കുരുക്കൊഴിയുന്നില്ല, ദുരിതവും; മാർത്താണ്ഡവർമ പഴയപാലം അടച്ചതോടെ ഗതാഗതക്കുരുക്കിൽ വലഞ്ഞ് ജനം
ആലുവ: മാർത്താണ്ഡവർമ പഴയപാലത്തിൽ അറ്റകുറ്റപ്പണി ആരംഭിച്ചതോടെ ദേശീയപാതയിൽ യാത്രാദുരിതം തുടരുന്നു. പണികൾക്കായി പാലം അടച്ചതിനാൽ വാഹനങ്ങൾ ഏറെ ദൂരം ഇഴഞ്ഞാണ് നീങ്ങുന്നത്. ഇതുമൂലം യാത്രക്കാർക്ക് ലക്ഷ്യസ്ഥനത്തെത്താൻ കൂടുതൽ സമയം വേണ്ടിവരുന്നു. ബുധനാഴ്ച രാവിലെയാണ് പണികൾ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ദേശീയപാതയിലും ആലുവയിലെ സമീപ റോഡുകളിലും ഗതാഗത നിയന്ത്രണവുമുണ്ട്. അതിനാൽ ദേശീയപാതയിലും സമീപ റോഡുകളിലും ഗതാഗത കുരുക്കും രൂക്ഷമാണ്. നവംബർ ആറ് വരെ 10 ദിവസമാണ് പാലം പൂർണമായും അടച്ചിടുന്നത്. ഈ ദിവസങ്ങളിലെല്ലാം ആലുവ മേഖലയിൽ ഗതാഗത നിയന്ത്രണമുണ്ട്. തിരക്കുള്ള സമയങ്ങളിൽ കിലോമീറ്ററുകളോളം വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു. ദീർഘ ദൂര യാത്രക്കാരും വിവിധ സ്ഥാപനങ്ങളിൽ ജോലിക്ക് പോകുന്നവരുമാണ് കൂടുതൽ ദുരിതമനുഭവിക്കുന്നത്. രാവിലെയും വൈകുന്നേരവുമാണ് ഗതാഗത കുരുക്ക് രൂക്ഷം. ജോലി കഴിഞ്ഞ് മടങ്ങുന്നർ ഏറെ വൈകിയാണ് വീടുകളിലെത്തുന്നത്. വലിയ ഭാരവാഹനങ്ങൾ ആലുവ വഴി കടത്തി വിടില്ലെന്നാണ് പൊലീസ് അറിയിച്ചിിക്കുന്നത്. എന്നാൽ, ചില സമയങ്ങളിൽ വലിയ ടാങ്കർ ലോറികളും കണ്ടെയ്നറുകളുമടക്കം ഭാരവാഹനങ്ങളും ആലുവ വഴി ത് ഗതാഗത കുരുക്ക് വർദ്ധിപ്പിക്കാൻ ഇടയാക്കി.
ഫലം ചെയ്യാത്ത ബലപ്പെടുത്തൽ
രാജഭരണകാലത്ത് നിർമിച്ച മാർത്താണ്ഡവർമ പാലത്തിന്റെ വീതി കുറവും മൂലം ഗതാഗതം പതിറ്റാണ്ടുകൾക്ക് മുൻപേ പ്രതിസന്ധിയിലായിരുന്നു. കാലപ്പഴക്കം മൂലം ദ്രവിച്ച് കമ്പികൾ പുറത്തുവന്ന നിലയിലായ പാലം, സമാന്തര പാലം പൂർത്തിയാകുമ്പോൾ പൊളിച്ച് പുതിയത് പണിയാനും തീരുമാനമുണ്ടായിരുന്നു. എന്നാൽ, ഈ നീക്കവും അധികൃതർ അട്ടിമറിച്ചു. പാലം പൊളിക്കേണ്ടതില്ലെന്ന് തീരുമാനിച്ച ദേശീയപാത അധികൃതർ പാലം ബലപ്പെടുത്തി വീണ്ടും ഉപയോഗിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. ഇതിൻറെ ഭാഗമായി ദ്രവിച്ച ഭാഗങ്ങളിൽ കോൺക്രീറ്റ് മിശ്രിതം കമ്പ്രസറിൻറെ സഹായത്തോടെ പിടിപ്പിച്ചു. ഇത്തരം ബലപ്പെടുത്തൽ പണികളാണ് ഇപ്പോഴും നടക്കുന്നത്. മംഗലപ്പുഴ പാലത്തിലെ തകരാറുകൾമൂലം ഈ ഭാഗത്തും പലപ്പോഴും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു.
പാതിവഴിയിൽ നിലച്ച റോഡ് വികസനം
തോട്ടക്കാട്ടുകരക്കും പറവൂർകവലക്കും ഇടയിൽ വികസനം നിലച്ചുപോയതാണ് ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് മറ്റൊരു കാരണം. രണ്ട് പതിറ്റാണ്ടോളമായി ഇവിടെ വീതി കൂട്ടുന്നതിന് സ്ഥലം ഏറ്റെടുത്തിട്ട്. എന്നാൽ, യാതൊരു തുടർ നടപടികളും ഉണ്ടായില്ല. ഇരു കവലകൾക്കുമിടയിൽ റോഡ് വളവുകളുള്ളതും കുപ്പികഴുത്ത് പോലെ നേർത്തതുമാണ്. ഇതിനാൽ ഈ ഭാഗത്ത് നിന്ന് വാഹനങ്ങൾ കടന്നുപോകാൻ ഏറെ സമയമെടുക്കുന്നുണ്ട്. ദേശീയപാതയിലെ ഗതാഗത കുരുക്ക് മൂലം ആലുവ മേഖലയിൽ മറ്റു റോഡുകളും നഗരവും കവലകളും പലപ്പോഴും നിശ്ചലമാണ്. മണിക്കൂറുകൾ കുരുക്കിൽ കിടന്നാണ് ഓരോ വാഹനവും കടന്നുപാകുന്നത്.
ആലുവയെന്നും ഗതാഗതക്കുരുക്കിൽ
ആലുവക്കാരുടെ ജീവിതം ഗതാഗത കുരുക്കിൽപെട്ട് നട്ടംതിരിയാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ദേശീയപാതയിലെ മാർത്താണ്ഡവർമ, മംഗലപ്പുഴ പാലങ്ങളാണ് പ്രശ്നങ്ങൾക്ക് പ്രധാനകാരണം. വീതി കുറവടക്കം പ്രശ്നങ്ങൾ മൂലം ഇരുപാലങ്ങളിലും പൊതുവിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. മാർത്താണ്ഡവർമ പാലത്തിന് സമാന്തരമായി പുതിയ പാലം നിർമിക്കണമെന്ന് കാലങ്ങളായി ആവശ്യമുയരുന്നുണ്ട്. എന്നാൽ, ഇതുവരെ പാലം നിർമിക്കാൻ തീരുമാനമായില്ല. വർഷങ്ങൾക്ക് മുമ്പ് ദേശീയപാത അധികൃതർ കാണിച്ച വീഴ്ചയാണ് ആലുവയിലെ പ്രശ്നങ്ങൾക്ക് പ്രധാന കാരണം. മാർത്താണ്ഡവർമ പാലത്തിന് സമാന്തരമായി കിഴക്ക് ഭാഗത്ത് ഒരു പാലം നിർമിച്ചിരുന്നു. ഇതിൻറെ പേരിൽ ദേശീയപാത നാലുവരിയാക്കിയപ്പോൾ അതിനോടനുബന്ധിച്ച് പണിയേണ്ടിയിരുന്ന പാലം ഒഴിവാക്കി.
പരിഹാരം എലിവേറ്റഡ് ഹൈവേ
ദേശീയപാതയിൽ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗത കുരുക്കിന് നിലവിൽ പ്രധാന പരിഹാര മാർഗം എലിവേറ്റഡ് ഹൈവേയാണ്. പുളിഞ്ചോട് കവലക്കും മംഗലപ്പുഴ പാലത്തിനും ഇടയിൽ ഇത്തരത്തിൽ ആകാശപാത വന്നാൽ കുരുക്ക് പാടെ ഇല്ലാതാകും. പുളിഞ്ചോട് കവലക്കും ബൈപാസ് കവലക്കും ഇടയിൽ വർഷങ്ങൾക്ക് മുൻപ് മേൽപാലം നിർമിച്ചിരുന്നു. എന്നാൽ, രണ്ട് സിഗ്നലുകൾക്കിടയിൽ നിർമിച്ച പാലംകൊണ്ട് യാതൊരു ഉപകാരവുമില്ല. ബൈപാസ് കവലയിൽ പാലം വന്നിറങ്ങുന്നതിന് തൊട്ടടുത്തായാണ് മാർത്താണ്ഡവർമ്മ പാലവും. അതിനാൽ തന്നെ മേൽപ്പാലത്തിലും എപ്പാഴും കുരുക്കാണ്. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ പുളിഞ്ചോട് കവല മുതൽ പറവൂർ കവല സെമിനാരിപ്പടി വരെ എലിവേറ്റഡ് ഹൈവേ നിർമിക്കണമെന്ന് ആവശ്യപ്പെട്ട് എം.പി, എം.എൽ.എ, നഗരസഭ തുടങ്ങിയവർ മുൻ മുഖ്യമന്ത്രി, കേന്ദ്ര മന്ത്രി തുടങ്ങിയവർക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ, ഇതുവരെ യാതൊരു നടപടിയുമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.