മഴകനത്താൽ എറണാകുളം നോർത്ത്​ (ഫയൽ ചി​ത്രം)

'എറണാകുളമാകുന്ന വഴികൾ'

വ​ലി​യ മ​ഴ പെ​യ്​​താ​ൽ എ​റ​ണാ​കു​ള​മെ​ന്ന പേ​രി​ലെ കു​ള​മാ​കു​ക​യാ​ണ്​ ന​ഗ​രം. കു​ട​ത്തി​ലേ​ക്ക്​ വെ​ള്ള​മൊ​ഴി​ക്കു​​മ്പോ​ൾ നി​റ​ഞ്ഞു​വ​രു​ന്ന​പോ​ലെ ന​ഗ​ര​ത്തി​ൽ വെ​ള്ള​മു​യ​രും. മ​ഴ​വെ​ള്ള​ത്തെ ക​ട​ലി​ലേ​ക്ക്​ ഒ​ഴു​ക്കി​വി​ടാ​ൻ ക​ഴി​യു​ന്നി​ല്ല. ഓ​ട​ക​ളും ക​നാ​ലു​ക​ളും എ​ല്ലാം ന​ഗ​ര​മാ​കെ​യു​ണ്ട്. ഇ​വ​യൊ​ന്നും വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ൻ ഉ​പ​യു​ക്ത​മാ​കു​ന്നി​ല്ല. ന​ഗ​ര​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ ആ​സൂ​ത്ര​ണ​പ്പി​ഴ​വാ​ണ്​ ഇ​തി​ൽ​നി​ന്ന്​ വ്യ​ക്ത​മാ​കു​ന്ന​ത്. വെ​ള്ള​ക്കെ​ട്ട്​ ഒ​ഴി​വാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ​ക്കാ​യി ഹൈ​കോ​ട​തി നേ​രി​ട്ട്​ ഇ​ട​പെ​ട്ടി​രു​ന്നു. സ​ർ​ക്കാ​ർ കാ​ര്യം മു​റ​പോ​ലെ എ​ന്ന രീ​തി​ക്കു​മു​ന്നി​ൽ ഉ​ന്ന​ത നീ​തി​പീ​ഠം പോ​ലും തോ​റ്റു​പോ​കു​ക​യാ​ണ്. ജ​ന​ങ്ങ​​ളെ ദു​രി​ത​ക്ക​യ​ത്തി​ലാ​ക്കു​ന്ന കാ​ര്യ​ങ്ങ​ളി​ലേ​ക്ക്​ വെ​ളി​ച്ചം വീ​ശു​ന്ന പ​ര​മ്പ​ര ഇ​ന്ന് മു​ത​ൽ...

മൂന്നു തലത്തിൽ പ്രവർത്തനം നടന്നു എന്നിട്ടും...?

വെള്ളക്കെട്ട് ഒഴിവാക്കാൻ മൂന്നു തലത്തിലുള്ള പ്രവർത്തനം നഗരത്തിൽ നടന്നിരുന്നു. പി.ഡബ്ല്യു.ഡി റോഡുകളുടെ പ്രവർത്തനം അവർ നടത്തി. സ്മാർട്ട് സിറ്റിയുടെ മൂന്ന് ഡിവിഷനും കേന്ദ്രീകരിച്ച് ജോലികൾ നടന്നു. 'ഓപറേഷൻ ബ്രേക്ത്രൂ' ജോലികളും നടന്നു. എന്നിട്ടും പേമാരിയുണ്ടായാൽ പത്തേമാരികൾക്ക് നഗരത്തിൽ സർക്കീട്ട് നടത്താവുന്ന സ്ഥിതിയാണ്.

'ഓപറേഷൻ ബ്രേക്ത്രൂ' പദ്ധതിയിൽ 35 ശതമാനം ജോലികൾ മാത്രമാണ് നടന്നത്. അതിനാൽ ഫലം ഉണ്ടായില്ല. കാനകളിൽ മണ്ണടിയുന്നത് നീക്കുന്ന പ്രവർത്തനം നടന്നിരുന്നു. കനാലുകളുടെ ശുചീകരണവും കുറെ നടന്നു. വിവിധ സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും വികസന പ്രവർത്തനങ്ങൾ നഗരത്തിൽ നടന്നിട്ടുണ്ട്.

എല്ലാവരും ഊന്നൽ നൽകിയത് വെള്ളക്കെട്ട് ഒഴിവാക്കാനായിരുന്നു. എന്നിട്ടും ഫലം ഉണ്ടായില്ല. യഥാർഥ രോഗം കണ്ടെത്തി ചികിത്സിക്കാനാണ് ഇപ്പോൾ ഓടകളുടെ മൂടി പൊക്കി നോക്കുന്നത്. എൻജിനീയറിങ്, ആരോഗ്യ വിഭാഗത്തിന്‍റെ നേതൃത്വത്തിലാണ് പരിശോധന.

എം.ജി റോഡിലാണ് പ്രധാന പരിശോധന. മഴ മാറും മുമ്പ് പരിശോധന നടത്താനാണ് തീരുമാനം. വൻ മഴ പെയ്ത ദിവസം രാവിലെ വേലിയേറ്റം ഉണ്ടായിരുന്നില്ല. എന്നിട്ടും വെള്ളം കെട്ടി നിന്നു. നഗരത്തിലെ വികസന പ്രവർത്തനങ്ങളെല്ലാം മറ്റ് ഏജൻസികളാണ് നടപ്പാക്കുന്നത്. ക്ലീനിങ് മാത്രമാണ് നഗരസഭയുടെ ചുമതല. കാനകളിലെ മണ്ണ് നീക്കം ചെയ്യലാണ് അതിൽ പ്രധാനം. അത് മുറപോലെ നടത്തിയിരുന്നുവെന്നാണ് നഗരസഭയുടെ അവകാശവാദം.

എന്തുകൊണ്ട് വെള്ളക്കെട്ട്;  എത്തുംപിടിയും കിട്ടാതെ നഗരസഭ

കൊച്ചി: നഗരത്തിൽ എന്തുകൊണ്ട് വെള്ളക്കെട്ട് ഒഴിയുന്നില്ല? ഈ ചോദ്യമാണ് എവിടെയും. ഇതിൽ നഗരസഭക്കുമില്ല ഒരെത്തും പിടിയും. ഉത്തരം കണ്ടെത്താനായി പ്രധാനമന്ത്രി പോയതിന് പിന്നാലെ വെള്ളിയാഴ്ച രായ്ക്ക്രാമാനം സകല ഓടകളുടെയും മൂടിതുറന്ന് പരിശോധിക്കാനാണ് നഗരസഭ തീരുമാനം. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.

ഒഴുകിപ്പോകാനുള്ള സൗകര്യങ്ങളുണ്ടെങ്കിലും അതുവഴി വെള്ളം പോയില്ല. അത് എന്തുകൊണ്ട് എന്ന് കണ്ടെത്താനാണ് ശ്രമം. റോഡ് വികസനവും ഓട പണിയലും എല്ലായിടത്തും ആവോളം നടന്നിട്ടുണ്ട്. നിർമിച്ച ഓടകൾ വെള്ളം ഒഴുകാൻ പാകത്തിലാണോ എന്ന സംശയമാണ് ഇപ്പോൾ നഗരസഭക്ക്.

പിന്നെ എന്തിനായിരുന്നു ഓട പണിതത് എന്ന് ചോദിക്കരുത്. എന്തെന്നാൽ റോഡ് റോഡാകണമെങ്കിൽ ഓടയും പണിയുന്നതാണല്ലോ നാട്ടുനടപ്പ്. അതനുസരിച്ചായിരുന്നു പണി. ഓടയിൽ വെള്ളം ഒഴുകുന്നത് ഉറപ്പാക്കൽ നാട്ടുനടപ്പല്ലല്ലോ. അതിനാൽ അക്കാര്യം അന്ന് ഉറപ്പാക്കിയില്ല. ഇപ്പോൾ വെള്ളക്കെട്ടും ചോദ്യങ്ങളും ആക്ഷേപങ്ങളും നാറ്റവും ചൊറിച്ചിലുമെല്ലാമായപ്പോഴാണ് ഓടകൾ ഓടാമ്പലിന് കുത്തിത്തുറന്ന് എങ്ങോട്ടാ ഒഴുക്ക് എന്ന് പരിശോധിക്കാൻ തോന്നിയത്.

നഗരത്തിലെ എല്ലാ ഓടകളും തുറന്ന് വെള്ളത്തിന്‍റെ ഒഴുക്ക് എങ്ങോട്ട് എന്ന് കണ്ടെത്തും. അതിനനുസരിച്ചാണോ ഓടകൾ പണിതിരിക്കുന്നത് എന്ന് നോക്കും. എല്ലാ റോഡുകളുടെയും ചരിവ് പരിശോധിക്കും. അവിടേക്ക് വെള്ളം ഒഴുകാൻ തടസ്സം എന്തെന്ന് കണ്ടെത്തി പരിഹരിക്കും.

റോഡിൽനിന്ന് ഓടകളിലേക്ക് വെള്ളം ഒഴുകാനുള്ള ദ്വാരങ്ങൾ ചെറുതാണെന്ന ബോധ്യവും ഇപ്പോഴുണ്ടായിട്ടുണ്ട്. ദ്വാരങ്ങൾ വലുതാക്കും. അതോടെ റോഡിൽനിന്ന് വെള്ളം പെട്ടെന്ന് ഓടയിലേക്കിറങ്ങും. ഈ പ്രവൃത്തികളെല്ലാം നേരിട്ട് ചെയ്യും. ഏജൻസികളെ നോക്കി നിൽക്കില്ല.

ഏതാനും ദിവസങ്ങൾക്കകം പ്രവൃത്തികൾ പൂർത്തീകരിക്കും. വെള്ളക്കെട്ടിന് എല്ലാവരും കുറ്റപ്പെടുത്തുന്നത് നഗരസഭയെയാണ്. യഥാർഥത്തിൽ ക്ലീനിങ് ജോലികൾ മാത്രമാണ് നഗരസഭക്കുള്ളത്. റോഡുകളുടെ നവീകരണ ചുമതല പി.ഡബ്ല്യു.ഡി, കൊച്ചി സ്മാർട്ട് മിഷൻ തുടങ്ങിയവക്കാണ്.

റോഡുകളും അവക്കൊപ്പം വഴിപാട് കണക്കെ ഓടകളും പണിത് കോൺട്രാക്ടർമാർക്ക് കോടികൾ സമ്മാനിച്ചത് അവരാണ്. പഴിയിപ്പോൾ നഗരസഭക്കായെന്ന് മാത്രം. ഈ പഴി കഴുകിയിറക്കാനാണ് നഗരസഭ നോക്കുന്നത്.

തുടരും...



Tags:    
News Summary - heavy rain-kochi flood

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.