തേക്ക് മരത്തിന് മുകളിൽനിന്ന് രക്ഷിച്ച തത്തയെ ഉടമകൾക്ക് കൈമാറുന്നു

കാണാതായ തത്തയെ തിരികെ കിട്ടി; നന്ദി പറഞ്ഞ് സാമും സൈറയും

ആലുവ: രണ്ട് ദിവസമായി വിദ്യാർഥികളായ സാമും സഹോദരി സൈറയും ഏറെ വിഷമത്തിലായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട തത്ത നഷ്‌ടപ്പെട്ടതാണ് അവരെ ദുഖത്തിലാക്കിയത്. ബുധനാഴ്ച രാവിലെ 10.30ഓടെ തത്തയെ കണ്ടെത്തിയതോടെയാണ് ഇവർക്ക് ആശ്വാസമായത്.

ബൈപാസ് കവലയിൽ പയ്യപ്പിള്ളി നിമേഷിന്‍റെ വീട്ടിലെ രണ്ട് ലക്ഷത്തിലധികം രൂപ വിലയുള്ള തത്തയാണ് തിങ്കളാഴ്ച നഷ്ടപ്പെട്ടത്. നിമേഷും ഭാര്യ ലിംസിയും മക്കളും ഓമനിച്ച് വളർത്തുന്ന ബ്ലൂ ആൻറ് ഗോൾഡ് മക്കാവു തത്ത രാവിലെ ഭക്ഷണം കൊടുക്കാൻ കൂടുതുറന്നപ്പോൾ പറന്നുപോകുകയായിരുന്നു. തുടർന്ന് നിമേഷ് തത്തയെ അന്വേഷിച്ച് പലയിടത്തും നടന്നു. പൊലീസിലും പരാതി നൽകി. ഇതിനിടെ ബുധനാഴ്ച രാവിലെ പൊലീസ് സ്‌റ്റേഷൻ പരിസരത്തുള്ള തൃക്കുന്നത്ത് സെമിനാരി വളപ്പിലെ 50 അടി ഉയരമുള്ള വലിയ തേക്കിന് മുകളിൽ ഒരു പ്രത്യേക തരത്തിലുള്ള തത്ത സമീപത്തെ ഓട്ടോറിക്ഷക്കാരന്‍റെ ശ്രദ്ധയിൽപതിഞ്ഞു. ഇക്കാര്യം സ്‌റ്റേഷൻ പരിസരത്തെ കടയിൽ പറഞ്ഞു.

തത്തയെ നഷ്‌ടപ്പെട്ട വിവരം അറിയാമായിരുന്ന കടക്കാരൻ ഉടൻ വിവരം നിമേഷിനെ അറിയിച്ചു. ഉടനെ അഗ്നി ശമന സേനയെയും മരം വെട്ട് തൊഴിലാളികളെയും വിളിച്ചുവരുത്തി. ഇരുകൂട്ടരും ചേർന്നാണ് കോണിവച്ച് കയറി തത്തയെ രക്ഷിച്ചത്. അസി. സ്‌റ്റേഷൻ ഓഫിസർ അനിൽ കുമാറിന്‍റെ നേതൃത്വത്തിലാണ് അഗ്നിശമന സേന രക്ഷാ പ്രവർത്തനം നടത്തിയത്. ഏഴുമാസം മാത്രം പ്രായമുള്ള തത്ത മുകളിലെത്തിയെങ്കിലും താഴേക്ക് പറക്കാൻ കഴിയാതെ മരത്തിൽ കുടുങ്ങുകയായിരുന്നു.

ഭക്ഷണമൊന്നും കഴിക്കാത്തതിനാൽ തീരെ അവശതയിലായിരുന്നു. തത്തയെ രക്ഷിക്കാൻ വൈകിയിരുന്നെങ്കിൽ ക്ഷീണം മൂലം ചത്തുപോകുമായിരുന്നെന്ന് അഗ്നി ശമന സേന അധികൃതർ പറഞ്ഞു.

Tags:    
News Summary - The missing parrot was found; Thanks and Sam and Cyrus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.