ഓപറേഷൻ തൂഫാൻ: വലവിരിച്ച് പൊലീസ്; ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികൾ കണ്ടെടുത്തു
ആലുവ: ഓപറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് റൂറൽ ജില്ലയിൽ വ്യാപക പരിശോധനയുമായി പൊലീസ്. രാസലഹരിയുമായി ആറ് പേർ പിടിയിലായി. ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികൾ കണ്ടെടുത്തു. ചെങ്ങമനാട് 1.96 രാസ ലഹരിയുമായി രണ്ടുപേരാണ് പിടിയിലായത്. കരുമാലൂർ തടിക്കടവ് കൂട്ടുങ്ങപറമ്പിൽ വീട്ടിൽ ഇബ്രാഹിം (37), കരുമാലൂർ വല്യപ്പൻപടി മേപ്പന വീട്ടിൽ ബിനു ആന്റണി (37) എന്നിവരാണ് ചെങ്ങമനാട് പൊലീസിന്റെ പിടിയിലായത്. സിപ്പ് കവറിൽ വില്പനക്കായി കൊണ്ടുവന്നപ്പോഴാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.
പാന്റ്സിന്റെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു രാസലഹരി കണ്ടെത്തിയത്. പറമ്പയം ഭാഗത്ത് പാർക്ക് ചെയ്ത കാറിലായിരുന്നു ഇരുവരും. ഞാറയ്ക്കൽ കാളമുക്ക് ഭാഗത്ത് ഓട്ടോ റിക്ഷയിൽ എത്തിയ ആളിൽ നിന്നും 3.450 ഗ്രാം എം.ഡി.എം.എ പിടികൂടി. നായരമ്പലം വെളിയത്താംപറമ്പ് തൂമ്പുങ്ങൽ വീട്ടിൽ അഥീൻ (25) ആണ് ഞാറക്കൽ പൊലീസിന്റെ പിടിയിലായത്. ബാഗിൽ രണ്ട് സിപ്പ് ലോക്ക് കവറിലായി ഒളിപ്പിച്ച നിലയിലായിരുന്നു.
ബിനാനിപുരം എടയാറിൽ നിന്നാണ് മൂന്നു ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേരെ അറസ്റ്റ് ചെയ്തത്. ബിനാനിപുരം എടയാർ ചെന്നാമ്പിള്ളി മുഹമ്മദ് സാലിഖ് (34) എരമം കേളന്റെ പറമ്പിൽ അബ്ദുൽ മുഹാദ് ( 34) എന്നിവരെയാണ് ബിനാനിപുരം പൊലീസ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് സാലിക്കിന്റെ എടയാറുള്ള വീട്ടിൽ നിന്നാണ് രാസലഹരി പിടികൂടിയത്. അലമാരിയിൽ പ്രത്യേക കവറിൽ പൊതിഞ്ഞ നിലയിൽ ആയിരുന്നു കണ്ടെത്തിയത്. ഇയാൾക്ക് എം.ഡി.എം.എ നൽകിയത് അബ്ദുൽ മുഹാദ് ആണ്. ഹെറോയിനുമായി ആസാം നൗഗോൺ സ്വദേശി സദ്ദാം ഹുസൈൻ (25) നെ കുറുപ്പുംപടി പൊലീസ് പിടികൂടി. മനയ്ക്കപ്പടി പുത്തൂരം കവലയിലുള്ള ഇയാൾ താമസിക്കുന്ന വീട്ടിൽ നിന്നുമാണ് ഒരു സോപ്പുപെട്ടി നിറയെ ഹെറോയിനുമായി കസ്റ്റഡിയിലെടുത്തത്.
പെരുമ്പാവൂരിൽ 4.5 ഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിലായി. അയ്യമ്പുഴയിൽ പോസ്റ്റോഫീസ് ജങ്ഷൻ ഭാഗത്തെ ആൾതാമസമില്ലാത്ത വീട്ടുവളപ്പിൽ നിന്നുമാണ് മൂന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. പരിശോധനയുമായി ബന്ധപ്പെട്ട് നിരവധിപേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ജില്ല പൊലീസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിൽ ശനിയാഴ്ച പുലർച്ചെ ആരംഭിച്ച പരിശോധന രാത്രിയിലും തുടരുകയാണ്. ഇതിന്റെ ഭാഗമായി വാഹന പരിശോധനയും നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.