ഉണ്ടാകാതിരിക്കാൻ ശ്രമിക്കുന്നത് എല്ലാവർക്കും നല്ലതായിരിക്കുമെന്നും വെളളാപ്പളളി പറഞ്ഞു. യോഗത്തിൽ സ്കൂൾ മാനേജരും യൂണിയൻ പ്രസിഡന്റുമായ വി.കെ. നാരായണൻ അധ്യക്ഷത വഹിച്ചു.
പത്മഭൂഷൺ വെള്ളാപ്പള്ളി നടേശൻ സെമിനാർ ഹാൾ സമർപ്പണം ഡീൻ കുര്യാക്കോസ് എം.പി നിർവഹിച്ചു. ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണി സ്കൂൾ മന്ദിര നിർമാണം നിർവഹിച്ച എൻജിനീയറെ ആദരിച്ചു. കേരള ബാങ്ക് മുൻ പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ സന്ദേശം നൽകി. യൂണിയൻ സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ, വൈസ് പ്രസിഡന്റ് പി.എൻ. പ്രഭ, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ അഡ്വ. എൻ. രമേശ്, പ്രമോദ് കെ. തമ്പാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.