ആലുവ-പെരുമ്പാവൂർ ദേശസാത്കൃത റോഡിലെ ഗതാഗതക്കുരുക്ക്
ആലുവ: ആലുവ-പെരുമ്പാവൂർ ദേശസാത്കൃത റോഡിൽ ഗതാഗതക്കുരുക്ക് ഒഴിയുന്നില്ല. ആലുവക്കും മഹിളാലയം ഭാഗത്തിനും ഇടയിലാണ് കുരുക്ക് രൂക്ഷം. വാഹന പെരുപ്പവും റോഡിന്റെ അസൗകര്യങ്ങളും അവികസിത കവലകളുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. കുറച്ചുനാളായി ആലുവ മുതൽ മഹിളാലയം വരെ പലസമയത്തും വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്ന സാഹചര്യമാണ്. മണിക്കൂറുകളോളം നിരനിരയായി വാഹനങ്ങൾ കിടക്കാറുണ്ട്. മൂന്നാർ ഭാഗത്തേക്കും മറ്റു മലയോര മേഘലകളിലേക്കുമുള്ള പ്രധാന റോഡാണിത്. ദേശീയപാത വഴി മൂന്നാറിലേക്ക് വരുന്നവരെല്ലാം കൂടുതലായും ആശ്രയിക്കുന്നത് ഈ റോഡിനെയാണ്. നിലവിലെ സാഹചര്യത്തിൽ ഇത്രയധികം വാഹനങ്ങളെ ഉൾക്കൊള്ളാനുള്ള സൗകര്യം റോഡിനില്ല. ആറുവരി പാതയെങ്കിലും വേണ്ടിടത്ത് പഴയ രണ്ടുവരി പാതയാണ് ഇപ്പോഴും. ഈ റോഡിന് പല ഭാഗത്തും വീതി കുറവുമാണ്. റോഡ് നാലുവരിയാക്കുമെന്ന് പ്രഖ്യാപനമുണ്ടായിട്ട് വർഷങ്ങളായി. എന്നാൽ, ഇതുവരെ നടപടിയുമായിട്ടില്ല.
സീപോർട്ട്-എയർപോർട്ട് റോഡിന്റെ ഭാഗമായി മഹിളാലയം തുരുത്ത് പാലങ്ങൾ വന്നതോടെയാണ് തിരക്ക് ഇരട്ടിയായത്. പാലം വന്നതോടെ ആലുവയിൽനിന്നും ശ്രീമൂലനഗരം, കാലടി, കാഞ്ഞൂർ ഭാഗങ്ങളിലേക്ക് പോകുന്നവർ യാത്ര ഇതുവഴിയാക്കി. വിമാനത്താവളത്തിലേക്കും സമീപങ്ങളിലേക്കും ധാരാളം വാഹനങ്ങളും ഇതുവഴി പോകുന്നുണ്ട്. ഈ വാഹനങ്ങളെല്ലാം തോട്ടുമുഖം കവലയിലൂടെയാണ് പോകുന്നത്. മുമ്പേ അസൗകര്യങ്ങളാൽ വീർപ്പുമുട്ടുന്ന കവലയിൽ സമീപകാലത്തായി നിരവധി കെട്ടിടങ്ങളും സ്ഥാപനങ്ങളും വന്നിട്ടുണ്ട്. ഇതിനിടയിൽ വാഹനങ്ങൾ വർധിക്കുക കൂടി ചെയ്തതോടെ കവലയിൽ കുരുക്ക് രൂക്ഷമാണ്.
സീപോർട്ട്-എയർപോർട്ട് റോഡിന്റെ രണ്ടാംഘട്ട പണികൾ ഉടൻ വേണം
ആലുവ-മൂന്നാർ റോഡ് നാലുവരിയായി വികസിപ്പിക്കുന്നതിന് പുറമെ സീപോർട്ട്-എയർപോർട്ട് റോഡിന്റെ രണ്ടാംഘട്ട പണികൾ ഉടൻ നടത്തലാണ് ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള പ്രധാന നപടി. കളമശ്ശേരി മുതൽ തോട്ടുമുഖം മഹിളാലയം വരെയുള്ള റോഡിന്റെ പണിയാണ് അടിയന്തരമായി നടത്തേണ്ടത്. എന്നാൽ, ഇക്കാര്യത്തിൽ അധികൃതർക്ക് മെല്ലെപ്പോക്ക് സമീപനമാണ്.
പത്തുവർഷയിട്ട് ഈ റോഡുമായി ബന്ധപ്പെട്ട് കാര്യമായ ഒരു നീക്കവും നടന്നില്ല. റോഡിനു വേണ്ടി സ്ഥലം കൊടുത്തവരിൽ പണം കിട്ടാത്ത നിരവധി പേരുണ്ട്. ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അതിവേഗ വികസന പരിപാടിയുടെ ഭാഗമായാണ് മഹിളാലയം-തുരുത്ത് പാലം നിർമിച്ചത്. എന്നാൽ, അനുബന്ധ റോഡ് ഇപ്പോഴും കടലാസിൽ ഉറങ്ങുകയാണ്. സ്ഥലമെടുപ്പ് ഇതുവരെ പൂർത്തിയായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.