കൊച്ചി: കായികാധ്യാപകരുടെ നിസഹകരണം ഒരു വശത്തു നിൽക്കേ പ്രതിസന്ധികൾക്കിടയിലും ജില്ലയിൽ സ്കൂൾ അത്ലറ്റിക് മീറ്റ് വർണാഭമാക്കാനൊരുങ്ങി അധികൃതർ. ഒക്ടോബർ 11 മുതൽ 15 വരെ രണ്ടിടങ്ങളിലായാണ് ജില്ലാ സ്കൂൾ കായിക മേള അരങ്ങേറുക. ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ സുബിൻ പോൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉപജില്ലാ മത്സരങ്ങൾ വ്യാഴാഴ്ചയോടെ സമാപിക്കും.
ഇത്തവണ രണ്ടിടങ്ങളിലായാണ് കായികമേള നടക്കുന്നത്. എറണാകുളം മഹാരാജാസ് ഗ്രൗണ്ടിലും കോതമംഗലം എം.എ കോളജ് ഗ്രൗണ്ടിലുമാണ് വേദികൾ. ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ മഹാരാജാസ് ഗ്രൗണ്ടിൽ ട്രാക്ക് ഇനങ്ങളും ചൊവ്വ, ബുധൻ ദിവസങ്ങളിൽ കോതമംഗലത്ത് ത്രോ ഇനങ്ങളും നടക്കും. ഈ മാസം അവസാനം മഹാരാജാസിൽ സൂപ്പർലീഗ് മത്സരം നടക്കുന്നതിനാലാണ് വേദി മാറ്റം. ത്രോ ഇനങ്ങൾ നടത്തിയാൽ ഗ്രൗണ്ടിന് േകടുപാടുണ്ടാവാനിടയുണ്ട്. മൂന്നു ദിവസമായി നടക്കുന്ന മേളയുടെ ദിനങ്ങൾ വർധിപ്പിച്ചതും ഇതിനാലാണ്.
ഇത്തവണ 98 ഇനങ്ങളിലായി 2700ഓളം വിദ്യാർഥികൾ കായിക മേളയുടെ ഭാഗമാവും. 14 ഉപ ജില്ലകളിൽ നിന്നായി സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായാണ് ഇത്രയും േപർ മാറ്റുരക്കാനെത്തുന്നത്. കഴിഞ്ഞ വർഷം 2500 താരങ്ങൾ പങ്കെടുത്തു. പോൾവാൾട്ട്, ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ, ഹാമ്മർ ത്രോ, ക്രോസ്കൺട്രി, ജാവലിൻ ത്രോ എന്നിവയാണ് കോതമംഗലത്തു നടക്കുന്ന മത്സരങ്ങൾ. ഇതിനകം ഏറെക്കുറെ ഗെയിംസ് ഇനങ്ങളെല്ലാം പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. ഫുട്ബാൾ, ക്രിക്കറ്റ്, ബാസ്കറ്റ് ബാൾ എന്നിവ കൂടി നടത്താനുണ്ട്. ഇവ ഉടൻ പൂർത്തിയാക്കും.
സംസ്ഥാനത്ത് വിവിധ ആവശ്യങ്ങളുന്നയിച്ച് സംയുക്ത കായികാധ്യാപക സംഘടന നടത്തുന്ന നിസഹകരണം നിലനിൽക്കെയാണ് ജില്ലാ കായികമേളക്ക് ട്രാക്കൊരുങ്ങുന്നത്. ജില്ലയിൽ 140 കായികാധ്യാപകരുണ്ട്. പലരും മേളകളിൽ സഹകരിക്കാൻ തയ്യാറാവാത്തതിനാൽ ഉപജില്ലാ മേളകൾ മറ്റു വിഷയങ്ങളുടെ അധ്യാപകരെ ഉപയോഗിച്ചാണ് സംഘടിപ്പിച്ചത്.
ചിലയിടങ്ങളിൽ ഒന്നിലധികം ഉപജില്ലാ മേളകൾ ഒരുമിച്ച് നടത്തിയിരുന്നു. ജില്ലാ മേളയിലും ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. 30 കായികാധ്യാപകരും 30 സ്പോർട്സ് കൗൺസിൽ പ്രഫഷണലുകളും ചേർന്നാണ് മേള നടത്തുന്നത്. അധ്യാപകരുടെ നിസഹകരണം നിലനിൽക്കെ തന്നെ വിദ്യാർഥികളുടെ ഭാവിയെ കരുതി മേളയെ കുറ്റമറ്റതാക്കാനുള്ള ശ്രമമായിരിക്കും സംഘാടകർ നടത്തുക. മേള തട്ടിക്കൂട്ടി നടത്തില്ലെന്നും പരിമിതികൾക്കിടയിൽ നിന്ന് മികച്ച രീതിയിലാക്കാനുള്ള പരിശ്രമം നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.
ശനിയാഴ്ച രാവിലെ 9.30ന് മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ പതാക ഉയർത്തുന്നതോടെ മേളക്ക് തുടക്കമാവും. ഉദ്ഘാടനം പത്തിന് ടി. ജെ. വിനോദ് എം.എൽ.എ. നിർവഹിക്കും. പി.വി. ശ്രീനിജിൻ എം.എൽ.എ. മുഖ്യതിഥി ആയിരിക്കും.
15ന് വൈകിട്ട് നാലിന് കോതമംഗലം എം.എ. കോളജിൽ നടക്കുന്ന സമാപന സമ്മേളന ഉദ്ഘാടനവും സമ്മാന വിതരണവും ആന്റണി ജോൺ എൽ.എൽ.എ. നിർവഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് മനോജ് മൂത്തേടൻ മുഖ്യാതിഥിയാവും. മഹാരാജാസിൽ ശനിയാഴ്ച രാവിലെ 8.30ന് സീനിയർ ബോയ്സ് 800 മീറ്ററാണ് ചാമ്പ്യൻഷിപ്പിലെ ആദ്യ മത്സര ഇനം. ആദ്യദിനം 36 മത്സരങ്ങളാണ് നടക്കുക.
വാർത്താസമ്മേളനത്തിൽ ജില്ല സ്പോർട്സ് സെക്രട്ടറി എൽദോ കുര്യാക്കോസ്, കോഓഡിനേറ്റർ സി. സഞ്ജയ് കുമാർ, പബ്ലിസിറ്റി ആൻഡ് മീഡിയ കൺവീനർ ജോമോൻ ജോസ്, റിസപ്ഷൻ കമ്മിറ്റി കൺവീനർ തോമസ് പീറ്റർ, കെ.എസ്.എസ്.ടി.എഫ് ജില്ല പ്രസിഡന്റ് ആന്റണി ജോസഫ് ഗോപുരത്തിങ്കൽ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.