കൊച്ചി: ഒരാഴ്ച മുമ്പുവരെ ഇടക്കിടെ ലഭിച്ചിരുന്ന ശക്തമായ മഴയായിരുന്നു ജില്ലയിലെ കാലാവസ്ഥയെങ്കിൽ ഇപ്പോൾ സാഹചര്യം ആകെ മാറി. പകൽ പുറത്തിറങ്ങിയാൽ പൊള്ളുന്ന ചൂടാണ് അനുഭവപ്പെടുന്നത്. വേലിയേറ്റം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ തീരമേഖലകളിൽ വേറെയും. രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന ചൂട് സമീപജില്ലകളായ കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു. അത്രയും എത്തിയില്ലെങ്കിലും തൊട്ടുപിന്നിലുണ്ട് എറണാകുളം. നിർമാണ തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, ട്രാഫിക് പൊലീസുകാർ തുടങ്ങിയവർ ഉൾപ്പെടെ വെയിലേറ്റ് പണിയെടുക്കുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്.
നഗരത്തിലേതിനെക്കാൾ കൂടുതൽ ചൂട് ജില്ലയുടെ മറ്റ് പ്രദേശങ്ങളിലാണെന്നും കണക്കുകൾ വ്യകമാക്കുന്നു. തുടർച്ചയായുണ്ടായ ന്യൂനമർദത്തിലൂടെയും മറ്റും ജില്ലക്ക് കഴിഞ്ഞ ഏതാനും ആഴ്ചകളായി ശക്തമായ മഴ ലഭിച്ചിരുന്നു. തുലാവർഷം ദുർബലമായതോടെയാണ് പകൽ ചൂട് വർധിക്കുകയും രാത്രിയും പുലർച്ചയും തണുപ്പ് അനുഭവപ്പെടുകയും ചെയ്യുന്നതെന്ന് കാലാവസ്ഥ ശാസ്ത്രജ്ഞർ പറഞ്ഞു. വരും ദിവസങ്ങളിലും ഇതേ സാഹചര്യം തുടരും. ഒക്ടോബർ ഒന്ന് മുതൽ ഡിസംബർ 31വരെയുള്ള കാലയളവിലാണ് കേരളത്തിൽ സാധാരണ തുലാവർഷ മഴ ലഭിക്കുന്നത്. ഡിസംബർ ആദ്യ രണ്ടാഴ്ചക്കുശേഷം മഴ കുറയുന്നത് മുൻകാലങ്ങളിലുമുണ്ടായിട്ടുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
എന്നാൽ, ജില്ലയിൽ ലഭിക്കേണ്ടതിനേക്കാൾ വളരെ കൂടുതൽ മഴ കഴിഞ്ഞ മാസങ്ങളിലും ഡിസംബർ തുടക്കത്തിലുമായി ലഭിച്ചുകഴിഞ്ഞു. 512.6 മില്ലിമീറ്റർ മഴയാണ് എറണാകുളത്ത് സാധാരണ ലഭിക്കേണ്ടത്. എന്നാൽ, ഇത്തവണ 999.4 മില്ലിമീറ്റർ മഴ ലഭിെച്ചന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിെൻറ കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽ തെക്കൻ ബംഗാൾ ഉൾക്കടലിൽ മധ്യഭാഗത്തായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ടെങ്കിലും കേരളത്തിൽ ഭീഷണിയില്ല.
ചൂടുകൂടുമ്പോൾ ശ്രദ്ധിക്കാം
നിർജലീകരണം ഒഴിവാക്കാൻ ധാരാളമായി വെള്ളം കുടിക്കുക
പകൽ പുറത്തിറങ്ങുന്നവർ കുട ഉപയോഗിക്കുക
നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന തൊഴിലുകളിൽ ഏർപ്പെടുന്നവർ ആവശ്യമായ വിശ്രമം എടുക്കാൻ ശ്രദ്ധിക്കുകയും ധാരാളമായി വെള്ളം കുടിക്കുകയും വേണം.
പോഷകസമൃദ്ധമായ ഭക്ഷണവും ധാരാളമായി പഴങ്ങളും കഴിക്കണം
ചൂട് മൂലമുള്ള തളർച്ചയോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ശ്രദ്ധയിൽപെട്ടാൽ ഉടൻ പ്രഥമ ശുശ്രൂഷയും വൈദ്യസഹായവും തേടുക
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.