കരകവിഞ്ഞൊഴുകുന്ന ചാലക്കുടിപ്പുഴ. പാറക്കടവ് മൂഴിക്കുളം പാലത്തിൽ നിന്നുള്ള ദൃശ്യം
അങ്കമാലി: 2018ലെ പ്രളയ പ്രതീതിയിൽ ചാലക്കുടിയാറ്റിൽ ജലനിരപ്പുയർന്നതോടെ തീരദേശവാസികൾ ഭീതിയിൽ. മഴ ശമനമില്ലാതെ തുടരുകയും ജലവിതാനം അഞ്ചടിയോളം ഉയരുകയും ചെയ്താൽ ചാലക്കുടിപ്പുഴ കരകവിഞ്ഞൊഴുകും. അത്തരം അവസ്ഥയിൽ ഏത് നിമിഷവും പെരിങ്ങൽക്കുത്ത് ഡാം പൂർണമായി തുറന്ന് വിടുമെന്ന ആശങ്കയിലാണ് സമീപത്തെ കുടുംബങ്ങളും കർഷകരും. കഴിഞ്ഞ ദിവസം പെരിങ്ങൽക്കുത്ത് ഡാമിന്റെ ചെറിയ ഭാഗം തുറന്നപ്പോഴേക്കും താഴ്ന്ന പ്രദേശങ്ങളിൽ പലയിടത്തും വെള്ളം കയറി. ഹെക്ടർ കണക്കിന് കൃഷിയെയും സാരമായി ബാധിച്ചിട്ടുണ്ട്.
പെരിങ്ങൽക്കുത്ത് ഡാമിന്റെ ആറ് ക്രസ്റ്റർ വാൽവുകളും 4.5 മീറ്റർ ഉയരത്തിൽ തുറന്നിട്ടിരിക്കുകയാണ്. എന്നാൽ ഒരു ക്രസ്റ്റർ വാൽവിലൂടെ വെള്ളം പുറന്തള്ളുന്നില്ല. നാല് സൂയീസ് വാൽവുകൾ തുറന്നിട്ടില്ല. എന്നാൽ മഴ ഇതേ അവസ്ഥ തുടർന്നാൽ പെരിങ്ങൽക്കുത്ത് ഡാം തുറന്ന് വിടുന്ന അസ്ഥയാണ്. തൃശൂർ ജില്ലയുടെ തീരപ്രദേശങ്ങളിലുള്ളവർക്ക് ഡാമുകൾ തുറന്ന് വിടുന്നതിന്റെ മുന്നറിയിപ്പും തീരദേശ വാസികളെ സുരക്ഷിത സ്ഥാനത്തെത്തിക്കാനുള്ള ഊർജിത നടപടികളും പുരോഗമിക്കുന്നുണ്ടെങ്കിലും തൃശൂർ ജില്ലയുടെ തെക്ക്- പടിഞ്ഞാറ് അതിർത്തി പങ്കിടുന്ന പാറക്കടവ് പഞ്ചായത്ത് പ്രദേശങ്ങളിലുള്ളവർ മുന്നറിയിപ്പ് ലഭിക്കാത്തതിനാൽ ആയിരങ്ങളാണ് ക്ലേശിക്കുന്നത്.
അതിനിടെ വൃഷ്ടി പ്രദേശത്ത് മഴ അതീവ ശക്തിയിൽ തുടരുന്നതായി സൂചനയുണ്ട്. ഈ സാഹചര്യത്തിൽ പെരിങ്ങൽകുത്ത് ഡാമിന് മുകളിലെ തൃശൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന അപ്പർ ഷോളയാർ ലോവർ ഷോളയാർ, പറമ്പിക്കുളം തുവെള്ളപ്പാരം, തൂണക്കടവ് തുടങ്ങിയ അഞ്ച് ഡാമുകളും തുറക്കും.
അത്തരം സ്ഥിതിവിശേഷം ഗുരുതര പ്രത്യാഘാതമായിരിക്കും ഉണ്ടാക്കുക. 2018ലെ മഹാപ്രളയത്തിൽ അത്തരം ഗുരുതര അവസ്ഥ അനുഭവിച്ചവരാണ് പാറക്കടവ് പഞ്ചായത്തിലെ ചാലക്കുടിപ്പുഴയിലെ തീരദേശ വാസികൾ. പെരിങ്ങൽക്കുത്തിന്റെയും, അതിന് മുകളിലെ അഞ്ച് ഡാമുകളിലേയും മഴയുമായി ബന്ധപ്പെട്ട സ്ഥിതി വിശേഷങ്ങൾ യഥാസമയം അറിയാനും മുൻ കരുതലെടുക്കാനുമുള്ള മുന്നറിയിപ്പുകൾ ഈ പ്രദേശങ്ങളിലുള്ളവരേയും യഥാസമയം അറിയിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.