കൊച്ചി: കോവിഡ് പ്രതിരോധ പ്രവർത്തനത്തിെൻറ മറവിൽ കൊച്ചി കോർപറേഷനിൽ ഉദ്യോഗസ്ഥരുടെ അനധികൃത പിരിവ്. കോർപറേഷെൻറ എല്ലാ സോണൽ ഓഫിസുകളിലും പിരിവ് നടക്കുന്നുണ്ടെന്ന് ഭരണ പ്രതിപക്ഷ ഭേദമന്യേ കൗൺസിലർമാർ കൗൺസിൽ യോഗത്തിൽ ആക്ഷേപം ഉന്നയിച്ച. കൂടുതൽ ആക്ഷേപം ഉന്നയിച്ചത് ഇടപ്പള്ളി മേഖല ഓഫിസിനെ കുറിച്ചായിരുന്നു. അവിടെ ഇടനിലക്കാരാണ് കാര്യങ്ങൾ നടത്തുന്നതെന്ന് വി.കെ. മിനിമോൾ വിമർശിച്ചു. തുടർന്ന് ഉദ്യോഗസ്ഥർക്ക് എതിരെ മേയർ എം. അനിൽകുമാർ പൊട്ടിത്തെറിച്ചു. ഇത് ഉദ്യോഗസ്ഥർക്കുള്ള അവസാന താക്കീതാണെന്ന് ഓർമിപ്പിച്ച അദ്ദേഹം ഇനി നടപടിയാണ് ഉണ്ടാകുകയെന്ന് അറിയിച്ചു.
കോവിഡ് പ്രതിരോധത്തിന് മേയർ ഫണ്ട് പിരിക്കാൻ നിർദേശിച്ചിട്ടുണ്ടെന്ന് പറഞ്ഞ് ഒരു ലക്ഷം രൂപവരെ ചോദിച്ചുവാങ്ങുന്നുവെന്നാണ് ആക്ഷേപം. താൻ അത്തരമൊരു നിർദേശം നൽകിയിട്ടില്ലെന്ന് മേയർ വ്യക്തമാക്കി. ഇടപ്പള്ളി മേഖല ഓഫിസിനെക്കുറിച്ച് നേരത്തേ പരാതി ഉണ്ട്. അതേ തുടർന്ന് താഴെതട്ടിലെ ഉദ്യോഗസ്ഥരെയെല്ലാം സ്ഥലം മാറ്റിയിരുന്നു. എന്നാൽ, മുകൾത്തട്ടിൽതന്നെ ഇപ്പോൾ പരാതികൾ കൂടി. ഇനി ആക്ഷേപം കേട്ടാൽ ഉദ്യോഗസ്ഥൻ സർവിസിൽ ഉണ്ടാവില്ല. ഇടപ്പള്ളി മേഖല ഓഫിസിൽ നടക്കുന്ന കാര്യങ്ങൾ എന്താണെന്ന് പരിശോധിച്ച് ഡെപ്യൂട്ടി സെക്രട്ടറി റിപ്പോർട്ട് തരണമെന്നും മേയർ ആവശ്യപ്പെട്ടു.
മാലിന്യം തള്ളൽ: കൗൺസിൽ കമീഷണർക്ക് പരാതി നൽകും
കൊച്ചി: പൊതുവഴിയിൽ മാലിന്യം തള്ളുന്നത് ചോദ്യംചെയ്ത കൗൺസിലർ സുജ ലോനപ്പെൻറ ഭർത്താവിനും കൗൺസിലർ ജഗദാംബികക്കും മർദനമേറ്റ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കൗൺസിൽ ഏകകണ്ഠമായി പൊലീസ് കമീഷണർക്ക് പരാതി നൽകും. സംഭവത്തിൽ മേയർ പൊലീസിൽ പരാതി നൽകിയില്ലെന്ന് പ്രതിപക്ഷ നേതാവ് ആൻറണി കുരീത്തറ ഉന്നയിച്ചു.
മാലിന്യം ശേഖരിക്കുന്നതിനായി നഗരത്തിൽ കലക്ഷൻ സെൻററുകൾ വീണ്ടും വന്നതിലും കൗൺസിലിൽ പ്രതിഷേധം ഉയർന്നു. ഏറെ പ്രയാസപ്പെട്ടാണ് മുമ്പ് കലക്ഷൻ സെൻററുകൾ ഒഴിവാക്കിയത്. എന്നാൽ, പുതിയ കൗൺസിൽ വന്നതോടെ അതെല്ലാം തിരിച്ചുവന്നു.
മാലിന്യം ലോറിയിലേക്ക് കയറ്റുന്നതിനായി ഒരു സ്ഥലത്ത് കൊണ്ടുവന്നിടുകയാണ് ഇപ്പോൾ ചെയ്യുന്നത്. അതിെൻറ മറവിൽ ഇപ്പോൾ എല്ലായിടത്തും മാലിന്യം നിറയുന്ന സ്ഥിതിയായി. ഇവിടങ്ങളിൽ ജനങ്ങൾ മാലിന്യം വലിച്ചെറിയുകയാണ്. അത് അവസാനിപ്പിക്കാൻ പലയിടത്തും കൗൺസിലർമാർ പുലരുംവരെ കാവൽ നിൽക്കേണ്ട സ്ഥിതിയാണ്. കൗൺസിലർമാർക്ക് മർദനം ഏൽക്കാൻ വരെ കാരണമായ കലക്ഷൻ സെൻററുകൾ അശാസ്ത്രീയമാണെന്ന് ചൂണ്ടിക്കാട്ടി ഭരണ പ്രതിപക്ഷാംഗങ്ങൾ ഒരുപോലെതന്നെ ഇതിനെതിരെ രംഗത്തുവന്നു.
ഇക്കാര്യം ആരോഗ്യ സ്ഥിരം സമിതിയിൽ ചർച്ചചെയ്ത് തീരുമാനമെടുക്കുന്നതിന് ചെയർമാൻ ടി.കെ. അഷറഫിനെ മേയർ ചുമതലപ്പെടുത്തി.
നഗരത്തിൽ ആഫ്രിക്കൻ ഒച്ചുശല്യം രൂക്ഷമായതും കൗൺസിലിൽ ചൂടേറിയ ചർച്ചയായി. നഗരസഭ പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിനായി ജനങ്ങൾക്ക് നൽകിയ തൈകളെല്ലാം ഒച്ചുതിന്നുതീർത്തു. ഇക്കാര്യത്തിലും ഉചിതമായ തീരുമാനമെടുക്കാൻ ആരോഗ്യസ്ഥിരം സമിതിയെ മേയർ ചുമതലപ്പെടുത്തി.
എല്ലാവർക്കും ആദ്യഡോസ് വാക്‌സിൻ ഉറപ്പാക്കും
കൊച്ചി കോർപറേഷനിൽ പതിനെട്ട് കഴിഞ്ഞവർക്കെല്ലാം ആദ്യ ഡോസ് വാക്‌സിൻ ഉടൻ നൽകണമെന്ന് മേയർ പറഞ്ഞു. അതിനായി കൗൺസിലർമാർ ഡിവിഷനുകളിൽ ഇനി വാക്‌സിൻ എടുക്കാത്തവരുടെ പട്ടിക തയാറാക്കണം. അഞ്ചുദിവസത്തിനുള്ളിൽ കോർപറേഷനിൽ സമർപ്പിക്കണം. സർക്കാറിൽനിന്ന് ആവശ്യത്തിന് വാക്‌സിൻ കിട്ടാത്ത സാഹചര്യം ഉണ്ടായാൽ സ്വകാര്യ ആശുപത്രികളുടെ സഹായം തേടാമെന്നും മേയർ പറഞ്ഞു. ഇതിനായി നഗരസഭയുടെ ഫണ്ട് ഉപയോഗിക്കാം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രോഗികളെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് വാഹനക്കൂലി കൊടുക്കുന്നതിനും മറ്റുമായി കൗൺസിലർമാർക്ക് അടിയന്തരമായി 15,000 രൂപ വീതം അനുവദിക്കുമെന്ന് മേയർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.