ഡോ. ജിന്റോ ജോൺ (യു.ഡി.എഫ്), മാത്യൂസ് കോലഞ്ചേരി (എൽ.ഡി.എഫ്),അഡ്വ. തങ്കച്ചൻ വർഗീസ് (എൻ.ഡി.എ)
അങ്കമാലി: നിയോജക മണ്ഡലത്തിൽ പുതുതായി രൂപംകൊണ്ട ജില്ല പഞ്ചായത്ത് ഡിവിഷനാണ് തുറവൂർ. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മറ്റൂർ, മഞ്ഞപ്ര, നീലീശ്വരം വെസ്റ്റ്, തുറവൂർ, താബോർ, പാലിശ്ശേരി എന്നിവയാണ് ഡിവിഷനിൽ ഉൾപ്പെടുന്നത്.
2020-25 തെരഞ്ഞെടുപ്പിൽ രണ്ട് ബ്ലോക്ക് ഡിവിഷൻ മാത്രമാണ് എൽ.ഡി.എഫിനെ തുണച്ചത്. ബാക്കി നാലും യു.ഡി.എഫിനൊപ്പം നിന്നു. എൽ.ഡി.എഫിൽനിന്ന് കോൺഗ്രസ് എസിലെ മാത്യൂസ് കോലഞ്ചേരിയും യു.ഡി.എഫിൽനിന്ന് കോൺഗ്രസിലെ ഡോ. ജിന്റോ ജോണുമാണ് പ്രധാനമായും ഏറ്റുമുട്ടുന്നത്. അഡ്വ. തങ്കച്ചൻ വർഗീസാണ് എൻ.ഡി.എ സ്ഥാനാർഥി.
കന്നിയങ്കം കുറിക്കുന്ന ഡോ. ജിന്റോ ജോൺ രണ്ടര പതിറ്റാണ്ടായി പാർട്ടിയുടെയും കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രസ്ഥാനങ്ങളുടെയും മുന്നണി പോരാളിയാണ്. സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. നിലവിൽ ഡി.സി.സി ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് ലോക്സഭ മണ്ഡലം ജനറൽ സെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി, കെ.പി.സി.സി ഗവേഷണ വിഭാഗം സംസ്ഥാന കോഓഡിനേറ്റർ, മാധ്യമവിഭാഗം വക്താവ് എന്നീ സ്ഥാനങ്ങളുണ്ട്.
കാലടി മാണിക്യമംഗലം കോലഞ്ചേരി കുടുംബാംഗമാണ്. 2016 മുതൽ 2021 വരെ കെ.എസ്.ആർ.ടി.സി, കേരള ക്ലെയിസ് ആൻഡ് സെറാമിക് പ്രൊഡക്ട്സ് ലിമിറ്റഡ് ഡയറക്ടർ ബോർഡ് അംഗവുമായിരുന്നു. കാലടി ഫാർമേഴ്സ് ബാങ്ക് ഭരണസമിതി അംഗവും 1995-2000ൽ കാലടി പഞ്ചായത്ത് അംഗവുമായിരുന്നു. 2005-2010ൽ അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചു. മകൻ ഷിൻ മാത്യു കാലടി പഞ്ചായത്തിലെ 10ാം വാർഡ് സ്ഥാനാർഥിയാണ്..
അഭിഭാഷകനും യോഗ പരിശീലകനും ബി.ജെ.പി നോർത്ത് ജില്ല വൈസ് പ്രസിഡന്റുമായ അങ്കമാലി കിടങ്ങൂർ സ്വദേശി തങ്കച്ചൻ വർഗീസ് നേരത്തേ ഫോർവേഡ് ബ്ലോക്ക് സംസ്ഥാന സെക്രട്ടറിയായിരുന്നു. പാർട്ടിയുടെ ഒരുഭാഗം ബി.ജെ.പിയുമായി ലയിച്ചതോടെയാണ് തങ്കച്ചൻ ബി.ജെ.പിയുടെ ഭാഗമായത്. പതഞ്ജലി യോഗാലയ ചെയർമാനും അധ്യാപകനും കവിയും ഗാനരചയിതാവുമാണ്. തങ്കച്ചന്റെ ഭാര്യയും മക്കളും യോഗാചാര്യന്മാരണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.