വ്യവസായ ശാലകൾ മൂലം മുപ്പത്തടം ഭാഗത്ത് പതിവായി അനുഭവപ്പെടുന്ന പുകശല്യം

വ്യവസായ മേഖലയിലെ പുകശല്യം മറ്റു പ്രദേശങ്ങളിലേക്കും വ്യാപിക്കുന്നു

കടുങ്ങല്ലൂർ: എടയാർ വ്യവസായ മേഖലയിലെ കമ്പനികളിൽ നിന്ന് പുറംതള്ളുന്ന പുക കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു. മുപ്പത്തടം, എടയാർ, എരമം പ്രദേശത്തെ ജനജീവിതത്തെ മാസങ്ങളായി ബുദ്ധിമുട്ടിക്കികൊണ്ടിരിക്കുന്ന പുകശല്യം കടുങ്ങല്ലൂർ പഞ്ചായത്തിൻറെ അയൽ പ്രദേശങ്ങളിലേക്കും വ്യാപിക്കുകയാണ്. രാത്രിയിലും രാവിലെയുമാണ് പുക വ്യാപകമാകുന്നത്. ആലുവ നഗരം, കരുമാലൂർ, ആലങ്ങാട്, കുന്നുകര, ചൂർണിക്കര തുടങ്ങിയ പ്രദേശങ്ങളിലെക്കുവരെ പുക എത്തുന്നുണ്ട്.

മഴക്കാറുള്ള സമയങ്ങളിലാണ് ദുരിതം കൂടുതൽ. ആ സമയങ്ങളിൽ പുക മുകളിലേക്ക് പോകാതെ ഏറെ നേരം അന്തരീക്ഷത്തിൽ തങ്ങിനിൽക്കുകയും കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയുമാണ്. രാത്രികാലങ്ങളിൽ വലിയ തോതിൽ കമ്പനിപ്പുക ഈ പ്രദേശങ്ങളിൽ വ്യാപകമാണ്. അതിരാവിലെ പുകയുടെ കാഠിന്യം വ്യക്തമായി കാണാൻ കഴിയും. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ മുപ്പത്തടത്തും സമീപ പ്രദേശങ്ങളിലും വ്യാപകമായിട്ടുണ്ട്. ചുമ, ശ്വാസം മുട്ടൽ, കണ്ണിൽ വേദനയും ചൊറിച്ചിലും തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങൾ മൂലം ദുരിതം അനുഭവിക്കുകയാണ് പ്രദേശവാസികൾ.

 പുക ശല്യത്തിന് പരിഹാരമുണ്ടായില്ലെങ്കിൽ സമീപ പ്രദേശങ്ങളിലും അർബുദ രോഗം വ്യാപിക്കുമെന്ന് നാട്ടുകാർ ഭയക്കുന്നു. ചെറുതും വലുതുമായ പല കമ്പനികളും ഇതിന് ഉത്തരവാദികളാണ്. കാലങ്ങളായുള്ള പുക ശല്യം സമീപ കാലത്ത് വർദ്ധിക്കാൻ കാരണം പഴയ ഇരുമ്പ് വസ്തുക്കൾ ഉരുക്കുന്ന സ്‌ഥാപനത്തിൻറെ പ്രവർത്തനം മൂലമാണെന്ന് ആക്ഷേപമുണ്ട്. എടയാർ വ്യവസായ മേഖലക്കു പുറത്ത്, ജനങ്ങൾ തിങ്ങി താമസിക്കുന്ന പാർപ്പിട മേഖലയിലാണ് സ്ക്രാപ്പ് ട്രീറ്റ്മെന്റ് പ്ലാൻറ് പ്രവർത്തിക്കുന്നത്. ഇരുമ്പും പ്ലാസ്‌റ്റിക്കും രാസവസ്തുക്കൾ ചേർത്ത് സംസ്ക്കരിക്കുമ്പോൾ ഉണ്ടാവുന്ന വിഷ വാതകങ്ങളാണ് അന്തരീക്ഷത്തിൽ താഴ്ഭാഗത്തായി കട്ടിയിൽ തങ്ങി നിൽക്കുന്നതത്രെ.

അന്തരീക്ഷം ഇത്രമാത്രം മലിനമാക്കുന്ന ഇത്തരം കമ്പനികൾക്കെതിരെ വേണ്ട നടപടികൾ സ്വീകരിക്കുന്നതിൽ മലിനീകരണ നിയന്ത്രണ ബോർഡും ആരോഗ്യ വകുപ്പും പഞ്ചായത്തും അനാസ്‌ഥ കാണിക്കുകയാണെന്ന് പരാതി ഉയർന്നിട്ടുണ്ട്. മുപ്പത്തടം ഭാഗത്ത് പുക ശല്യം രൂക്ഷമായപ്പോൾ ഇടത്, വലത് ജനപ്രതിനിധികൾ പി.സി.പിക്കെതിരെ സമരങ്ങൾ നടത്തിയിരുന്നു. എന്നാൽ, കാര്യമായ നടപടികളൊന്നും ഉണ്ടായില്ലത്രേ. ഇതാണ് പുക ശല്യം മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിക്കാൻ ഇടയാക്കിയത്.വ്യവസായ ശാലകൾ മാലിന്യ സംസ്കരണത്തിന് ആവശ്യമായ സുരക്ഷ മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെയാണ് പ്രവർത്തിക്കുന്നതെന്നും ആക്ഷേപമുണ്ട്.

Tags:    
News Summary - Smoke from the industrial area is spreading to other areas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.