ബസിൽ തെറി, അടി, കല്ലേറ്... യാത്രക്കാരിയുടെ ചെവിക്ക് പിന്നിൽ മുറിവേറ്റു; സമയത്തെ ചൊല്ലി ജീവനക്കാരും മറ്റൊരു ബസുടമയും കൈയാങ്കളി

ചെങ്ങമനാട് (ആലുവ): സമയത്തെ ചൊല്ലി സ്വകാര്യ ബസ് ജീവനക്കാരനും മറ്റൊരു ബസ് ഉടമയും തമ്മിലുണ്ടായ തർക്കത്തിനിടെ യാത്രക്കാരിയായ എം.ബി.ബി.എസ് വിദ്യാർഥിനിക്ക് കല്ലേറിൽ പരിക്ക്. ഇടത് ചെവിക്ക് പിന്നിൽ മുറിവേറ്റ വിദ്യാർഥിനിയെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമല്ല. മർദനമേറ്റ കണ്ടക്ടർ ചെങ്ങമനാട് സ്വദേശിനി രാജേഷിനെ (37) ആലുവ ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അങ്കമാലി- പറവൂർ റൂട്ടിൽ സർവീസ് നടത്തുന്ന 'കാശിനാഥൻ' ബസിലെ യാത്രക്കാരിയായ ചാലാക്ക ശ്രീ നാരായണ മെഡിക്കൽ കോളജിലെ നാലാം വർഷ വിദ്യാർഥിനി ആലുവ കുട്ടമശ്ശേരി വാത്തിശ്ശേരി സക്കീറിന്റെ മകൾക്കാണ് കല്ലേറിൽ പരുക്കേറ്റത്. ഈ ബസിലെ കണ്ടക്ടറാണ് രാജേഷ്.

ഇന്ന് വൈകീട്ട് 4.25 ഓടേ പറവൂരിൽ നിന്ന് അങ്കമാലിയിലേക്കുള്ള സർവിസ് നടത്തുന്നതിനിടെ അടുവാശ്ശേരി ഭാഗത്ത് വച്ചായിരുന്നു സംഭവം. രണ്ട് ദിവസം മുമ്പ് മറ്റൊരു ബസുടമ കാശിനാഥൻ ബസ് സമയം തെറ്റിച്ച് സർവിസ് നടത്തിയെന്നാരോപിച്ച്‌ രാജേഷിനെ യാത്രക്കാർ കേൾക്കെ തെറിവിളിച്ചതായി പറയുന്നു. തിങ്കളാഴ്ച വൈകീട്ട് കുടിൽപീടികയിൽ നിന്ന് ആരോപണ വിധേയനായ ബസുടമ കാശിനാഥൻ ബസ്സിൽ കയറി. ഈ സമയം കണ്ടക്ടർ രാജേഷ് കഴിഞ്ഞ ദിവസം തെറി വിളിച്ചതിനെ ചൊല്ലി ബസുടമയുമായി തർക്കമുണ്ടാവുകയും പരസ്പരം കൈയ്യേറ്റത്തിൽ കലാശിക്കുകയും ചെയ്തു.

അടുവാശ്ശേരിയിലെത്തിയപ്പോൾ ബസുടമ ബസ്സിൽ നിന്നിറങ്ങി. അതിന് ശേഷം പുറത്ത് നിന്ന് ബസിനകത്തേക്കുണ്ടായ കല്ലേറിലാണ് വിദ്യാർഥിനിക്ക് പരുക്കേറ്റത്. ഇടത് ചെവിക്ക് പിന്നിൽ മുറിവേറ്റ വിദ്യാർഥിനിയെ സംഭവം രക്ഷിതാക്കളെ അറിയിച്ച ശേഷം ജീവനക്കാർ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പുറത്തിറങ്ങിയ ബസുടമയാണ് കല്ലെറിഞ്ഞതെന്നാണ് കാശിനാഥൻ ബസിലെ ജീവനക്കാർ പറയുന്നത്. സീറ്റിനരികിൽ ഇരിക്കുകയായിരുന്നു വിദ്യാർഥിനി. മറ്റ് യാത്രക്കാർ ബഹളം വച്ചതോടെയാണ് കല്ലേറ് നിർത്തി അക്രമി ഓടി രക്ഷപ്പെട്ടത്. ജീവനക്കാർ ചെങ്ങമനാട് പൊലീസിൽ പരാതി നൽകി.

Tags:    
News Summary - woman injured in bus violence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.