പിണങ്ങിക്കഴിയുന്ന ഭർത്താവിന്‍റെ കുത്തേറ്റ ഭാര്യക്ക് ഗുരുതര പരിക്ക്; ആക്രമണം മക്കൾ നോക്കിനിൽക്കെ

അങ്കമാലി: മൂക്കന്നൂരിൽ ഹൈസ്കൂൾ വിദ്യാർഥികളായ മക്കൾ നോക്കിനിൽക്കെ നടുറോഡിൽ ഭർത്താവിന്‍റെ കത്തികുത്തേറ്റ ഭാര്യയെ അവശനിലയിൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ശ്രീമൂലനഗരം സ്വദേശിനി റിയക്കാണ് (36) കുത്തേറ്റത്.

ചൊവ്വാഴ്ച രാവിലെ 10.30ഓടെ മൂക്കന്നൂർ ഫൊറോന പള്ളിക്ക് സമീപമായിരുന്നു സംഭവം. കഴുത്തിനും വയറിനും തോളിനും കുത്തേറ്റ റിയയെ ഉടനെ മൂക്കന്നൂർ എം.എ.ജി.ജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആഴത്തിൽ കുത്തേറ്റതിനാൽ വിദഗ്ദ ചികിത്സക്കായി അപ്പോളോ ആശുപത്രിയിലേക്ക് മാറ്റി. റിയക്ക് ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

സംഭവത്തിന് ശേഷം ഭർത്താവ് മൂക്കന്നൂർ സ്വദേശി പുതുശ്ശേരി വീട്ടിൽ ജിനു (46) സ്കൂട്ടറിൽ കയറി രക്ഷപ്പെട്ടു. പൊലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജിനുവും റിയയും ഏറെ നാളായി പിണങ്ങി കഴിയുകയാണ്. ഇവർക്ക് പത്തിലും എട്ടിലും പഠിക്കുന്ന രണ്ട് ആൺകുട്ടികളുണ്ട്.

ഇറ്റലിയിലായിരുന്ന റിയ കഴിഞ്ഞ ദിവസമാണ് അവധിക്ക് നാട്ടിലെത്തിയത്. കോടതിയിൽ വിവാഹ മോചനക്കേസ് നിലവിലുണ്ട്. കോടതി ഉത്തരവ് പ്രകാരം ചൊവ്വാഴ്ച രാവിലെ റിയ മൂക്കന്നൂർ സെന്‍റ് മേരീസ് ഫൊറോന പള്ളിയിലെത്തി മക്കളെ കണ്ടു. ശേഷം മക്കളോടൊപ്പം കാളർകുഴി റോഡിലെത്തിയപ്പോഴാണ് കത്തിയുമായി കാത്തിരുന്ന ജിനു റിയയെ കുത്തിയത്.

മക്കളെ കാണരുതെന്ന് റിയക്ക് ജിനു മുന്നറിയിപ്പ് നൽകിയിരുന്നതായും അത് ലംഘിച്ചതിന്‍റെ വൈരാഗ്യമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നും പൊലീസ് പറയുന്നു. അങ്കമാലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - Wife seriously injured after being stabbed by husband who was arguing with her children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.