ബോണ്ട് സർവിസ് നടത്തുന്ന ബസ്

കെ.എസ്.ആർ.ടി.സിയുടെ ബോണ്ട് സർവിസ് സൂപ്പർ ഹിറ്റ്​; ഡിപ്പോയിലെ ഏറ്റവും വരുമാനമുള്ള സർവിസായി

മൂവാറ്റുപുഴ: കോവിഡ് പ്രതിസന്ധിക്കിടെ ആരംഭിച്ച ബോണ്ട് സർവിസ് വൻ വിജയത്തിലേക്ക്. മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്ന് കാക്കനാട്ടേക്ക് ആരംഭിച്ച സർവിസാണ് ഡിപ്പോക്ക് അഭിമാനകരമായി മാറിയിരിക്കുന്നത്. സംസ്ഥാനത്തുതന്നെ ലാഭകരമായി പ്രവർത്തിക്കുന്ന ബോണ്ട് സർവിസാണിത്.

കഴിഞ്ഞ വർഷം ഒക്ടോബർ ഒന്നിനാണ് സർവിസിന് തുടക്കമായത്. 20 യാത്രക്കാരായിരുന്നു ആദ്യ ഘട്ടത്തിലുണ്ടായിരുന്നത്. എന്നാൽ, സർവിസ് തുടങ്ങി ദിവസങ്ങൾക്കകം അത് മുപ്പതിലേക്കും നാൽപതിലേക്കുമെത്തി. നിലവിൽ 55 സ്ഥിരം യാത്രക്കാരാണ് സർവിസ് ഉപയോഗിക്കുന്നത്. ആദ്യ ഘട്ടത്തിൽ യാത്രക്കാരില്ലായിരു​െന്നങ്കിലും കൃത്യനിഷ്ഠയും ഒരു ദിവസം പോലും മുടങ്ങാതെയുള്ള സർവിസും കൂടുതൽ യാത്രക്കാരെ ആകർഷിക്കുകയായിരുന്നു.

ബസ് മുടങ്ങാതെ ഓടിയതോടെ സ്വന്തം വാഹനങ്ങളിൽ പോയിരുന്നവർ അടക്കം ഇതിലേക്ക് മാറി. ഡിപ്പോയിലെ ഏറ്റവും വരുമാനമുള്ള സർവിസായി ഇത് മാറി. സർവിസ് നല്ല നിലയിലായതോടെ തൊടുപുഴ വരെ നീട്ടണമെന്ന ആവശ്യവുമുയർന്നു. ഇതോടെ സർവിസ് അവിടെ നിന്നാക്കി.

രാവിലെ 7.45 ന് മൂവാറ്റുപുഴനിന്ന്​ തൊടുപുഴക്ക് പുറപ്പെടുന്ന ബസ് 8.20നാണ് അവിടെനിന്ന് ബോണ്ട് സർവിസായി യാത്രയാരംഭിക്കുന്നത്. 8.45ന് മൂവാറ്റുപുഴയിൽ എത്തും. 8.50ന് മൂവാറ്റുപുഴനിന്ന്​ പുറപ്പെട്ട്​ കോലഞ്ചേരി പുത്തൻകുരിശ്, കരിമുകൾ വഴി 9.55 ന് കാക്കനാട് സിവിൽ സ്​​റ്റേഷനിൽ എത്തും. വൈകീട്ട് അഞ്ചിന് മടക്കയാത്ര ആരംഭിക്കുന്ന ബസ് 6.15ന് മൂവാറ്റുപുഴയിൽ എത്തും.

സ്ഥിരം യാത്രക്കാർക്ക് മാത്രമാണ് ബസിൽ പ്രവേശനം. അഞ്ചുദിവസം മുതൽ ഒരു മാസം വരെ കാലാവധിയുള്ള ട്രാവൽ കാർഡുകൾ യാത്രക്കാർക്ക് ലഭ്യമാണ്.

ബോണ്ട് യാത്രക്കാർക്ക് ഇരുചക്രവാഹനങ്ങൾ സൗജന്യമായി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ​െവക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. സ്ഥിരം യാത്രക്കാരുടെ വീടിനുമുന്നിൽനിന്നുതന്നെ ആളെ കയറ്റുമെന്ന പ്രത്യേകതയുമുണ്ട്. സർവിസ് ആരംഭിച്ചതിെൻറ വാർഷിക ദിനാചരണം 28ന് വൈകീട്ട് 4.30ന് യാത്രക്കാരുടെ നേതൃത്വത്തിൽ നടത്തുന്നതിനുള്ള ഒരുക്കവും ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - Bond service of KSRTC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.