അങ്കമാലി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ വെള്ളക്കെട്ട്
അങ്കമാലി: വെള്ളം കെട്ടി വൻ കുഴികൾ നിറഞ്ഞതോടെ അങ്കമാലി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെത്തുന്ന യാത്രക്കാർ ദുരിതത്തിൽ. ട്രെയിനുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ കെ.എസ്.ആർ.ടി.സി ബസുകളെ ആശ്രയിക്കുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിക്കുകയാണ്. അതിനാൽ ദേശീയപാതയും, എം.സി റോഡും സംഗമിക്കുന്ന അങ്കമാലിയിലെത്തുന്ന യാത്രക്കാരും മുമ്പത്തേക്കാൾ വർധിച്ചിട്ടുണ്ട്. എന്നാൽ അങ്കമാലി സ്റ്റാന്റിൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം യാത്രക്കാർ വലയുകയാണ്.
കെ.ടി.ഡി.എഫ്.സിയുമായി കൈകോർത്ത് സംസ്ഥാനത്ത് ആദ്യമായി തുടക്കമിട്ട ബഹുനില ബസ് സമുച്ചയമാണ് അങ്കമാലി. ദേശീയപാത വഴി പോകുന്ന ബസുകളും, എം.സി റോഡിൽ നിന്ന് ക്യാമ്പ് ഷെഡ് വഴി വരുന്ന ബസുകളും സ്റ്റാൻ്റിലേക്ക് പ്രവേശിക്കുന്നിടം മുതൽ സ്റ്റാൻ്റ് ചുറ്റി കറങ്ങുന്ന ഭാഗങ്ങളിലുടനീളം ഭീമൻ കുഴികൾ നിറഞ്ഞിരിക്കുകയാണ്.
വേഗത്തിൽ വരുന്ന ദീർഘദൂര ബസുകൾ വളവ് തിരിയുമ്പോൾ കുഴിയിൽ വീണ് ആക്സിൽ ഒടിഞ്ഞ നിരവധി സംഭവങ്ങളുണ്ട്.യാത്രക്കാരുടെ നിരന്തര പരാതിയെത്തുടർന്ന് ഏതാനും നാൾ മുമ്പ് നവീകരണത്തിന്റെയും മറ്റും പേരിൽ ലക്ഷങ്ങൾ ചെലവിട്ട് അറ്റകുറ്റപ്പണി നടത്തിയെങ്കിലും കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കിയില്ലെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.