അങ്കമാലി: മൂക്കന്നൂരിൽ ഹൈസ്കൂൾ വിദ്യാർഥികളായ മക്കൾ നോക്കി നിൽക്കെ നടുറോഡിൽ ഭാര്യയെ ഭർത്താവ് കുത്തിപ്പരിക്കേൽപിച്ചു. അവശനിലയിലായ യുവതിയെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ശ്രീമൂലനഗരം സ്വദേശിനി റിയക്കാണ് (36) കുത്തേറ്റത്. ചൊവ്വാഴ്ച രാവിലെ 10.30ഓടെ മൂക്കന്നൂർ ഫൊറോന പള്ളിക്ക് സമീപമായിരുന്നു സംഭവം.
കഴുത്തിനും വയറിനും തോളിനും കുത്തേറ്റ റിയയെ ഉടൻ മൂക്കന്നൂർ എം.എ.ജി.ജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സക്കായി അപ്പോളോ ആശുപത്രിയിലേക്ക് മാറ്റി. സംഭവശേഷം ഭർത്താവ് മൂക്കന്നൂർ സ്വദേശി പുതുശ്ശേരി വീട്ടിൽ ജിനു (46) കടന്നുകളഞ്ഞു. ജിനുവും റിയയും ഏറെനാളായി പിണങ്ങി കഴിയുകയാണ്. ഇവർക്ക് പത്തിലും എട്ടിലും പഠിക്കുന്ന രണ്ട് ആൺകുട്ടികളുണ്ട്.
ഇറ്റലിയിലായിരുന്ന റിയ കഴിഞ്ഞ ദിവസമാണ് അവധിക്ക് നാട്ടിലെത്തിയത്. കോടതിയിൽ വിവാഹമോചന കേസ് നിലവിലുണ്ട്. കോടതി ഉത്തരവ് പ്രകാരം ചൊവ്വാഴ്ച രാവിലെ റിയ മൂക്കന്നൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിലെത്തി മക്കളെ കണ്ടു. ശേഷം മക്കളോടൊപ്പം കാളർകുഴി റോഡിലെത്തിയപ്പോഴാണ് ആക്രമണം. മക്കളെ കാണരുതെന്ന് റിയക്ക് ജിനു മുന്നറിയിപ്പ് നൽകിയിരുന്നതായും അത് ലംഘിച്ചതിന്റെ വൈരാഗ്യമാണ് കത്തിക്കുത്തിൽ കലാശിച്ചതുമത്രേ. സംഭവത്തിൽ അങ്കമാലി പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.