അങ്കമാലി കറുകുറ്റിയിൽ പിഞ്ചുകുഞ്ഞ് കൊലചെയ്യപ്പെട്ട വീട് പൊലീസ് സീൽ ചെയ്തപ്പോൾ
അങ്കമാലി: കറുകുറ്റി ചീനിയിൽ പിഞ്ചുകുഞ്ഞിന്റെ കഴുത്തറ്റുള്ള മരണത്തിൽ ദുരൂഹത. കൊലപാതകമെന്ന് സംശയിക്കുന്ന സംഭവത്തിൽ കൃത്യം ചെയ്തത് ആരെന്നും എന്തിനെന്നും എങ്ങനെയെന്നും വ്യക്തമായിട്ടില്ല. ആത്മഹത്യക്ക് ശ്രമിച്ച അമ്മൂമ്മയെ സംശയിക്കുന്നുണ്ടെങ്കിലും പൊലീസ് അന്വേഷണം മറ്റ് നിലയിലും ഊർജിതമാണ്. കറുകുറ്റി പഞ്ചായത്ത് അഞ്ചാം വാർഡിലെ എടക്കുന്ന് കരിപ്പാല സ്വദേശി ദേവസിക്കുട്ടിയുടെ വീട്ടിലാണ് ബുധനാഴ്ച പട്ടാപ്പകൽ അറുകൊല നടന്നത്.
ചെല്ലാനം സ്വദേശി ആന്റണിയുടെയും എടക്കുന്ന് സ്വദേശിനി റൂത്തിന്റെയും കൈക്കുഞ്ഞിനെയാണ് കഴുത്തറ്റ് പോകാറായ നിലയിൽ ആശുപത്രയിൽ എത്തിച്ചത്. റൂത്തിന്റെ വീട്ടിൽനിന്ന് കരച്ചിൽ കേട്ട് ഓടിക്കൂടിയ സമീപവാസികൾ ഓട്ടോയിൽ മാതാപിതാക്കളോടൊപ്പം കുഞ്ഞിനെ അപ്പോളോ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന് കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് വാർത്ത പരന്നു.
റൂത്തിന്റെ കിടപ്പുരോഗിയായ അമ്മ റോസിക്കൊപ്പമാണ് കുഞ്ഞിനെ കിടത്തിയിരുന്നത്. ഈ സമയം കുഞ്ഞിന്റെ പിതാവ് ആന്റണി ബുധനാഴ്ച ജന്മദിനം ആഘോഷിക്കുന്ന അംഗൻവാടി വിദ്യാർഥിയായ മൂത്ത മകൻ ഡാനിയേലുമായി മുറ്റത്ത് കളിക്കുകയായിരുന്നു. റൂത്തിന്റെ പിതാവ് ദേവസിക്കുട്ടിയും ഇറയത്ത് കസേരയിൽ ഇരിക്കുന്നുണ്ടായിരുന്നു. കരിപ്പാല ഭാഗത്ത് ആന്റണിയുടെ പുതിയ വീടിന്റെ നിർമാണം നടക്കുന്നതിനാൽ മാസങ്ങളായി റൂത്തിന്റെ വീട്ടിലായിരുന്നു താമസം. അടുക്കളജോലിയും കഴിഞ്ഞ് റൂത്ത് അമ്മയുടെ മുറിയിലെത്തിയപ്പോഴാണ് ചോര വാർന്നൊഴുകിയ നിലയിൽ കുഞ്ഞിനെ കണ്ടതായി പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.