ഇടപ്പള്ളി ഒബ്റോൺ മാളിനു സമീപത്തെ നിർമാണം പുരോഗമിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിലെ ലേബർ ക്യാമ്പിലെ സെപ്റ്റിക് ടാങ്ക് മാലിന്യം ഉൾപ്പെടെ കാനയിലൂടെ ഒഴുക്കിവിടുന്നു
കാക്കനാട്: ജില്ലയില്‍ അന്തർ സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ കഴിയുന്ന ലേബര്‍ ക്യാമ്പുകളില്‍ പരിശോധന നടത്താതെ അധികൃതർ. നൂറുക്കണക്കിന് ലേബർ ക്യാമ്പുകളാണ് ജില്ലയിലുള്ളത്.
കോവിഡ് കാലത്ത് ക്യാമ്പുകളെക്കുറിച്ച് വിവരശേഖരണം നടത്തുകയും ഭക്ഷ്യധാന്യം വിതരണം നടത്തുകയും ചെയ്തിരുന്നു. കോവിഡ് കഴിഞ്ഞതോടെ പലരും നാട്ടിലേക്ക് പോകുകയും പുതുതായി പലരും എത്തുകയും ചെയ്തു.
ഏതാനും വർഷം മുമ്പ് ഇവർ ജോലി നോക്കുന്ന സ്ഥാപനങ്ങളിലെ ഉടമകൾ തൊഴിലാളികളുടെ തിരിച്ചറിയൽ കാർഡിന്റെ പകർപ്പും ഫോട്ടോയും സ്റ്റേഷനിൽ നൽകുമായിരുന്നു. ആദ്യമൊക്കെ രജിസ്ട്രേഷൻ ഫലപ്രദമായി നടന്നെങ്കിലും പിന്നീട് മുടങ്ങി. കുറ്റകൃത്യങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് പൊലീസ് ഇവരെ അന്വേഷിച്ചിറങ്ങുന്നത്.
സർക്കാർവക മദ്യവിൽപനശാലകളിൽനിന്ന് മദ്യം വാങ്ങി ചില്ലറ വിൽപന നടത്തുന്നവരും നിരോധിത പുകയില ഉൽപന്നങ്ങളും മയക്കുമരുന്നും നാട്ടിൽനിന്ന് കൊണ്ടുവന്ന് വിൽപന നടത്തുന്നവരും കൊലപാതക കേസുകളിലെ പ്രതികൾവരെ അന്തർ സംസ്ഥാന തൊഴിലാളികൾക്കിടയിലുണ്ട്. കുട്ടികളെയടക്കം പീഡിപ്പിച്ച് കൊന്നത് ഉൾപ്പെടെ നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
തദ്ദേശ സ്ഥാപനങ്ങൾ അതത് മേഖലകളിലെ തൊഴിലാളി ക്യാമ്പുകളോ, താമസസ്ഥലങ്ങളോ പരിശോധന നടത്തി നടപടി സ്വീകരിക്കുന്നതിനു പകരം ഏതെങ്കിലും തരത്തിലുള്ള അപകടങ്ങളോ, ക്രിമിനൽ സംഭവങ്ങളോ ഉണ്ടായാൽ മാത്രം ഉയർത്തെഴുന്നേൽക്കുന്നവരായി അധികൃതർ മാറിയിരിക്കുകയാണ്. ആരോഗ്യവകുപ്പ് അധികൃതർക്കും ഇവരുടെ ക്യാമ്പുകളെക്കുറിച്ച് വിവരമില്ല. ഇതിനാൽ ക്യാമ്പുകളിൽ പരിശോധന നടത്താനോ ശുചീകരണപ്രവർത്തനങ്ങൾക്ക് നിർദേശം നൽകുന്നതിനോ കഴിയുന്നില്ല. പലയിടത്തും വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ക്യാമ്പുകളുടെ പ്രവർത്തനം.
കാക്കനാട്: ബഹുനില ഫ്ലാറ്റ് സമുച്ചയങ്ങളുടെ നിർമാണത്തിന്റെ ഭാഗമായി തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പുകളിലെ മാലിന്യ പ്രശ്നം ആരോഗ്യത്തിന് ഭീഷണിയാകുന്നു. ഇടപ്പള്ളി ഒബ്റോൺമാളിന് സമീപത്തെ പുറവങ്കര ഫ്ലാറ്റ് സമുച്ചയത്തിലെ കരാറുകാരുടെ കീഴിൽ പണിയെടുക്കുന്ന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പാണ് ശൗചാലയ മാലിന്യങ്ങളും അഴുക്കുവെള്ളവും പ്ലാസ്റ്റിക് മാലിന്യങ്ങളും നിറഞ്ഞ് പരാതിക്കിടയാക്കിയത്. ഇവിടെ 250ലധികം തൊഴിലാളികൾ മാസങ്ങളായി താമസിക്കുന്നുണ്ട്. ഷീറ്റുകൊണ്ട് ചുറ്റും മറച്ച ക്യാമ്പിനുള്ളിൽനിന്ന് വിസർജ്യങ്ങൾ അടങ്ങുന്ന മലിനജലം കാനയിലൂടെ ഒഴുക്കുകയും ഈ മലിനജലം ഇടപ്പള്ളി തോട്ടിലൂടെ ജനവാസ കേന്ദ്രത്തിലേക്ക് എത്തുന്ന സ്ഥിതിയുമാണ്. അടിസ്ഥാന-പ്രാഥമിക സൗകര്യം ഒന്നും ഒരുക്കാതെയാണ് നൂറുകണക്കിന് തൊഴിലാളികൾ ഇവിടെ കഴിയുന്നത്. ഈ മാലിന്യങ്ങളാൽ ക്യാമ്പിലും പരിസരങ്ങളിലും സദാസമയവും ദുർഗന്ധവും കൊതുകുമാണ്. ക്യാമ്പിലും പരിസരത്തും പ്ലാസ്റ്റിക് മാലിന്യം ചിതറിക്കിടക്കുന്നു. പലപ്പോഴും ഇവ കൂട്ടിയിട്ട് കത്തിക്കുകയാണ് ചെയ്യുന്നത്. ഇതുമൂലം പരിസരവാസികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല. ഒട്ടേറെ പരാതികൾ അധികൃതർക്ക് നൽകിയിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ല. ഏറെയും ജനസാന്ദ്രത കൂടിയ മേഖലകളിലാണുതാനും. ഡെങ്കിപ്പനിമുതൽ മലേറിയവരെ ഇവിടങ്ങളിൽ പടരാൻ സാധ്യത ഏറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.